പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
തത്ത്വമസി (അത് നീയാകുന്നു) എന്ന മഹാവാക്യത്തില്‍ ജീവന്റെയും ഈശ്വരന്റെയും വിരുദ്ധഭാവങ്ങളെ വിട്ട് അത്, നീ എന്നിവയുടെ ഐക്യം പറയുന്നതിന്റെ പൊരുളാണ് ഈ ദൃഷ്ടാന്തത്തില്‍ അവതരിപ്പിക്കുന്നത്. ഇത് ‘സോയം ദേവദത്തഃ ( ആ ദേവദത്തനാണ് ഇവന്‍) എന്ന് ലോകര്‍ വ്യവഹരിക്കാറുള്ള ഒരു വാക്യത്തിലൂടെ ശ്രീശങ്കരന്‍ വ്യക്തമാക്കിത്തരുകയാണ്.
സ ദേവത്തോfയമിതീഹ ചൈകതാ
യഥാ തഥാ……….
(വിവേകചൂഡാമണി 248)
ആ ദേവദത്തനാണ് ഇവന്‍ എന്നതില്‍ എപ്രകാരമാണോ ‘ആ’ ‘ഇവന്‍’ എന്നീ ഭിന്നതവിട്ട് ദേവദത്തനിഷ്ഠമായ ഏകത്വം നിലനില്‍ക്കുന്നത് അപ്രകാരം തന്നെയാണ് തത്ത്വമസിയിലും.
‘സോയം ദേവദത്തഃ (ആ ദേവദത്തനാണ് ഇവന്‍) എന്ന് ഒരാളെ പരിചയപ്പെടുത്തിക്കൊണ്ടു നാം പറയാറുണ്ട്. ഈ വാക്യത്തില്‍ സഃ (ആ) എന്ന പദം താന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ച ഒരാളിന്റെ കാര്യം ഓര്‍മ്മിപ്പിക്കുകയാണ്. അയം (ഇവന്‍) എന്ന വാക്ക് മുന്നില്‍ നില്‍ക്കുന്ന ആളിനെ ഉദ്ദേശിച്ചുള്ളതുതന്നെ. സഃ(ആ) എന്ന പദവും …… (ഇവന്‍) എന്ന പദവും ദേവദത്തന്‍ എന്ന പദവുമായി ബന്ധപ്പെടുമ്പോള്‍ മുമ്പ് സൂചിപ്പിച്ചിരുന്ന ആളും ഇപ്പോള്‍ മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്ന ആളും ഒന്നാണെന്ന് കിട്ടുന്നു. തന്മൂലം ആ ദേവദത്തന്‍ ഈ ദേവദത്തന്‍ അല്ലാതെ മറ്റാരും അല്ലെന്നുകിട്ടുന്നു. വാസ്തവത്തില്‍ സഃ (അവന്‍) എന്നതും അയം (ഇവന്‍) എന്നതും ഒന്നാണെന്ന് പറയുമ്പോള്‍ അതായത് ഐക്യം പ്രതിപാദിക്കുമ്പോള്‍ ‘സഃ’ ‘അയം’ എന്നതിലെ ഭിന്നത ഉപേക്ഷിക്കുകയാണ് ചെയ്തത്.
‘സഃ’ (അവന്‍) ആ ദേശത്തും ആ കാലത്തും ഉള്ളതായിരുന്നു. ഇപ്പോഴത്തെ ദേശം ആ ദേശമല്ല; കാലവും ആ കാലമല്ല. അയം (ഇവന്‍) എന്നത് മുന്നില്‍ നില്‍ക്കുന്നതിനെ ഉദ്ദേശിച്ചാണ് അതുകൊണ്ട് ഇപ്പോഴുള്ള ദേശവും കാലവുമാണ് ബോദ്ധ്യപ്പെടുന്നത്. ഇപ്രകാരം സഃ(അവന്‍) എന്നതിനും അയം (ഇവന്‍) എന്നതിലും ദേശകൃതവും കാലകൃതവുമായ ഭിന്നതയുണ്ട്. ഈ ഭിന്നത ഉപേക്ഷിച്ചിട്ടാണ് സോയം ദേവദത്തഃ എന്നതിലെ ഐക്യം പ്രതിപാദിച്ചത്.
മുന്‍പത്തെ അറിവും ഇപ്പോഴത്തെ അറിവും ഒന്നാണെന്ന നിലയില്‍ മുന്‍പുണ്ടായിരുന്നത്. ഇപ്പോഴുള്ളത് എന്ന ഭേദം വിട്ടുള്ള ഒരു തിരിച്ചറിവാണ് ഇതിലൂടെ കിട്ടിയത്. ഇതിനെ ‘പ്രത്യഭിജ്ഞാ’ എന്നാണ് ശാസ്ത്രത്തില്‍ വ്യവഹരിക്കാറുള്ളത്. ഇതുപോലെ ‘തത്ത്വമസി’ എന്ന മഹാവാക്യത്തിലും തത് (അത് – പരമാത്മാവ്) ത്വം (ജീവാത്മാവായ നീ) അസി (തന്നെ ആകുന്നു) എന്നു ധരിക്കണം ഇവിടെ ജീവ-ബ്രഹ്മ ഐക്യമാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്താണ് ‘തത്’
‘ത്വം’ ഇവയിലെ ഭേദം എന്നത് ഒന്നുകൂടി സൂചിപ്പിക്കാം. ‘തത്’ എന്ന ഈശ്വരന്‍ മായോപാധിയോട് ചേര്‍ന്നതാണ് ‘ത്വം’ എന്ന ജീവാത്മാവ് – പഞ്ചകോശോപാധികം തന്നെ. ഇപ്രകാരം ഉപാധികൃതമായ ഭേദം ‘തത്’ ‘ത്വം’ എന്നിവയില്‍ ഉണ്ട്. ‘തത്’ (പരമാത്മാവ്) കാരണോപാധിയും സമ്പൂര്‍ണ്ണനും ആണ്. ‘ത്വം’ (ജീവാത്മാവ്) കാര്യോപാധിയും അല്പനുമാണ്. ഈ ഭിന്നതയെ കാണിക്കുന്ന ഉപാധിയെ ഉപേക്ഷിച്ചാല്‍ പിന്നെ രണ്ടിലും അവശേഷിക്കുന്നത് ‘ചിത്’ മാത്രമാണ്.
ഇപ്രകാരം ചിന്മാത്രമായ ഏകമായി തീരും. ഇത് ജീവേശ്വരന്മാരുടെ പൃഥക്ഭാവമില്ലാത്ത അനുഭൂതിയാണ്. ഇവിടെ അറിയപ്പെടുന്നവന്‍, അറിവ്, അറിയുന്നവന്‍ എന്നിവ ഒന്നും ഇല്ല. ‘ശിവഃ കേവലോഹം’ എന്ന ലയത്തിന്റെ അനുഭൂതിമാത്രം. ഇപ്രകാരം ദേശകൃതവും കാലകൃതവുമായ ഭേദത്തെ വെടിഞ്ഞ് ‘ആ ദേവദത്തന്‍ തന്നെയാണ് ഈ ദേവദത്തന്‍’ എന്ന് ധരിച്ചതുപോലെ ഉപാധിരൂപങ്ങളായ ഭേദങ്ങളെ വെടിഞ്ഞ് ജീവേശ്വരൈക്യം ധരിച്ചുകൊള്ളണം എന്നാണ് പ്രകൃത ദൃഷ്ടാന്തത്തിലൂടെ ആചാര്യന്‍ നമുക്ക് ബോദ്ധ്യമാക്കിത്തരുന്നത്.
Discussion about this post