തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കും. ഇതുസംബന്ധിച്ച് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പഠിക്കാനായാണ് സമിതിയെ നിയോഗിക്കുന്നത്. പശ്ചിമഘട്ട സംരംക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിന്റേതാണ് തീരുമാനമുണ്ടായത്.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ജീവിതസുരക്ഷിതത്വവും സര്‍ക്കാരിന് മുഖ്യമാണ്, അതിനാല്‍ സമവായത്തിലൂടെ പ്രശ്‌നപരിഹാരമെന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏറ്റവും പരിസ്ഥിതി ദുര്‍ബലമെന്ന് കമ്മിറ്റി കണ്ടെത്തിയ 123 വില്ലേജുകളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കും. കര്‍ഷകസംഘങ്ങളുടേയും പരിസ്ഥിതി സംഘങ്ങളുടേയും യോഗം പ്രത്യേകം ചേരും. കമ്മിറ്റി നിര്‍ദേശങ്ങളുടെ കരട് പൂര്‍ത്തിയായാല്‍ ഉടന്‍ മലയാളത്തിലാക്കി വില്ലേജ് ഓഫീസുകളലധികം പ്രദര്‍ശിപ്പിക്കുമെന്നും മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും കേരളം മറുപടി നല്‍കിയിട്ടില്ല.
സിപിഐ(എം) അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികള്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. സിപിഐ അവരുടെ നിര്‍ദേശങ്ങള്‍ എഴുതി നല്‍കി. ബിജെപി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സോളാര്‍ സമരങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ ബഹിഷ്‌ക്കരിക്കുന്നതിലാണ് ഇടതു പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കാത്തത്.
പശ്ചിമ ഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനായി ഉന്നത തല സമിതി രൂപീകരിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പശ്ചിമഘട്ട മേഖലയിലെ 37 ശതമാനം മേഖലയും സംരക്ഷിക്കുന്നതിനുള്ള വിജ്ഞാപനത്തിന്റെ കരടില്‍ പൊതുജനാഭിപ്രായം തേടിയതിനുശേഷം ഇവ നടപ്പാക്കുന്നതിനായാണ് ഉന്നതതല സമിതി രൂപീകരിക്കുന്നത്.
Discussion about this post