ബാംഗ്ലൂര്‍: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസ കോശ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1943ല്‍ തമന്ന എന്ന ചിത്രത്തില്‍ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച മന്നാഡെ ഹിന്ദി, ബംഗാളി തുടങ്ങി ഒമ്പത് ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടിലേറെ സിനിമാ ഗാന രംഗത്ത് സജീവമായ മന്നാഡേ അവസാനമായി പാടിയത് നാനാ പടേക്കറിന്റെ ‘പ്രഹര്‍’ എന്ന ചിത്രത്തിലാണ്.
‘ഏ മേരി സൊഹ്‌റജബീന്‍..’, ‘പുച്ചോ ന കൈസേ..’, ‘പ്യാര്‍ ഹുവാ ഇക്‌റാര്‍ ഹുവാ..’, ‘എക് ചതുര്‍ നാര്‍..’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ നെഞ്ചിലേറ്റുന്നു.
മലയാളത്തില്‍ ആദ്യമായി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ചെമ്മീനിലെ ‘മാനസമൈനേ വരൂ’ എന്ന നിത്യഹരിത വരികള്‍ മലയാളികള്‍ ഇന്നും താലോലിക്കുന്നു. വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന ആ ഹിറ്റ്ഗാനത്തിലൂടെയാണ് മന്നാഡേ മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്. ചെമ്മീനിലെ ഗാനം കൂടാതെ നെല്ലി സിനിമയിലാണ് അദ്ദേഹം മലയാളത്തിനു വേണ്ടി പാടിയത്. ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ ഇംഗ്‌ളീഷിലും ഹിന്ദിയിലും മൊഴിമാറ്റി പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post