ശബരിമല: ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പമ്പയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വികസനപ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പിന്റെ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകരുത്. സംസ്ഥാനത്തിന്റെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഭക്തരാണു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്നത്.
കഴിഞ്ഞ തീര്‍ഥാടന കാലത്തെ ക്രമീകരണങ്ങള്‍ തൃപ്തികരമായിരുന്നു. ഇത്തവണ തീര്‍ഥാടനം വിജയകരമാക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭരണികള്‍ തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട് അടിയന്തര സ്ഥിതി ഉണ്ടായാല്‍ ഇക്കാര്യം പോലീസ്, ഫയര്‍ഫോഴ്സ്, ജില്ലാ ഭരണകൂടം എന്നിവയെ മുന്‍കൂട്ടി അറിയിക്കണം. അടിയന്തരഘട്ടമുണ്ടായാല്‍ നാവിക സേനയുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീര്‍ഥാടകര്‍ക്കു കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ശബരിമല മാസ്റര്‍ പ്ളാനിനായി 65 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിന് ബജറ്റില്‍ അഞ്ചു കോടി രൂപ അനുവദിച്ചു.
നിലയ്ക്കല്‍ കുടിവെള്ള വിതരണത്തിനായി 75 കോടി രൂപയുടെ വിപുല പദ്ധതി തയ്യാറാക്കി കഴിഞ്ഞെന്നും ധനസഹായം കണ്ടെത്തുന്നതിന് ശ്രമം തുടങ്ങിയതായും യോഗത്തില്‍ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ശബരിമല-പമ്പ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു. നിലവില്‍ ശബരിമലയില്‍ എത്തിച്ചിരുന്ന അഞ്ച് ദശലക്ഷം ലിറ്റര്‍ ശുദ്ധജലം കൂടാതെ പ്രതിദിനം ഏഴ് ദശലക്ഷം ലിറ്റര്‍ ജലം കൂടി എത്തിക്കാന്‍ കഴിയും.
ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്, അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ, പി.സി.വിഷ്ണുനാഥ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, അംഗം സുഭാഷ് വാസു, ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ പി.വേണുഗോപാല്‍, പൊതുഭരണ-ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, എഡിജിപി എ.ഹേമചന്ദ്രന്‍, പത്തനംതിട്ട ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എം.ജെ.ജയസിംഗ്, കോട്ടയം ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍, ഇടുക്കി കളക്ടര്‍ അജിത്ത് പാട്ടീല്‍, അയ്യപ്പസേവാസംഘം പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ അഡ്വ.എ.സുരേഷ് കുമാര്‍, റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍, ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ചെറിയാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.കെ.പ്രതാപന്‍, പ്രദീപ്കുമാര്‍, രാജമ്മ പുഷ്പാംഗദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post