കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരിക്കേറ്റു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെയായിരുന്നു കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്‍റെ വലതു ഭാഗത്തെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്തായി മുറിവേറ്റിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇന്നോവ കാറിലെ പിന്‍സീറ്റില്‍ വലതു വശത്തായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ഉമ്മന്‍ ചാണ്ടിയെ കൂടാതെ മന്ത്രി കെ.സി. ജോസഫും, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖുമുണ്ടായിരുന്നു.
പോലീസ് അസോസിയേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കായിക മേള നടക്കുന്ന പോലീസ് മൈതാനത്തിന് ചുറ്റും നിരവധി ഇടതുമുന്നണി പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു. മൈതാനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കവാടങ്ങളും ഇടത് പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസ് എല്ലാ കവാടങ്ങളിലും വൈകിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തി.
അക്രമണത്തെ പോസിറ്റീവായി കാണുന്നു: ഉമ്മന്‍ ചാണ്ടി
അക്രമണത്തെ പോസിറ്റീവായിട്ടാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലുണ്ടായ കല്ലേറില്‍ പരിക്കേറ്റശേഷമുള്ള ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമണത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അതിനെയും താന്‍ പോസിറ്റീവായിട്ടാണ് കാണുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യാന്‍ ശ്രമിക്കും- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post