പാറ്റ്‌ന: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ഹുങ്കാര്‍ റാലിക്കു മുന്‍പായി ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ സ്‌ഫോടന പരമ്പര. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നു.
റാലി നടക്കുന്ന മൈതാനത്തിനു ചുറ്റുവട്ടത്ത് ഏഴു തവണയാണ് സ്‌ഫോടനമുണ്ടായത്. രാവിലെ ഒന്‍പതുമണിയോടെ പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ ടോയ്‌ലെറ്റിലാണ് ആദ്യ രണ്ടു സ്‌ഫോടനങ്ങള്‍ നടന്നത്. 10 – ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന സ്‌ഫോടനത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
ആദ്യ സ്‌ഫോടനം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സമീപത്തു തന്നെയുള്ള സിനിമ തിയേറ്ററിനു സമീപവും സ്‌ഫോടനമുണ്ടായി. തുടര്‍ന്ന് റാലി നടക്കുന്ന മൈതാനത്തിനു ചുറ്റും അഞ്ചു തവണ ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റാലിയില്‍ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോഡി മൈതാനത്ത് എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് സ്‌ഫോടനമുണ്ടായത്.
സംഭവസ്ഥലത്ത് നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ പോലീസ് കണ്‌ടെടുത്ത് നിര്‍വീര്യമാക്കി. തുടര്‍ന്ന് റാലി നടക്കുന്ന സ്ഥലത്തിന് ചുറ്റും സ്‌ഫോടനങ്ങള്‍ നടന്നു. ഇവിടെ നാല് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങല്‍ താരതമ്യേന ശക്തി കുറഞ്ഞവയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് കണ്‌ടെടുത്തവയെല്ലാം നാടന്‍ ബോംബുകളാണെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി എന്‍ഐഎയുടെ ഏഴംഗ സംഘം പാറ്റ്‌നയിലേക്ക് തിരിച്ചിട്ടുണ്ട്.
സ്‌ഫോടന പരമ്പര നടന്നെങ്കിലും ബിജെപിയുടെ ഹുങ്കാര്‍ റാലി നിശ്ചയിച്ചതുപോലെ നടന്നു. നരന്ദ്രമോഡി റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. എന്നാല്‍ സ്‌ഫോടനം നടന്നതിനെപ്പറ്റി കാര്യമായി യാതൊന്നുംതന്നെ അദ്ദേഹം സംസാരിച്ചിട്ടില്ല..
Discussion about this post