ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ മെഹബൂബ് നഗറില്‍ വോള്‍വോ ബസ്സിന് തീപിടിച്ചു. 42 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ജബ്ബാര്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടത്. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്.
ബസ്സില്‍ 49 പേര്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ അധികവും ഹൈദരാബാദ് സ്വദേശികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ദീവാപലി ആഘോഷങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചവരാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. ബസ്സിന്റെ ഉടമസ്ഥരുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ്സിന്റെ ഡീസല്‍ ടാങ്ക് കലുങ്കിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു.
മിക്ക യാത്രക്കാരും ഉറക്കമായിരുന്നു. അതിനാല്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ബസ്സില്‍ അകപ്പെട്ടുപോയി. മാത്രമല്ല വോള്‍വോ ബസ് ആയിരുന്നതിനാല്‍ ഗ്ലാസ് തകര്‍ത്ത് മാത്രമേ രക്ഷപ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇതും മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി. അഞ്ചു പേര്‍ക്കു മാത്രമാണ് ബസ്സില്‍ നിന്ന് ചില്ല് തകര്‍ത്ത് സ്വയം പുറത്തുകടക്കാന്‍ കഴിഞ്ഞത്. രക്ഷപ്പെട്ടവരില്‍ ബസ്സിന്‍റെ ഡ്രൈവറും ക്ലീനറും ഉള്‍പ്പെടുന്നു. ഇവര്‍ക്കും പൊള്ളലേറ്റു. ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post