വിഴിഞ്ഞം തുറമുഖം എന്ന ആശയം ഉദിച്ചത് രാജഭരണകാലത്താണ്. എന്നാല്‍ അന്ന് അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകളുടെ കാലത്തെല്ലാം വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച് ആലോചന നടന്നെങ്കിലും അത് ഒരിടത്തും എത്തിയില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എം.വി. രാഘവന്‍ തുറമുഖവകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കം ആരംഭിച്ചത്. തുടര്‍ന്നുവന്ന ഇടതു സര്‍ക്കാരിന്റെ കാലത്ത് ഈ വകുപ്പ് കൈകാര്യം ചെയ്ത എം. വിജയകുമാര്‍ തലസ്ഥാനവാസിയെന്ന നിലയില്‍ക്കൂടി വ്യക്തിപരമായി ഈ പദ്ധതിയെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കി. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്്. പക്ഷേ ഈ പദ്ധതിയെ ഏതൊക്കെയോ ശക്തികള്‍ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യം രഹസ്യവുമല്ല.
കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് വളരെ അടുത്താണ് വിഴിഞ്ഞം സ്ഥിതിചെയ്യുന്നത്. മാത്രമല്ല പ്രകൃതിദത്തമായ ആഴമുള്ളതുകൊണ്ട് ലോകത്തെ ഏതു വലിയ കപ്പലിനും ഇവിടെ അടുക്കാന്‍ കഴിയും. ഇപ്പോള്‍ സിംഗപ്പൂരിലും ദുബായിലും ചരക്കിറക്കി ചെറിയ കപ്പലുകളില്‍ കയറ്റിയാണ് ഭാരതത്തിലെ വിവിധ തുറമുഖങ്ങളിലേക്കു കൊണ്ടുവരുന്നത്. കയറ്റുമതിയും അപ്രകാരം തന്നെ. വിഴിഞ്ഞം പൂര്‍ണ്ണരൂപത്തിലായാല്‍ വിദേശനാണ്യം തന്നെ ദശലക്ഷക്കണക്കിന് ഡോളര്‍ ലാഭിക്കാന്‍ കഴിയും.
വിഴിഞ്ഞം തുറമുഖത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സിംഗപ്പൂരിലെയും ദുബായിലെയും ലോബികളാണെന്ന് പറഞ്ഞുകേട്ടിരുന്നു. പിന്നീട് തൂത്തുക്കുടി തുറമുഖം വിപുലീകരിക്കാനായി തമിഴ്‌നാടാണ് പദ്ധതി തുരങ്കം വയ്ക്കുന്നതെന്നും ആരോപണമുയര്‍ന്നു. ഇതിലൊക്കെ യാഥാര്‍ത്ഥ്യമില്ലാതില്ല. എന്നാല്‍ ഇതിനെക്കാളൊക്കെ അതീവഗൗരവമുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഴിഞ്ഞം പ്രദേശത്ത് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകളുടെ ഉടമകളാണ് പദ്ധതിക്കു പാരപണിയാന്‍ കോടികളുമായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരദേശ നിയമം ലംഘിച്ചുകൊണ്ട് പണിഞ്ഞവയാണ് റിസോര്‍ട്ടുകളെല്ലാം. കടല്‍ത്തീരം കൈയേറിയാണ് എല്ലാ റിസോര്‍ട്ടുകളും നിര്‍മ്മിച്ചിരിക്കുന്നതെന്നു മാത്രമല്ല, ജനങ്ങള്‍ക്ക് അവിടേക്കു പോകാന്‍ മാര്‍ഗ്ഗങ്ങളും അടഞ്ഞനിലയിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പച്ചക്കൊടി കിട്ടിയാല്‍ ഈ റിസോര്‍ട്ടുകളെല്ലാം ഇടിച്ചുനിരത്തേണ്ടിവരുമെന്നുറപ്പാണ്. ഇക്കാരണമാണ് വിഴിഞ്ഞം പദ്ധതിയെ തടയുന്നതിനു പിന്നില്‍ റിസോര്‍ട്ട് ലോബിയെ പ്രേരിപ്പിച്ച ഘടകം.
സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം. ഇതുപോലെ പ്രകൃതിദത്തമായ മറ്റൊരു തുറമുഖം ഭാരതത്തിന്റെ നീണ്ടുകിടക്കുന്ന കടലോരങ്ങളില്‍ ഒരിടത്തും നിര്‍മ്മിക്കാന്‍ സാധ്യമല്ല എന്ന് അറിയുമ്പോഴാണ് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് പണിതുയര്‍ത്തിയ ഏതാനും റിസോര്‍ട്ടുകള്‍ക്കുവേണ്ടി രാജ്യതാല്‍പ്പര്യം ബലികഴിക്കാന്‍ പാടില്ല. ഈ പദ്ധതിക്ക് ഇനി പരിസ്ഥിതി പ്രത്യാഘാതം സംബന്ധിച്ച വിദഗ്ധ സമിതിയുടെ പച്ചക്കൊടിയാണ് വേണ്ടത്. നവംബര്‍ 21നു ചേരുന്ന സമിതി ഇക്കാര്യം പരിശോധിക്കും. എന്നാല്‍ ഇതിന് തുരങ്കംവയ്ക്കാനുള്ള നീക്കം നടക്കുമെന്നുറപ്പാണ്. കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കരുതിയിരിക്കണം.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം ഒരേ മനസ്സോടെ മുന്നോട്ടുപോകണം. അതിലൂടെ തിരുത്തിയെഴുതുന്നത് ഒരു നാടിന്റെ തലവരയാണ്.
Discussion about this post