തിരുവനന്തപുരം: എല്ലാ ജില്ലകളിലും മെഡിക്കല്‍കോളേജുകള്‍ തുടങ്ങേണ്ടത് ആവശ്യമാണെന്നും സര്‍ക്കാര്‍ ഈ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 100 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ എട്ട് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളേജ് വരെയുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖേന ആരോഗ്യരംഗത്തെ സേവനങ്ങള്‍ കാര്യക്ഷമതയോടെ ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരോഗ്യമേഖലയിലെ ഒരു പ്രധാന ചുവടുവയ്പാണ്. 800 കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ കെട്ടിടത്തിനായി സ്ഥലം തന്ന പഞ്ചായത്തുകളിലെ 100 ഉപകേന്ദ്രങ്ങളുടെ നിര്‍മാണപ്രവര്‍ത്തനമാണ് ഉടന്‍ ആരംഭിക്കുക. എല്ലാ കുടുംബങ്ങള്‍ക്കും ഫലവത്തായ ചികിത്സ നല്‍കാനുതകുന്ന ഒരു പദ്ധതി കേന്ദ്രസഹായത്തോടെ നടപ്പാക്കേണ്ടതുണ്ട്. ആരോഗ്യത്തിനുളള അവകാശം (റൈറ്റ് ടു ഹെല്‍ത്ത്) നടപ്പാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വെളളയമ്പലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. സമഗ്രആരോഗ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 12 ജില്ലകളില്‍ ഏഴ് കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വീതവും ഇടുക്കി, വയനാട് ജില്ലകളില്‍ എട്ട് ഉപകേന്ദ്രങ്ങള്‍ വീതവും ആദ്യഘട്ടത്തില്‍ തുടങ്ങാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 100 ദിവസം കൊണ്ട് 100 ഉപകേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ഇതിനാവശ്യമായ തുകയുടെ 20 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും 80 ശതമാനം ആരോഗ്യവകുപ്പുമാണ് ചെലവഴിക്കുക. സമഗ്രആരോഗ്യപദ്ധതിയുടെ ഭാഗമായി 250 പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ലബോറട്ടറികള്‍ തുടങ്ങുന്നതും ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ നല്‍കുന്നതും ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
250 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ലബോറട്ടറികളുടെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. 2013-14 ല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍നിന്ന് 300 കോടി രൂപയോളം ആരോഗ്യമേഖലയില്‍ വിനിയോഗിക്കുമെന്നും വരും വര്‍ഷങ്ങളില്‍ ഈ വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി, ഒ.ആര്‍.സി. (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചൈല്‍ഡ്) തുടങ്ങി സാമൂഹ്യനീതി വകുപ്പും ആരോഗ്യവകുപ്പും കൈകോര്‍ക്കാവുന്ന കൂടുതല്‍ മേഖലകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെലിറേഡിയോളജി സേവനവുമായി ബന്ധപ്പെട്ട് എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡും കെ.എം.എസ്.സി.എല്ലും തമ്മിലുളള ധാരണാപത്രം ചടങ്ങില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കേരളമെഡിക്കല്‍സര്‍വീസസ് കോര്‍പ്പറേഷന്റെ സംഭാവനയായി നല്‍കിയ 25 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. കാരുണ്യകമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഓണം സമ്മാനപദ്ധതി കൂപ്പണ്‍ നറുക്കെടുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിശിഷ്ടാതിഥിയായിരുന്നു. എം.എല്‍.എ. മാരായ വര്‍ക്കല കഹാര്‍, പാലോട് രവി, ആര്‍. സെല്‍വരാജ്, എന്‍.ആര്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. എം. ബീന, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post