സിവില്‍ സര്‍വീസ് മേഖലയില്‍ സമഗ്ര പരിഷ്‌ക്കരണത്തിനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഈ രംഗത്ത് ഇന്നു നിലനില്‍ക്കുന്ന തെറ്റായ പല പ്രവണതകള്‍ക്കും വിരാമംകുറിക്കുമെന്നുമാത്രമല്ല സമൂല മാറ്റത്തിനും വഴിയൊരുക്കും. രാഷ്ട്രീയ മേലാളന്മാരുടെ കൈകടത്തലില്‍നിന്ന് സിവില്‍ സര്‍വീസ് മേഖലയെ സമ്പൂര്‍ണമായി മോചിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കാലുള്ള നിര്‍ദ്ദേശങ്ങളനുസരിക്കരുത്, ഉദ്യോഗസ്ഥര്‍ക്ക് തസ്തികകളില്‍ നിശ്ചിത കാലാവധി ഉറപ്പാക്കുക, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സിവില്‍സര്‍വീസ് ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയവയാണ് ഉത്തരവിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
അര്‍ബുദംപോലെ സമൂഹത്തില്‍ അഴിമതി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ സിവില്‍ സര്‍വീസിന്റെ പരിഷ്‌കരണത്തിനു മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ആശാവഹമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്ന രാഷ്ട്രീയ നേതാക്കളാണ് ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. എന്നാല്‍ അവരുടെ തീരുമാനങ്ങള്‍ നടപ്പാക്കുക എന്ന ദൗത്യം നിക്ഷിപ്തമായിരിക്കുന്നത് ഉദ്യോഗസ്ഥരിലാണ്. സ്വാതന്ത്ര്യാനന്തരം ഭരണത്തിനു നേതൃത്വംകൊടുത്ത രാഷ്ട്രീയ നേതാക്കള്‍ ധാര്‍മ്മികതയിലും സത്യസന്ധതയിലും മൂല്യങ്ങളിലും വിശ്വസിച്ചിരുന്നവരായിരുന്നു. ജനങ്ങളുടെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയായിരുന്നു അവര്‍ ഭരണത്തെ ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ അന്ന് അഴിമതിയും സ്വജനപക്ഷപാതവുമൊന്നും ഭരണത്തെ ഗ്രസിച്ചില്ല. അക്കാലത്ത് വാക്കാല്‍ നല്‍കുന്ന ഏത് ഉത്തരവും ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കാമായിരുന്നു. എന്നാല്‍ കാലംകഴിഞ്ഞതോടെ സംശുദ്ധിയും മൂല്യബോധവുമുള്ള നേതാക്കള്‍ വിരളമായതോടെ അഴിമതിയും ഭരണത്തില്‍ പിടിമുറുക്കി.
ഭരണകര്‍ത്താക്കളുടെ വാക്കാലുള്ള ഉത്തരവ് അനുസിച്ച പല ഉദ്യോഗസ്ഥരും അഴിമതിക്കേസില്‍ കുടുങ്ങുകയും ചെയ്തു. അഴിമതിക്കു കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയാണ് ഭരണകര്‍ത്താക്കള്‍ പലപ്പോഴും കാര്യം നേടുന്നത്. ജനങ്ങളെ സേവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് കണ്ടറിഞ്ഞ് സിവില്‍സര്‍വീസ് മേഖലയിലെത്തിയ മൂല്യബോധമുള്ള ഉദ്യോഗസ്ഥരെ നിരാശനാക്കുന്ന തരത്തിലായിരുന്നു പലപ്പോഴും രാഷ്ട്രീയ മേലാളന്മാരുടെ പെരുമാറ്റവും ഭീഷണിയുമൊക്കെ. ഇതിനൊക്കെ തടയിടാന്‍ സുപ്രീംകോടതി ഉത്തരവിന് തീര്‍ച്ചയായും കഴിയും.
സംശുദ്ധമായ രാഷ്ട്രീയ നേതൃത്വം ഉള്ളിടത്ത് ഒരു ഉദ്യോഗസ്ഥനും അഴിമതി ചെയ്യാന്‍ ധൈര്യപ്പെടില്ല. മറിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കൂടി അഴിമതിക്കാരാക്കുന്നത് പണത്തിന്റെയും കൈയൂക്കിന്റെയും സ്വാധീനത്തിന്റെയുമൊക്കെ ബലത്തില്‍ ഭരണകൂടത്തിന്റെ ഭാഗമായിത്തീരുന്നവരാണ്. ഈ വൈതരണിയെയാണ് പുതിയ ഉത്തരവിലൂടെ സുപ്രീംകോടതി മറികടന്നിരിക്കുന്നത്.
വാക്കാലുള്ള ഉത്തരവിലൂടെയാണ് അഴിമതി ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കിയശേഷം കേസുകളില്‍നിന്ന് ഭരണകര്‍ത്താക്കള്‍ രക്ഷപ്പെടുകയാണ് പതിവ്. ഇനി രേഖാമൂലമുള്ള ഉത്തരവ് വേണമെന്നുള്ളതുകൊണ്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെയുള്ള വലിയൊരു കുതിച്ചുചാട്ടമായാണ് സുപ്രീംകോടതിയുടെ ഉത്തരവിനെ കാണേണ്ടത്.
Discussion about this post