തിരുവനന്തപുരം: നിതാഖാത്തിന്റെ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.ഇ.എം.) ഉടനടി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നോര്‍ക്ക യോഗത്തില്‍ തീരുമാനമായി.
കാനറ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മടങ്ങിയെത്തുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ടാക്‌സി സര്‍വ്വീസ് തുടങ്ങുന്നതിനായി 20 ലക്ഷം രൂപ ലോണ്‍ അനുവദിക്കും. ഇതില്‍ 10 ശതമാനം നോര്‍ക്ക സബ്‌സിഡിയായി നല്‍കും. അര്‍ഹതപ്പെട്ടവര്‍ക്ക് ഉടനടി ആനുകൂല്യം നല്‍കാനും തീരുമാനമായി. മടങ്ങിയെത്തുന്നവര്‍ക്കെല്ലാം വിമാനടിക്കറ്റ് നല്‍കുമെന്ന് നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഗള്‍ഫില്‍ നിന്നും മടങ്ങുന്നവര്‍ക്ക് പുനരധിവാസത്തിനും മടങ്ങിയെത്തുന്നതിനുള്ള സഹായവും നല്‍കാന്‍’ബോര്‍ഡ് ഡയറക്ടര്‍മാരെ യോഗം ചുമതലപ്പെടുത്തി. മടങ്ങിയെത്തുന്നവര്‍ക്ക് ഭാവിയില്‍ ഗള്‍ഫില്‍ ജോലി ലഭ്യമാകുന്നതിന് ഗള്‍ഫിലെ പ്രമുഖ വ്യവസായികളുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കും ഇതിനുള്ള തീയതി പിന്നീട് തീരുമാനിക്കും.
തിരുവനന്തപുരത്ത് മുന്‍പ് നടത്തിയ ഗ്ലോബല്‍ എന്‍.ആര്‍.കെ.മീറ്റിലെ തീരുമാനപ്രകാരമുള്ള തുടര്‍ മീറ്റിംഗ് ജനുവരി 11, 12 തീയതികളില്‍ കൊച്ചിയില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. നോര്‍ക്ക മന്ത്രി കെ.സി.ജോസഫ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, നോര്‍ക്ക ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ പി.സുദീപ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post