ഡോ.പി.ബാലകൃഷ്ണന്‍
കല്ലടക്കുറിച്ചിയില്‍ ജടാപാഠികളുടെ ഗൃഹം സാന്ദീപനിയുടെ ഗുരുമന്ദിരംപോലെ നാനാതരത്തിലുള്ള ശിഷ്യന്മാരുടെ ഒരു പാവന സങ്കേതമായിരുന്നു. മുറ്റത്ത് വിസ്തൃതമായ ഒരു പന്തല്‍. വേദ പഠനം ഒരിടത്തു നടക്കുന്നു. ഉപവേദങ്ങള്‍ മറ്റൊരിടത്തു പഠിപ്പിക്കപ്പെടുന്നു. വേദാഗങ്ങള്‍ മൂന്നാമതൊരിടത്ത്. തര്‍ക്കവ്യാകരണമീമാസാ നിരുക്താദികള്‍ അതുപോലെ. ആചാര്യന്മാരോ പ്രാമാണികപണ്ഡിതര്‍; അദ്ധ്യേതാക്കളോ ശ്രദ്ധാഭക്തിസമന്വിതര്‍. പരമാചാര്യനായി സാക്ഷാല്‍ സുബ്ബാജടാപാഠികളും. ഇങ്ങനെ ബ്രഹ്മസഭയ്‌ക്കൊത്ത അന്തരീക്ഷവും അവിടെ നടന്ന ചര്‍ച്ചകളും കുഞ്ഞന്‍പിള്ളയെ കോരിത്തരിപ്പിച്ചു. വര്‍ഷം നാലുപോയതറിഞ്ഞില്ല. അതിനകം വേദവേദാന്ത വേദാംഗാതി വിദ്യകളെല്ലാം ആ മഹാഗുരു പുത്രസമനായ പ്രിയശിഷ്യനില്‍ പകര്‍ന്നുകഴിഞ്ഞിരുന്നു. പുറമേ ചിലരില്‍ നിന്നും അപൂര്‍വ്വങ്ങളായ സിദ്ധവൈദ്യപ്രയോജനങ്ങള്‍ വശമാക്കാനും നാനാവിധ സംഗീതോപകരണങ്ങളുടെ വാദന പരിചയം നേടാനും മറന്നില്ല. മെഴുകില്‍ പതിയുന്ന മുദ്രപോലെ ഒരിക്കല്‍ കേട്ടാല്‍ ഒരിക്കലും മായാത്ത ഓര്‍മ്മശക്തി കുഞ്ഞന്‍പിള്ളച്ചട്ടമ്പിക്ക് ജന്മായത്തമായിരുന്നു.
എങ്കിലും ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇതെല്ലാം പഠിക്കുക മനുഷ്യസാദ്ധ്യമോ എന്നു നമുക്ക് തോന്നാം. ‘ ഞാന്‍ വായിക്കുകയല്ല, കഴിഞ്ഞ ജന്മങ്ങളിലെ എന്റെ മറവി തീര്‍ക്കുകയാണ്’. എന്ന് ഒരിക്കല്‍ അദ്ദേഹം തന്നെ ഇതേപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.
ഇനി സ്വദേശത്തേയ്ക്കു മടങ്ങണം എന്ന ചിന്തയായി ചട്ടമ്പിക്ക്. സുബ്ബാജടാപാഠികളെ സംബന്ധിച്ച് പുത്രതുല്യനായ ആ ഉത്തമശിഷ്യന്റെ വേര്‍പാട് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. എങ്കിലും ശിഷ്യന്റെ ഇംഗിതത്തിനു വഴങ്ങി ആ മഹാഗുരു ചട്ടമ്പിയെ അനുഗ്രഹിച്ചു.
‘മകനേ, പൂര്‍വ്വജന്മങ്ങളില്‍ ഞങ്ങള്‍ ചെയ്ത പുണ്യങ്ങളുടെ ഫലമായാണ് നിന്റെ ഗുരുവാകാനൊത്തത്. രാമനെ ശിഷ്യനായി ലഭിച്ച വസിഷ്ഠമഹര്‍ഷിയെപ്പോലെ, കൃഷ്ണനെ ലഭിച്ച സാന്ദീപനിയെപ്പോലെ, നചികേതസ്സിനെ ലഭിച്ച യമധര്‍മ്മനെപ്പോലെ ഞാന്‍ ഇന്നു ധന്യനാണ്. ലോകസേവനത്തിനായി അവതരിച്ച നിനക്ക് വിടതരുന്നു. പോവുക. പൂകള്‍പെറ്റ പുരുഷമണിയായി തലമുറകള്‍ നിന്നെ വാഴ്ത്തും’.
കല്ലടക്കുറിച്ചിയിലേയ്ക്കു പോയ ചട്ടമ്പിയല്ല അവിടെനിന്നു മടങ്ങിയത്. കടലുകളാകെ കുടിച്ചു വറ്റിച്ച അഗസ്ത്യമുനിയോടു മാത്രമേ, തമിഴിലെയും സംസ്‌കൃതത്തിലെയും ജ്ഞാനക്കടല്‍ മുഴുവന്‍ അകത്താക്കിയ കുഞ്ഞനെ ഇനി ഉപമിക്കാനാവൂ.
ചുരുക്കത്തില്‍ ഒരു സര്‍വ്വവിജ്ഞാനകോശമായിട്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് കുഞ്ഞന്‍പിള്ള മടങ്ങിയെത്തിയത്. എന്നിട്ടും ബ്രഹ്മജിജ്ഞാസ ശമിച്ചില്ല.
കല്ലടക്കുറിച്ചിയില്‍ നിന്നും പുറപ്പെട്ടു എങ്കിലും ചട്ടമ്പി നേരേ തിരുവനന്തപുരത്തേയ്ക്കല്ല പോയത്. ഗുരുമുഖാഭ്യാസവും ഗ്രന്ഥജ്ഞാനവും തപസ്സും എത്രയുണ്ടെങ്കിലും ലോകജ്ഞാനവും അത്യന്താപേക്ഷിതമാണല്ലോ. ചരൈവേതി ചരൈവേതി… കുഞ്ഞന്‍പിള്ള ദക്ഷിണേന്ത്യ മുഴുവന്‍ ഒരു പര്യടനത്തിനിറങ്ങി. കൈയിലൊരു കാശില്ലാതെ, കാല്‍നടയായി മഹാക്ഷേത്രങ്ങളെല്ലാം ദര്‍ശിച്ചു. തിരുപ്പതി, രാമേശ്വരം, തിരുപ്പനംകുന്റം, ചിദംബരം, കാഞ്ചീപുരം, മൂകാംബിക മുതലായ പുണ്യസങ്കേതങ്ങളില്‍ തങ്ങി, അവിടങ്ങളിലെ പ്രതിഷ്ഠാതത്വവും തന്ത്രശാസ്ത്രവും ശില്പചാതുരിയും ഐതിഹ്യങ്ങളും പഠിച്ചു. ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. വിശിഷ്ടവ്യക്തികള്‍ അനേകരെ പരിചയപ്പെട്ടു. തമിഴിലും സംസ്‌കൃതത്തിലുമുള്ള അപൂര്‍വ്വം ഗ്രന്ഥങ്ങള്‍ ശേഖരിച്ചു. മുഹമ്മദുമതം ഉള്‍പ്പെടെയുള്ള മതങ്ങളുടെ താരതമ്യം സാധിച്ചു. പ്രസിദ്ധനും പണ്ഡിതനുമായ ഒരു തങ്ങളുടെ പരിചയമാണ് ഇസ്ലാം മതാദര്‍ശങ്ങളും ആചാരങ്ങളും അറിഞ്ഞഭ്യസിക്കാന്‍ സഹായിച്ചത്. ബൈബിള്‍ സ്വപരിശ്രമം കൊണ്ടു വശമാക്കി.
യാത്ര തുടര്‍ന്നു. അറിവിന്റെ പുതിയ ലോകങ്ങള്‍ അന്വേഷിച്ചുള്ള യാത്ര. അവസാനം മരുത്വാമലയിലെത്തി. രാമരാവമയുദ്ധത്തില്‍ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രപ്രയോഗത്താല്‍ മയങ്ങിവീണ തന്റെ സ്വാമിമാരെയും സൈന്യത്തേയും പുനരുജ്ജീവിപ്പിക്കാന്‍ ശ്രീഹനുമാന്‍ മലയോടെ മരുന്നുകൊണ്ടുപോരുംവഴി അതിലൊരു ഭാഗം അടര്‍ന്നുവീണ് ഉണ്ടായതെന്ന് ഐതിഹ്യമുള്ള ‘മരുന്തുവാഴ്മല’, പറഞ്ഞു പറഞ്ഞു മരുത്വാമലയായി. ഏകാന്തതയും മനഃശാന്തിയും ഇച്ഛിക്കുന്ന ആത്മാന്വേഷികള്‍ക്ക് അഭയസ്ഥാനങ്ങളായ അനേകം ഗുഹകള്‍ കന്യാകുമാരിക്കടുത്ത ഈ മലയുടെ പ്രത്യേകതയാണ്. ഈ യാത്രയിലാണ് കുഞ്ഞന്‍പിള്ള ആദ്യമായി ഇവിടെ വരുന്നതും ഇവിടെ ഒരു ഗുഹയില്‍ ഏതാനും മാസം തപസ്സനുഷ്ഠിക്കുന്നതും. പില്ക്കാലത്ത് ശ്രീനാരായണഗുരുസ്വാമി എന്ന ശിഷ്യനുമൊത്ത് ഒരിക്കല്‍ക്കൂടി ചട്ടമ്പിസ്വാമി ഇതേ ഗുഹാതലത്തില്‍ വിശ്രമിച്ചിട്ടുണ്ട്.
മരുത്വാമല കുഞ്ഞന്‍പിള്ളയ്ക്ക് മറ്റൊരു ഗുരുവിനെക്കൂടി സമ്മാനിച്ചു – ആത്മാനന്ദസ്വാമികള്‍, പൂര്‍വ്വാശ്രമത്തില്‍ ‘കുമാരവേലു’ ആയിരുന്ന സ്വാമിആത്മാനന്ദന്‍ മരുത്വാമലയില്‍ അനേകവര്‍ഷം തപസ്സനുഷ്ഠിച്ചുകഴിഞ്ഞ യോഗിയായിരുന്നു. അഗസ്ത്യശൈലിയിലുള്ള യോഗചര്യകളും മര്‍മ്മവിദ്യയുമാണ് അദ്ദേഹം കുഞ്ഞന്‍പിള്ളയ്ക്കുപദേശിച്ചത്. കൂടാതെ ‘തായിഅമ്മാള്‍’ എന്ന യോഗിനിയില്‍ നിന്നും ആമാംസ്വാമി എന്ന യോഗിയില്‍ നിന്നും ചില രഹസ്യയോഗമുറകള്‍ ഗ്രഹിക്കുവാനും ചട്ടമ്പിക്കു ഭാഗ്യമുണ്ടായി. ഇങ്ങനെ തയ്ക്കാട്ട് അയ്യാവില്‍ തുടങ്ങി കല്ല്ടക്കുറിച്ചിയില്‍ പക്വമായ ചട്ടമ്പിയുടെ യോഗജ്ഞാനം മരുത്വാമലയില്‍ പരിപൂര്‍ണ്ണതയിലെത്തി എന്നു പറയാം.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.
ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)
വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070
പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070
Discussion about this post