മനില: ഹയാന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഫിലിപ്പീന്‍സ് തീരത്ത് വന്‍ നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്നാം തീരത്തേക്ക് നീങ്ങുകയാണ്. ഇതേ തുയടര്‍ന്ന് വിയറ്റ്‌നാമില്‍ നിന്ന് ആറു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
74 കിലോമീറ്റര്‍ വേഗത്തില്‍ ഹയാന്‍ വിയറ്റ് നാമിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ചൈനയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മധ്യഫിലിപ്പീന്‍സിലെ ഇരുപത് പ്രവിശ്യകളിലാണ് ഹയാന്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചത്. തീരപ്രദേശമായ ലെയ്‌ത്തെ പ്രവിശ്യയില്‍ മാത്രം 1000 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. നൂറു കണക്കിന് മൃതദേഹങ്ങള്‍ വഴിയരികിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങി കിടക്കുകയാണ്. മരങ്ങള്‍ വീണ് റോഡ് ഗതാഗതം തടസപ്പെട്ടതും നാശത്തിന്റെ വ്യാപ്തിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ദുരിത ബാധിത മേഖലകളില്‍ വ്യാപക കൊള്ള നടക്കുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫിലിപ്പീന്‍സിനെ രക്ഷാ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ സൈന്യത്തെ നിയോഗിക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ പറഞ്ഞു. കുടിവെള്ളം പോലുമില്ലാത്ത ദുരന്തബാധിത മേഖലയില്‍ എത്രയും വേഗം ഭക്ഷണം എത്തിക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മധ്യഫിലിപ്പൈന്‍സിലെ ബഹുനിലക്കെട്ടിടങ്ങള്‍ പലതും തകര്‍ന്നടിഞ്ഞു. വൈദ്യുതിവിതരണം, വാര്‍ത്താവിനിമയ സംവിധാനം എന്നിവ തടസ്സപ്പെട്ടു. വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകരാറിലായതിനെത്തുടര്‍ന്ന് രാജ്യം ഇരുട്ടിലായിരിക്കുകയാണ്. ടാക്ലോബാന്‍ വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നതിനെത്തുടര്‍ന്ന് സഹായമെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങലിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
Discussion about this post