ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും പ്രശസ്ത രസതന്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവുവിനും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു . ഇതോടെ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാകും സച്ചിന്‍.
ക്രിക്കറ്റിലൂടെ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സച്ചിന് പുരസ്‌ക്കാരം നല്‍കുന്നത്. ഇരുപത്തിനാലു വര്‍ഷങ്ങളായി ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അദ്ദേഹം കായികമേഖലില്‍ രാജ്യത്തിന്റെ ശരിയായ അമ്പാസിഡറാണെന്നും പത്രക്കുറിപ്പ് പറയുന്നു.
പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക കൗണ്‍സില്‍ മേധാവിയാണ്.സി.എന്‍.ആര്‍ റാവു. ഖരാവസ്ഥാ രസതന്ത്ര പഠനശാഖയില്‍ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഗവേഷകനും 1400 ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം
ഇന്ത്യ കണ്ട രസതന്ത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ്.
Discussion about this post