തിരുവനന്തപുരം: സംസ്ഥാനത്തെ കോഴിക്കോട്, ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിന് 250 കോടി രൂപ അനുവദിച്ചതായി ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ 150 കോടി രൂപ വീതം ചെലവ് വരുന്ന പദ്ധതികളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 59 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുമാണ് നടപ്പിലാക്കുക. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സെന്‍ട്രല്‍ ലൈബ്രറി ലക്ചര്‍ ഹാള്‍ കോംപ്ലക്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമ ആന്റ് എമര്‍ജന്‍സി കെയര്‍ യൂണിറ്റ്, സെന്‍ട്രല്‍ ഡയഗണസ്റ്റിക് സിസ്റ്റം, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം അത്യാധുനിക ലൈബ്രറി എന്നിവയും ആശുപത്രിയുടെ കമ്പ്യൂട്ടര്‍വത്ക്കരണവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുക.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 32 കോടി രൂപ ചെലവില്‍ പോളിട്രോമ യൂണിറ്റ്, വൈറോളജി ലാബ് എന്നിവയും 27 കോടി രൂപയുടെ മള്‍ട്ടി ഡിസിപ്ലിനറി ലാബ്, ആനിമല്‍ ഹൗസ് എന്നിവയുമാണ് സ്ഥാപിക്കുക. നിര്‍മാണം ഈ മാസം തന്നെ ആരംഭിക്കും. പി.എം.എസ്.എസ്.വൈ. പദ്ധതി പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിനുള്ള തുക നേരത്തെ അനുവദിച്ചിരുന്നു. കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി പി.എം.എസ്.എസ്.വൈ. പദ്ധതി പ്രകാരം തുക അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആറ് കോടി രൂപ ചെലവിലുള്ള കാഷ്വാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post