ന്യൂഡല്‍ഹി: നെയ്യാറിലെ ജലംസംബന്ധിച്ച് കേരളത്തിന്റെ വാദങ്ങളെ എതിര്‍ത്ത് തമിഴ്‌നാട് സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. സംസ്ഥാന രൂപീകരണത്തിന് മുമ്പുള്ള ധാരണപ്രകാരം ജലം നല്‍കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. നെയ്യാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്നും തമിഴ്‌നാട് അവകാശപ്പെട്ടു. നെയ്യാറില്‍ നിന്ന് ജലം നല്‍കാനാകില്ലെന്ന കേരളത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്താണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ വാദങ്ങള്‍ എഴുതി നല്‍കിയിരിക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് മുന്‍പുള്ള ധാരണ പ്രകാരം വെള്ളത്തിന് അധികാരമുണ്ടെന്നാണ് തമിഴ്‌നാടിന്റെ പ്രധാന വാദം. സംസ്ഥാന പുനസംഘടന നിയമത്തിലെ രണ്ടാം ഉപവകുപ്പ് ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നു.
നെയ്യാര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ തിരുവതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിക്ക് വെള്ളം നല്‍കുമെന്നായിരുന്നു ധാരണ. സംസ്ഥാന രൂപീകരണത്തിന് ശേഷം കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമായെങ്കിലും 2004 വരെ ജലം ലഭിച്ചിരുന്നു. നേരത്തെയുള്ള ധാരണയ്ക്ക് വിരുദ്ധമായാണ് ജലംനല്‍കുന്നത് അവസാനിപ്പിച്ചത്. നെയ്യാര്‍ അന്തര്‍സംസ്ഥാന നദിയാണെന്നും കേരളത്തിന് മാത്രം നദിയില്‍ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നെയ്യാര്‍ ഹര്‍ജിയില്‍ ഇരു സംസ്ഥാനങ്ങളും പരിഗണനാ വിഷയങ്ങള്‍ എഴുതി നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനിടെയാണ് തമിഴ്‌നാടിന്റെ സത്യവാങ്മൂലം. തിരുവനന്തപുരത്തെ കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം മാത്രമെ നെയ്യാറിലുള്ളു എന്നാണ് കേരളത്തിന്റെ നിലപാട്. ഇരു സംസ്ഥാനങ്ങളുടെയും സത്യാവാമൂലങ്ങള്‍ ജസ്റ്റീസ് ആര്‍.എം. ലോഥയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
Discussion about this post