ചങ്ങനാശേരി: എന്‍എസ്എസ് കരയോഗങ്ങളോടു ചേര്‍ന്ന് ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നയരൂപരേഖ എന്‍എസ്എസ് നേതൃയോഗം അംഗീകരിച്ചു. 31ന് മുമ്പു 5,600 കരയോഗങ്ങളിലും പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങും. ജനുവരി അഞ്ചിന് ഉദ്ഘാടനം നടക്കും. ഞായറാഴ്ചകളില്‍ ഉച്ചവരെയാണു ക്ളാസുകള്‍. സിലബസ് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍നായര്‍, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ക്കും പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് നേതൃയോഗം അംഗീകാരം നല്‍കി. പന്തളം, പെരുന്ന സൂപ്പര്‍ സ്പെഷാലിറ്റി ആശപത്രികളുടെ പ്രവര്‍ത്തനം ഈ വര്‍ഷം തുടങ്ങും. എന്‍എസ്എസ് നായക സഭാംഗങ്ങള്‍, താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ആധ്യാത്മിക പഠനകേന്ദ്രം താലൂക്ക് തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് ഇന്നലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തു ചേര്‍ന്ന നേതൃയോഗത്തില്‍ പങ്കെടുത്തത്.
എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍, അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പദ്ധതികള്‍ അവതരിപ്പിച്ചു. ട്രഷറര്‍ ഡോ.എം. ശശികുമാര്‍, കരയോഗം രജിസ്ട്രാര്‍ കെ. എന്‍. വിശ്വനാഥപിള്ള, ഹരികുമാര്‍ കോയിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post