വിചാരണത്തടവുകാരെയും ശിക്ഷിക്കപ്പെട്ടവരെയും പാര്‍പ്പിക്കാനുള്ളയിടമാണ് ജയില്‍. അവിടെ പ്രത്യേകം ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ജയിലില്‍ പാര്‍ക്കുന്നവര്‍ അതുപാലിക്കാന്‍ ബാധ്യസ്ഥരാണ്. നീതിന്യായവ്യവസ്ഥ ശക്തമായി നിലനില്‍ക്കാന്‍ ഇത് അനിവാര്യവുമാണ്. ഇക്കാര്യത്തില്‍ കാര്യങ്ങള്‍ സൂഷ്മതയോടെയും ഗൗരവമായും കൈകാര്യം ചെയ്യേണ്ടത് ബന്ധപ്പെട്ട അധികൃതരാണ്. എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംബന്ധിച്ച് പുറത്തുവന്നവിവരങ്ങള്‍ നിയമസംവിധാനം നിലനില്‍ക്കുന്ന ഒരിടത്തും വച്ചുപൊറുപ്പിക്കാവുന്നതല്ല. കേരളം ‘ഒരു വെള്ളരിക്കാപ്പട്ടണമാണോ ‘ എന്ന സംശയമുയര്‍ത്തുന്നതാണ് ഈ സംഭവം.
ചന്ദ്രശേഖരന്‍വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ഫോണും ഫെയ്‌സ്ബുക്ക്് അക്കൗണ്ടും ഉപയോഗിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കേരളത്തെ ഞെട്ടിച്ച ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമൊരുക്കുന്നതായി നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നു. അത് അക്ഷരം പ്രതിശരിയെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ജയിലില്‍ ജയില്‍വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിയമം. എന്നാല്‍ ടീഷര്‍ട്ടും ബര്‍മുഡയും കൈലിയുമൊക്കെ ധരിച്ച് ഗൃഹാന്തരീക്ഷത്തിലെന്നവണ്ണം വിലസുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ജയിലില്‍ ഇതൊന്നും നടക്കില്ല എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. കൊലക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ റിസോര്‍ട്ടു സൗകര്യം ഒരുക്കിക്കൊടുത്തത് നിയമവ്യവസ്ഥയെ കൊഞ്ഞനംകുത്തലാണ്.
ടി.പി ചന്ദ്രശേഖരനെ വധിച്ചത് സിപിഎമ്മിന്റെ ഉന്നതങ്ങളിലെ അറിവോടെയാണെന്നത് രഹസ്യമല്ല. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് പാര്‍ട്ടിയുടെ എല്ലാസഹായവും രഹസ്യമായും പരസ്യമായും ലഭിക്കുന്നുണ്ട്. ജയില്‍ ഉദ്യോഗസ്ഥരില്‍ സിപിഎം അനുഭാവികളെ ഉപയോഗിച്ച് പ്രതികള്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കി എന്നുമാത്രം കരുതാനാവില്ല. ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ ഉറക്കം നടിക്കുകയോ കണ്ടില്ലെന്നു ഭാവിക്കുകയോ ചെയ്തു എന്നതാണ് സത്യം. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ചില രാഷ്ട്രീയ ഒത്തുതീര്‍പ്പുകളുടെ ഭാഗമായാണ് ഈ ക്രിമിനലുകള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കിയത് എന്നത് നിഷേധിക്കാന്‍ കഴിയില്ല.
എല്ലാം പുറത്തുവന്നപ്പോള്‍ അന്വേഷണവുമായി ആഭ്യന്തരവകുപ്പ് ഇറങ്ങിത്തിരിച്ചിരിക്കയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും വേണം ഒരതിര്. ആഭ്യന്തരവകുപ്പിനു കീഴില്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുള്ളപ്പോള്‍ ഇതൊന്നുമറിഞ്ഞില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ല. ആള്‍ബലവും അര്‍ത്ഥവുമില്ലാത്തവര്‍ പെറ്റിക്കേസുകളുടെ പേരില്‍ പോലീസ് സ്‌റ്റേഷനിലും ജയിലുമൊക്കെ പീഡനത്തിന് ഇരയാവുമ്പോഴാണ് കൊലക്കേസ് പ്രതികള്‍ക്ക് വിഐപി പരിഗണന നല്‍കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇത് കേരളത്തിന് നാണക്കേടാണ്.
Discussion about this post