തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുളള ആശങ്ക പരിഹരിക്കുന്നതിനായി വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായി. വസ്തു കരം സ്വീകരിക്കല്‍, പ്രമാണം പതിക്കല്‍, പട്ടയ വിതരണം, വിറകിന് പെര്‍മിറ്റ് നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ യാതൊരു തടസവും ഉണ്ടാക്കുന്നതല്ല. ഇവ തടസപ്പെടുത്തുന്നില്ലെന്നു ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. നിലവില്‍ ഉണ്ടായിരുന്നതുപോലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നട ത്തേണ്ടതുമാണെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദേശം ഇല്ലാതെ യാതൊരുവിധ നടപടികളും ആരും സ്വീകരിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ക്കു നിയമാനുസൃതം ലഭ്യമാക്കേണ്ട സേവനങ്ങളും അവകാശങ്ങളും നിഷേധിക്കരുത്. ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുവിന്റെ കരം സ്വീകരിക്കുക, പ്രമാണം രജിസ്റര്‍ ചെയ്യുക തുടങ്ങി നിലവിലുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ യാതൊരു തലത്തിലും ബാധകമാകാത്ത കാര്യങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ തടസവാദങ്ങള്‍ ഉന്നയിച്ചതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണ ഉത്തരവു പുറപ്പെടുവിച്ചത്.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഇനി പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണു പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ (ഇഎസ്എ) നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്:
ഖനനം, പാറഖനനം, മണല്‍ ഖനനം, താപവൈദ്യുതി നിലയങ്ങള്‍, 20,000 ചതുരശ്ര മീറ്ററോ അതിന് മുകളിലോ ഉള്ള കെട്ടിടങ്ങള്‍, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, 50 ഹെക്ടറും അതിന് മുകളിലും വിസ്തീര്‍ണമുള്ളതും അഥവാ നിര്‍മിത വിസ്തൃതി 1,50,000 ചതുരശ്ര മീറ്ററും അതിന് മുകളിലും ഉള്ളതുമായ ടൌണ്‍ഷിപ്പ്, ഭൂവികസന പ്രവര്‍ത്തനങ്ങള്‍, ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങള്‍.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയിട്ടുളള നിരോധനം സാധാരണക്കാര്‍ക്കോ, കര്‍ഷകര്‍ക്കോ അസൗകര്യമോ മറ്റ് തരത്തിലുളള കഷ്ടപ്പാടുകളോ ഉണ്ടാക്കുന്നതല്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
Discussion about this post