തിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപാറയിലും കാക്കൂര്‍ വില്ലേജിലും മാവൂര്‍ വില്ലേജിലും ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കും . ഇതു സംബന്ധിച്ച് വ്യവസായ വകുപ്പു നല്‍കിയ ശിപാര്‍ശ അംഗീകരിച്ച മുഖ്യമന്ത്രി, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുമായി കൂടിയലോചിച്ച ശേഷമാണ് ഉത്തരവിട്ടത്.
വിജലന്‍സ് അന്വേഷണത്തിനുള്ള വ്യവസായ വകുപ്പിന്റെ ശിപാര്‍ശ ഡിസംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അന്ന് വയനാട് ജനസമ്പര്‍ക്ക പരിപാടിയിലായിരുന്ന മുഖ്യമന്ത്രി തിരിച്ചു വന്നയുടന്‍ ആറാം തീയതി ഉത്തരവിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 27.01.2009-ല്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭിച്ചു. തുടര്‍ന്ന് 23.04.2010 -ലെ കത്തു പ്രകാരം ചക്കിട്ടപാറയില്‍ 406.4500 ഹെക്ടര്‍ സ്ഥലത്ത് എംഎസ്പിഎല്‍ കമ്പനിക്ക് മുപ്പതു വര്‍ഷത്തേക്ക് ഇരുമ്പയിര് ഖനനത്തിന് തത്വത്തില്‍ അനുമതി നല്‍കുകയുമായിരുന്നു. ഇതേ കത്തിന്റെ അടിസ്ഥാനത്തില്‍ മാവൂര്‍ വില്ലേജില്‍ പെട്ട 53.9303 ഹെക്ടര്‍ സ്ഥലത്തും കോക്കൂര്‍ വില്ലേജില്‍ പെട്ട 281.22503 ഹെക്ടര്‍ സ്ഥലത്തും ഈ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് 30 വര്‍ഷത്തക്ക് തത്വത്തില്‍ അനുമതി നല്‍കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ മൈനിംഗ് ലീസ് ലഭിക്കുന്നതിന് മുമ്പ് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റ്, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നിവ പ്രകാരമുള്ള അനുമതികളും ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈനിംഗിന്റെ മൈനിംഗ് പ്ലാന്‍ അംഗീകാരവും നേടേണ്ടതാണ്. 2010-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായ അനുമതികള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൂന്നിടങ്ങളിലും അനുമതികള്‍ നേടിയെടുക്കുന്നതിനുള്ള സമയ പരിധി 2011 ജനുവരി 19, 22 തീയതികള്‍ പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവുകളിലൂടെ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. എന്നാല്‍ ഈ അവസരത്തില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ അനുമതി തേടിയിരുന്നില്ല.
Discussion about this post