ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ (സത്യാനന്ദസുധാ വ്യാഖ്യാനം)
ആനന്ദം ജീവിതലക്ഷ്യം
നാനാവിധമായ അനുഭവങ്ങളുടെ പരമ്പരയാണു ജീവിതം അനുഭവമില്ലാതെ ജീവിതമില്ല എന്നതാണു സത്യം. പക്ഷേ അനുഭവങ്ങളെല്ലാം അഭികാമ്യമായിക്കൊള്ളണമെന്നു നിയമമില്ല. ജീവിതം സുഖദുഃഖസമ്മിശ്രമായിത്തീരുന്നതു അതുകൊണ്ടാണ്. സുഖത്തെക്കാള്‍ ദുഃഖമാണു ജീവിതത്തില്‍ ഏറി നില്‍ക്കുന്നതെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവുകയില്ല. എങ്കിലും യാതൊരു പരിശ്രമവും കൂടാതെ സുലഭമായിക്കിട്ടുന്ന ദുഃഖം പരിത്യജിക്കാനും നന്നേ ദുര്‍ലഭമായ സുഖം നേടാനുമുള്ള ത്വരയാണ് മനുഷ്യനുള്‍പ്പെടെ സമസ്ത ജീവരാശികളിലും സ്വാഭാവികമായി കാണുന്നത്. സുഖത്തിനു വേണ്ടിയുള്ള അഭിവാഞ്ച ജീവിതത്തെ ചലനാത്മകമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. തീവ്രമായ ദുഃഖങ്ങളുടെയും നിരാശയുടെയും നടുവില്‍പ്പെട്ടുഴലുമ്പോഴും മുന്നേറാന്‍ പ്രേരിപ്പിക്കുന്നത് സുഖത്തിനായുള്ള ദാഹമാണ്. ജീവജാലങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും പിന്നിലുള്ള ചോദന സുഖലബ്ധി അഥവാ ആനന്ദപ്രാപ്തിക്കുള്ള ആഗ്രഹമല്ലാതെ വേറൊന്നല്ല. നല്ല വിളവു ലഭിക്കാന്‍ വയലേലകളില്‍ കഠിനമായധ്വാനിക്കുമ്പോഴും, ഉയര്‍ന്ന മാര്‍ക്കു കിട്ടാന്‍ ഉറക്കമിളച്ചിരുന്നു പഠിക്കുമ്പോഴും ജീവനോപായമാന്വേഷിച്ചു നടക്കുമ്പോഴും നല്ല വരുമാനം ലക്ഷ്യമായിക്കണ്ടു തൊഴില്‍ ചെയ്യുമ്പോഴും ഈ നിയമത്തിനു മാറ്റമില്ല. നല്ലവിളവും ഉയര്‍ന്ന മാര്‍ക്കും, ജീവിക്കാനുള്ള മാര്‍ഗ്ഗവും അഭികാമ്യമായ വരുമാനവും ദുഃഖംനല്‍കുമായിരുന്നെങ്കില്‍ മനുഷ്യന്‍ അതിനായി അദ്ധ്വാനിക്കുമായിരുന്നില്ലല്ലോ. ഇവയെല്ലാം സന്തോഷം നല്‍കുന്നതുകൊണ്ടുമാത്രമാണു മനുഷ്യന്‍ പ്രയത്‌നിക്കാന്‍ തയ്യാറാവുന്നതെന്നു സ്പഷ്ടം. മനുഷ്യന്റെ എല്ലാ പ്രവൃത്തിയുടെയും പരമലക്ഷ്യം ആനന്ദപ്രാപ്തിയാണെന്നു പറഞ്ഞതു അതുകൊണ്ടാകുന്നു.
ആനന്ദത്തിന്റെ ഉറവിടം
സമസ്ത ജീവരാശിയും അന്വേഷിക്കുന്ന ഈ ആനന്ദം എവിടെ കുടികൊള്ളുന്നു? ഭൗതികമായ പ്രപഞ്ചവസ്തുക്കളിലും സ്ഥാനമാനങ്ങളിലും സമ്പത്തിലും ആനന്ദമിരിക്കുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം. കാരണം അവ ലഭിക്കുമ്പോള്‍ ആനന്ദം അനുഭവപ്പെടുന്നു എന്നതുതന്നെ. തന്മൂലം മനുഷ്യന്‍ ഭൗതികവസ്തുക്കള്‍ക്കും, സ്ഥാനോപലബ്ധിക്കുമായി പരക്കം പായുന്നു. സ്വാര്‍ത്ഥതയുടെ കന്മതിലുകള്‍ക്കുള്ളില്‍ തന്നെത്തന്നെ ബന്ധിക്കാനും വിദ്വേഷത്തിന്റെ വിഷബീജം എങ്ങും വിതയ്ക്കാനും ഇതു കാരണമായിത്തീരുന്നു. വ്യക്തി ജീവിതത്തെയും സമൂഹ ജീവിതത്തെയും രാഷ്ട്രജീവിതത്തെയും പ്രപഞ്ചത്തെ ആകമാനംതന്നെയും ദ്വേഷകലുഷിതവും കലാപപൂര്‍ണ്ണവുമാക്കിത്തീര്‍ക്കുന്നതില്‍ ഇതു വഹിക്കുന്ന പങ്ക് ചെറുതല്ല. മാനവരാശിയുടെ ചരിത്രം ലഭ്യമായുള്ളിടത്തോളം പരിശോധിച്ചു നോക്കിയാല്‍ തെളിയുന്ന വസ്തുതയാണിത്. കൊച്ചു കൊച്ചാഗ്രഹങ്ങള്‍ക്കായി സമസൃഷ്ടങ്ങളെ നോവിക്കുന്ന സാധാരണ മനുഷ്യന്‍ മുതല്‍ ആയിരങ്ങളെ നിഷ്‌കരുണം കണ്ണുനീരിലും രക്തത്തിലും കുളിപ്പിക്കുന്ന രാഷ്ട്രാധിപന്മാര്‍വരെ ഇത്തരക്കാരുടെ ഒരു നീണ്ടനിരതന്നെ നമുക്കു കാണാം. വാര്‍ദ്ധക്യത്തില്‍ പ്രവര്‍ത്തനശേഷിയെല്ലാം നഷ്ടപ്പെട്ടു എങ്ങാനും ചടഞ്ഞുകൂടുന്ന ഇക്കൂട്ടര്‍ സ്വന്തം വിജയങ്ങളുടെ കണക്കെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാലന്‍സ് ഷീറ്റില്‍ നേട്ടങ്ങളെക്കാളേറെ കോട്ടങ്ങളായിരിക്കും മുന്നിട്ടുനില്‍ക്കുക. സുഖത്തിനുവേണ്ടി അവനവന്റേതായ രീതിയില്‍ ചാടിപ്പുറപ്പെട്ടു തനിക്കും ലോകത്തിനും ദുഃഖം കൊയ്തുകൂട്ടുന്ന ദൗര്‍ഭാഗ്യത്തിന്റെ ഇരയാണ് ഭൗതികതയില്‍ ഭ്രമിക്കുന്ന എല്ലാ കാലത്തേയും മനുഷ്യന്‍.
Discussion about this post