തൃശൂര്‍: ആരോഗ്യ സുരക്ഷാരംഗത്ത് ഇന്ത്യയ്ക്കു തനതായ പാരമ്പര്യം അവകാശപ്പെടാനാകുമെന്നു സംസ്ഥാന ഗവര്‍ണര്‍ നിഖില്‍കുമാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ച ഔഷധകേരളം -ആയുഷ് എക്സ്പോ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വളരെ അത്ഭുതകരമായ ചരിത്രമാണ് ആയൂര്‍വേദത്തിന്റേത്. വിവിധ ചികിത്സാരീതികള്‍ പുരോഗമിക്കുന്നതിനുമുമ്പെ വേദകാലഘട്ടത്തില്‍ ആയൂര്‍വേദാചാര്യായ ചരകന്‍ ഔഷധ സസ്യങ്ങളുപയോഗിച്ചു ശസ്ത്രക്രിയ നടത്തിയിരുന്ന കാര്യവും അദ്ദേഹം ഓര്‍മിച്ചു. ചികിത്സാരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ആരോഗ്യം സംസ്ഥാ വിഷയമാക്കുന്നതിനു കേന്ദ്രം നടപടി സ്വീകരിച്ചത്. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഭേദപ്പെട്ട ചികിത്സയും ഇന്നു ലഭ്യമാക്കുന്നുണ്ട്. ശാസ്ത്രപുരോഗതിയുടെ നേട്ടവും നമുക്കുണ്ട്. അതുകൊണ്ടാണ് ആയൂര്‍വേദ യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആയൂഷ് വകുപ്പ് ഉടന്‍ രൂപീകരിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയൂര്‍വേദ ആശുപത്രികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടര്‍ എം.എസ്. ജയ ആമുഖ പ്രഭാഷണം നടത്തി. കെയര്‍ കേരളം ചെയര്‍മാന്‍ പത്മശ്രീ ഡോ. പി.എന്‍. കൃഷ്ണകുമാര്‍, മേയര്‍ ഐ.പി. പോള്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ.ടി. നാരായണന്‍ മൂസ്, പത്മശ്രീ ഡോ. പി. പുഷ്പാംഗദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍, പത്മഭൂഷന്‍ പി.കെ. വാര്യര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇരുവരുടേയും അഭാവത്തില്‍ പ്രതിനിധികള്‍ ആദരമേറ്റുവാങ്ങി.
Discussion about this post