തിരുവനന്തപുരം: ഗ്രീന്‍ ട്രൈബൂണല്‍ മുമ്പാകെ കേന്ദ്ര പരിസ്ഥിതി വകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
സാറ്റ്‌ലൈറ്റ് ഉപയോഗിച്ച് പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ തിട്ടപ്പെടുത്താന്‍ അവലംബിച്ച രീതി യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനങ്ങളും സമരങ്ങളുമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതു സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്തി അഭിപ്രായങ്ങള്‍ സ്വരൂപിച്ച് ഡിസംബര്‍ മൂന്നാം വാരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ അവസാന അഭിപ്രായത്തിന് രൂപം നല്‍കും. നവംബര്‍ 16 ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തില്‍ പറഞ്ഞിട്ടുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ നേരിട്ട് വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നതുപോലെ ചതുരശ്ര കിലോമീറ്ററില്‍ നൂറിലധികം ജനസാന്ദ്രതയുള്ള തോട്ടങ്ങള്‍, ആവാസ മേഖല, കാര്‍ഷികമേഖല എന്നിവയും 1977-ന് മുമ്പ് കൈവശംവച്ചിട്ടുള്ള റവന്യൂ ഭൂമിയും ഇ.എസ്.എയില്‍ നിന്നും ഒഴിവാക്കണം. കൂടാതെ പരിസ്ഥിതിലോല പ്രദേശത്തിന് 10 ച.കി.മീ ചുറ്റളവ് ബഫര്‍ മേഖലയാക്കണമെന്ന ശിപാര്‍ശയും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Discussion about this post