ന്യൂയോര്‍ക്ക്: യുഎസില്‍ അറസ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് യുഎസ്. വിഷയത്തില്‍ ഇന്ത്യയോടു മാപ്പു പറയില്ല. നിയമത്തില്‍ നിന്ന് ആര്‍ക്കും ഒഴിവാകാന്‍ സാധിക്കില്ലെന്നും യുഎസ് സ്റേറ്റ് വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നു പറയുന്നതൊടൊപ്പമാണ് കേസ് പിന്‍വലിക്കില്ലെന്ന യുഎസ് നിലപാട്. കേസ് പിന്‍വലിക്കാന്‍ ന്യൂയോര്‍ക്കിലെ യുഎസ് അറ്റോര്‍ണി പ്രീത് ബരാരയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന വാര്‍ത്ത സത്യമല്ലെന്നും യുഎസ് സ്റേറ്റ് ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ യുഎസ് രാഷ്ട്രീയകാര്യ സ്റേറ്റ് അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗിനെ ഫോണില്‍ വിളിച്ചിരുന്നു. കേസ് കൈകാര്യം ചെയ്ത രീതിയിലാണ് ഖേദം അറിയിച്ചതെന്നും അതേസമയം, ദേവയാനിക്കെതിരായ കേസ് ഗൗരവമുള്ളതാണെന്നും മേരി ഹാര്‍ഫ് അറിയിച്ചു.
Discussion about this post