മഹാഭാരതമെന്ന ഇതിഹാസം എല്ലാ കാലത്തേക്കുമായി മാനവരാശിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന മഹത്തായ ഗ്രന്ഥമാണ്. കൗരവസഭയില്‍വച്ച് പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തിയ ദുശ്ശാസനന്റെ അന്ത്യം എന്തായിരുന്നുവെന്നത് അധര്‍മ്മികളെ എന്നും ഓര്‍മപ്പെടുത്തുവാനുള്ള പാഠമാണ്. അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ദേവയാനി ഖൊബ്രഗഡെയ്ക്ക് ഉണ്ടായ ദുരനുഭവം പാഞ്ചാലിക്കു സമാനമാണ്. പക്ഷേ ശ്രീകൃഷ്ണന്റെ കരങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് പാഞ്ചാലിക്കു മാനം രക്ഷിക്കാനായി. എന്നാല്‍ ഒരു കൃഷ്ണന്റെ അഭാവംമൂലം ദേവയാനിക്ക് തന്റെ സ്ത്രീത്വത്തിനു നേരെയുണ്ടായ അപമാനം നേരിടേണ്ടിവന്നു.
വീട്ടുവേലക്കാരി നല്‍കിയ പരാതിയുടെ പേരിലാണ് ദേവയാനിക്കെതിരെ നടപടികളുണ്ടായത്. തന്റെ കുട്ടിയെ സ്‌കൂളില്‍ വിടാന്‍ വന്നപ്പോള്‍ അവിടെവച്ച് അമേരിക്കന്‍ പോലീസ് അറസ്റ്റുചെയ്യുകയും കൈയാമംവച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥയാണെന്നറിയിച്ചിട്ടും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള നാടകമാണ് അമേരിക്കന്‍ പോലീസ് നടത്തിയത്. മാത്രമല്ല, അവരെ വിവസ്ത്രയാക്കി രഹസ്യഭാഗങ്ങളില്‍പോലും പരിശോധിക്കുകയും ശരീരസ്രാവങ്ങള്‍ എടുക്കുകയും ചെയ്തു. കൂടാതെ കള്ളന്മാരോടും സ്വവര്‍ഗ്ഗരതിക്കാരോടുമൊക്കെ ലോക്കപ്പിലടയ്ക്കുകയും ചെയ്തു.
വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നയതന്ത്രജ്ഞര്‍ക്കു ലഭിക്കേണ്ട പരിരക്ഷ ലഭിച്ചില്ലെന്നു മാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനമാണ് ദേവയാനിയോടു കാട്ടിയത്. വീട്ടുജോലിക്കാരിക്ക് കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കിയില്ലെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ അതു ശരിയാണെങ്കില്‍ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം ഒരു നയതന്ത്രജ്ഞയ്ക്കു നല്‍കേണ്ട എല്ലാ മാന്യതയും പരിരക്ഷയും നല്‍കിക്കൊണ്ട് കേസെടുക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു. എന്നാല്‍ ദേവയാനിയോടു കാട്ടിയത് ഒരു ഗൂഢാലോചനയുടെ ഫലമായുണ്ടായ നടപടികളാണെന്ന് പ്രഥമദൃഷ്ട്യാതന്നെ ബോധ്യമാണ്. ഈ നടപടികള്‍ക്കു പിന്നില്‍ ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ വംശജനായ യുഎസ് അറ്റോര്‍ണി ജനറല്‍ പ്രീത് ഭരാരയാണ് എന്നതാണ് ഏറെ ഖേദകരം.
സൈനികമായും സാമ്പത്തികമായും ലോകത്തെ വന്‍ ശക്തിയാണെന്ന ധാര്‍ഷ്ട്യവും ഔദ്ധത്യവുമാണ് അമേരിക്കയെ നയിക്കുന്നത്. കൈയൂക്കുള്ളവന്‍ കാര്യക്കാരനെന്നത് പ്രാകൃതമായ മാനസികാവസ്ഥയാണ് ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമെന്ന് ചങ്കൂറ്റംകൊള്ളുന്ന അമേരിക്കയ്ക്കുള്ളത്. ഏതാനും നൂറ്റാണ്ടുകളുടെ മാത്രം ചരിത്രമുള്ള ഒരു രാജ്യമാണ് അമേരിക്ക. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറയുന്നതുപോലെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വന്നുപെട്ടവര്‍ ചേര്‍ന്നു രൂപംകൊടുത്ത ഒരു രാജ്യമെന്നതിനപ്പുറത്ത് സ്വന്തം സ്വത്വം അതിനവകാശപ്പെടാനാവില്ല. അമേരിക്കയുടെ തനത് മക്കളായ റെഡ് ഇന്ത്യന്‍സ് എന്ന ഗോത്രവര്‍ഗ്ഗക്കാരെ മുഴുവന്‍ പീഡിപ്പിച്ച് കൊന്നൊടുക്കിയ ചരിത്രമാണ് ഇന്ന് ലോകപോലീസ് ചമയുന്ന അമേരിക്കയ്ക്കുള്ളത്.
സഹസ്രാബാദങ്ങളുടെ പാരമ്പര്യമുള്ള സനാതന തത്വസംഹിതയുടെ പുണ്യഭൂമിയാണ് ഭാരതം. ധര്‍മ്മമാണ് അതിന്റെ ശക്തിശ്രോതസ്സ്. അമേരിക്കയ്ക്ക് ഇനിയും അറിയാന്‍ കഴിയാത്ത രാഷ്ട്രത്തിന്റെ ആത്മബോധമെന്ന സമഷ്ടി ഭാരതത്തിനുണ്ട്. അതാണ് ഈ ധര്‍മ്മഭൂമിയെ ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനിര്‍ത്തുന്നത്. ആ മണ്ണില്‍നിന്ന് എത്തിയ ഒരു വനിതയെയാണ് അധമന്മാരായ അമേരിക്കക്കാര്‍ അവഹേളിച്ചത്. ഭാരതത്തിന്റെ പ്രതിപുരുഷയായ ദേവയാനിയെ അപമാനിച്ചതിലൂടെ ഭാരതത്തെത്തന്നെയാണ് അപമാനിച്ചത്. അഭിമാനവും നട്ടെല്ലുമുള്ള ഒരു ജനതയാണ് ഭാരതത്തിലേതെന്ന് കാട്ടിക്കൊടുക്കാനുള്ള അവസരമാണ് നമ്മുടെ മുന്നിലുള്ളത്.
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവരെ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വച്ച് പരിശോധനയുടെ പേരില്‍ അപമാനിച്ചപ്പോള്‍ ഭാരതത്തിന്റെ ഭരണാധികാരികള്‍ക്ക് മുട്ടുവിറച്ചതിന്റെ പേരില്‍ ശരിയായി പ്രതികരിക്കാനായില്ല. അതിന്റെ പരിണിത ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഭാരതത്തോട് മാപ്പ് പറയണമെന്നും കേസ് പിന്‍വലിക്കണമെന്നുമുള്ള ആവശ്യം നിഷേധിച്ചതിലൂടെ അമേരിക്ക കാട്ടാളനീതിയുടെ വിശ്വരൂപമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഭാരതം ഈ പ്രശ്‌നത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകരുത്. മറ്റെന്തും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാം. അഭിമാനം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടെന്നാണെന്നര്‍ത്ഥം. ഭാരതത്തിന്റെ ധര്‍മ്മബോധവും സ്വാഭിമാനവും നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകരുത്. പരമാധികാരമുള്ള ഒരു രാഷ്ട്രത്തോട് ഇനിയും കളിവേണ്ടെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ഡല്‍ഹിയിലെ ഭരണാധികാരികള്‍ക്ക് കഴിയണം. ഇന്ത്യയ്ക്കും നട്ടെല്ലുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. ഗാന്ധിജി പഠിപ്പിച്ച നിര്‍ഭയത്വം എന്താണെന്ന് കാട്ടിക്കൊടുക്കണം.
Discussion about this post