കൊച്ചി : വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതിക്ക് ജയിലില്‍ പണം നല്‍കാന്‍ ശ്രമം. കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറാം പ്രതി അബ്ദുള്‍ സത്താറിന് പുസ്തകത്തിനിടയില്‍ വെച്ച് പണം നല്‍കാനാണ് ശ്രമമുണ്ടായത്. ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ അബ്ദുള്‍ സത്താറിന്റെ ജ്യേഷ്ഠന്‍ പണം നല്‍കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ആയിരത്തിന്റെ പത്ത് നോട്ടുകളാണ് പുസ്തകത്തിന്റെ കവറിനോടൊപ്പം ഉണ്ടായിരുന്നത്.
ജയിലില്‍ കഴിയുന്ന പ്രതികളുടെ കൈയിലേക്ക് ധാരാളം പണം കിട്ടുന്നുണ്ടെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് പണത്തിന്റെ കൈമാറ്റ രീതി കൈയോടെ പിടിയിലായത്. ഈ പണം നടപടികള്‍ പൂര്‍ത്തിയാക്കി ട്രഷറിയില്‍ അടയ്ക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. പണം കൈമാറാന്‍ ശ്രമിച്ചത് കൈയോടെ കണ്ടെത്തിയിട്ടും സംഭവം നിസ്സാരവത്കരിച്ചത് ഇതിനകം വിവാദമായിട്ടുണ്ട്. പണം നല്‍കിയതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പ്രതിയുടെ ജ്യേഷ്ഠനില്‍ നിന്ന് എഴുതി വാങ്ങിയ ശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു.
ജയിലില്‍ സുഖ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ പണം ഉപയോഗിക്കുന്നതെന്നാണ് സൂചന. ടി.പി. വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലുകളില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും, റിമാന്‍ഡ് പ്രതികള്‍ കഴിയുന്ന മറ്റ് ജില്ലാ ജയിലിലും സബ് ജയിലുകളിലും ആവശ്യത്തിന് പരിശോധനകള്‍ ഇല്ലെന്നാണ് ആക്ഷേപം. പണം ജയിലിലെ ജീവനക്കാരുടെ കൈകളിലേക്ക് എത്തുമെന്നതിനാല്‍ അവരും ഇത് കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണമുണ്ട്.
അതേസമയം, തീവ്രവാദ കേസിലെ പ്രതിയുടെ കൈവശം പണം കിട്ടിയത് പോലീസ് ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. ‘അപ്രിയ സത്യങ്ങള്‍’ എന്ന പുസ്തകത്തോടൊപ്പമാണ് പണം നല്‍കാന്‍ ശ്രമമുണ്ടായത്. ഇതിനാല്‍ പുസ്തകം വായന ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര പോലീസും കേസെടുത്ത് അന്വേഷിക്കും. ഇതിനു മുന്‍പും പണം നല്‍കിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാനാണ് തീരുമാനം.
തീവ്രവാദ കേസ് പ്രതികളെ ഉള്‍പ്പെടെ ചിറ്റേത്തുകരയിലെ ജില്ലാ ജയിലില്‍ കുത്തിനിറച്ചാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജയിലിന്റെ ചുറ്റുമതില്‍ തൊട്ടാല്‍ വീഴുന്ന പരുവത്തിലാണ്. ജയില്‍ വളപ്പിന്റെ വടക്കു കിഴക്കു ഭാഗത്തെ മതിലാണ് ജീര്‍ണാവസ്ഥയിലുള്ളത്. ഇവിടെ ഉയരവും കുറവാണ്. ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്താനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ നിന്ന് മൊബൈല്‍ ഫോണ്‍ നേരത്തെ പിടികൂടിയിട്ടുണ്ട്. ജയില്‍ വാര്‍ഡന്‍മാരുടെ കുറവാണ് മറ്റൊരു പോരായ്മ. 30 വാര്‍ഡന്‍മാര്‍ വേണ്ടിടത്ത് 14 പേരെ വെച്ചാണ് തടവുകാരെ പരിപാലിക്കുന്നത്. 133 തടവുകാര്‍ക്ക് താമസിക്കാന്‍ ഇടമുള്ള ഇവിടെ 200-ലേറെ തടവുകാരാണ് ഉള്ളത്.
Discussion about this post