അഴിമതി ‘മഹത്വവത്ക്കരിച്ച’ അത്യന്തം ഭയാനകമായ ഒരു കാലഘട്ടത്തിലൂടെയാണ് ഭാരതം കടന്നുപോകുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അഴിമതിയെന്ന അര്‍ബുദം ഗ്രസിച്ചുകഴിഞ്ഞു. ഇതിനെതിരെ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പലപ്പോഴും വനരോദനമായാണ് കലാശിക്കുന്നത്. ആദര്‍ശവാദികളെയും സത്യസന്ധരെയും അപഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ദുരന്ത കാലമായി മാറിയിരിക്കുന്നു വര്‍ത്തമാന നാളുകള്‍. ഈ സാഹചര്യത്തിലാണ് അഴിമതിക്കാരെ വെടിവച്ചുകൊല്ലണമെന്ന ധീരമായ ശബ്ദമുയര്‍ന്നത്.
കേരളാ പോലീസിലെ സത്യസന്ധനെന്നു പേരുകേട്ട ഓഫീസര്‍മാരില്‍ ഒരാളായിരുന്ന മുന്‍ എ.ഡി.ജി.പിയും ഇന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണറുമായ സിബി മാത്യൂസാണ് അഴിമതിക്കെതിരെ തന്റെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണജൂബിലിയുടെ ഭാഗമായി നടന്ന ‘ഭരണവും അഴിമതി നിര്‍മാര്‍ജ്ജനവും’ എന്ന സെമിനാറില്‍ സംസാരിക്കവെയാണ് അഴിമതിക്കാരെ വെടിവച്ചുകൊല്ലണമെന്ന് അദ്ദേഹം തുറന്നു പ്രഖ്യാപിച്ചത്.
ഭാരതത്തിലെ പരമാവധി ശിക്ഷ തൂക്കിക്കൊലയാണ്. അതും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രം. അഴിമതിക്കാരെ വെടിവച്ചുകൊല്ലുന്നത് ചൈനയിലാണ്. അത് കടമെടുത്തുകൊണ്ട് അദ്ദേഹം ഇതു പറഞ്ഞതാകാം. എന്തായാലും അഴിമതി കൊലപാതകംപോലെതന്നെ അത്യന്തം ക്രൂരമായ കുറ്റംതന്നെയാണ്. കൊലപാതകം ഒരു ജീവനെയാണ് നഷ്ടപ്പെടുത്തുന്നതെങ്കില്‍ അഴിമതി രാഷ്ട്രത്തിന്റെ മജ്ജയും മാംസവുമാണ് ഊറ്റിക്കുടിക്കുന്നത്. ഇതിലൂടെ ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരാറിലാകുമെന്നു മാത്രമല്ല മൂല്യങ്ങളില്‍ വിശ്വാസമില്ലാത്ത ഒരു ജനത രൂപംകൊള്ളുകയും ചെയ്യും.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരത്തിന് പ്രത്യേകമായി സ്ഥാനമുള്ളത് അതിന്റെ ധാര്‍മ്മിക അടിത്തറകൊണ്ടാണ്. ധര്‍മ്മനിരതമല്ലാത്ത ജീവിതത്തനെ ഭാരതീയ പരമ്പര്യം അംഗീകരിക്കുന്നില്ല. അഴിമതി എന്നത് അധര്‍മ്മത്തിന്റെ പര്‍വതരൂപമാണ്. വിശന്നാല്‍ ഒരു കരിക്കു മോഷ്ടിക്കുന്നവനെ കള്ളനാക്കുന്ന നാട്ടിലാണ് ലക്ഷക്കണക്കിനു കോടി രൂപ പൊതു മുതലില്‍നിന്നു കട്ടുകൊണ്ടുപോകുന്നത്. ഇതിന് അറുതിവരുത്താന്‍ അഴിമതിക്കാര്‍ക്ക് പരമാവധി ശിക്ഷ നല്കുന്ന നിയമം ഇന്ത്യയില്‍ നടപ്പാക്കുകതന്നെ വേണം. അഴിമതിക്കെതിരെയുള്ള തന്റെ ആത്മരോഷമാണ് സിബി മാത്യൂസ് പ്രകടിപ്പിച്ചതെങ്കിലും അത് സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ ഹൃദയവികാരമാണ്. അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന് ചൈനയുടെ പാത പിന്തുടരേണ്ട അനിവാര്യമായ സാഹചര്യമാണ് ഭാരത്തിലുള്ളത്.
Discussion about this post