മലയാള ചലച്ചിത്ര രംഗത്തെ ഭാവസാന്ദ്രമായ ഗാനങ്ങള്‍കൊണ്ട് ധന്യമാക്കിയ കെ.പി.ഉദയഭാനു വിടവാങ്ങുമ്പോള്‍ അത് ചലച്ചിത്രഗാനശാഖയിലെ ഒരു കാലഘട്ടത്തിന്റെകൂടി അസ്തമയമാണ്. മലയാളിയുടെ മനസ്സില്‍ ശോകത്തിന്റെയും വിരഹത്തിന്റെയും കണ്ണുനീരിന്റെയുമൊക്കെ ഭാവാക്ഷരങ്ങള്‍ ശബ്ദത്തിലൂടെ അടയാളപ്പെടുത്തിയ മഹാഗായകനാണ് കെ.പി.ഉദയഭാനു. മലയാളചലച്ചിത്ര ഗാനശാഖയില്‍ ഒരു സംക്രമകാലഘട്ടത്തിലെ ഗായകനായാണ് ഉദയഭാനു ഉദയംചെയ്തത്. ശോകസാന്ദ്രമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. ചെറിയ ഒരു കാലഘട്ടംമാത്രമാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് നിറഞ്ഞുനിന്നത്. എങ്കിലും മലയാളിയുടെ മനസ്സില്‍ എക്കാലത്തും ഓര്‍മ്മിക്കാന്‍ ഒരുപിടി ഗാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം വിടവാങ്ങിയത്.
മയില്‍പ്പീലി സ്പര്‍ശംപോലെ ഹൃദയതന്ത്രികളെ സാന്ദ്രമാക്കുന്ന ശബ്ദവുമായി പുതിയ ഗായകര്‍ കടന്നുവന്നപ്പോള്‍ ഉദയഭാനു ഈ രംഗത്തുനിന്ന് സ്വയം ഉള്‍വലിയുകയായിരുന്നു. പിന്നീട് മലയാളത്തില്‍ നിറഞ്ഞുനിന്ന സംഗീതസംവിധായകര്‍ ഉദയഭാനുവിന്റെ ശബ്ദം പ്രയോജനപ്പെടുത്താതെപോയത് ഇന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധമാണ് ഉളവാകുന്നത്. അവസരങ്ങള്‍ക്കുവേണ്ടി ആരുടെയും പുറകേപോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. വേണമെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യം ഉപയോഗപ്പെടുത്തി ഈ രംഗത്ത് നറഞ്ഞു നില്‍ക്കാമായിരുന്നു. മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരായിരുന്ന കെ.പി.കേശവമേനോന്റെ സഹോദരീ പുത്രനായിരുന്നു ഉദയഭാനു.
ഗായകനെന്നപോലെ നന്മനിറഞ്ഞ ഒരു മനുഷ്യനുമായിരുന്നു ഉദയഭാനു. ചലച്ചിത്ര രംഗത്തു നിറഞ്ഞുനിന്നപ്പോള്‍ താന്‍ പാടേണ്ട ഒരു പാട്ട് പനികാരണം യേശുദാസിനെക്കൊണ്ട് പാടിക്കാന്‍ സംഗീതസംവിധായകനായ ജോബിനോട് പറഞ്ഞത് ഉദയഭാനുതന്നെയാണ്. അന്ന് ചലച്ചിത്രരംഗത്ത് പിച്ചവയ്ക്കാന്‍ തുടങ്ങിയ യേശുദാസ് അത് നിരസിച്ചെങ്കിലും ഉദയഭാനുവിന്റെ നിര്‍ബന്ധംകാരണം അദ്ദേഹം പാടുകയായിരുന്നു. പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തില്‍ ജോബ് എന്ന സംഗീത സംവിധായകന്റെ മാസ്റ്റര്‍പീസായ ‘അല്ലിയാമ്പല്‍ കടവില്‍ അന്ന് അരയ്ക്കുവെള്ളം’ എന്ന പാട്ടായിരുന്നു അത്. യേശുദാസിനെ ഏറെ പ്രശ്‌സ്തനാക്കിയ ഗാനമാണിത്. ഒരുപക്ഷെ യേശുദാസ് തന്നെ ഈ പാട്ടുപാടാനായത് വിധിയുടെ നിയോഗമാകാം. പിന്നീട് യേശുദാസിന് ചലച്ചിത്ര രംഗത്ത് തിരിഞ്ഞുനോക്കേണ്ടിവന്നില്ല എന്നത് ചരിത്രം. എന്നിട്ടും ഒരവകാശവാദവും ഉന്നയിക്കാതെ, ആരോടും പരിഭവമില്ലാതെ ഉദയഭാനു തന്റെ സംഗീതസപര്യ ഇക്കാലമത്രയും തുടരുകയായിരുന്നു. കുതികാല്‍വെട്ടും മറ്റുള്ളവരുടെ അവസരങ്ങള്‍ സ്വന്തമാക്കുയും ഒക്കെ ചെയ്യുന്ന ചലച്ചിത്ര മേഖലയില്‍ സ്വന്തം അവസരം മറ്റൊരു നവാഗതന് നിറഞ്ഞഹൃദയവുമായി നല്‍കിയ വലിയ മനസ്സിന്റെ ഉടമയായിരുന്നു ഉദയഭാനു.
വാര്‍ദ്ധക്യത്തിന്റെ അവശത ബാധിച്ചിട്ടും ശബ്ദത്തില്‍ ഒരു മാറ്റവും സംഭവിക്കാത്ത ഗായകനായിരുന്നു ഉദയഭാനു. മാത്രമല്ല സിനിമയില്‍ റിക്കാര്‍ഡ് ചെയ്ത അതേ പിച്ചില്‍ അദ്ദേഹത്തിന് അവസാനകാലംവരെ പാടാന്‍ കഴിഞ്ഞിരുന്നു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ട്രൂപ്പുമായി മലയാളികളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി അദ്ദേഹം ഭാരതത്തിലുടനീളവും പുറത്തുമൊക്കെ പാടി നടന്നു. അപ്പോഴും സിനിമയില്‍ പാടിയ അതേ ഭാവ തലത്തില്‍ത്തന്നെ പാടാന്‍ കഴിഞ്ഞു. ഉദയഭാനുവിനു ശേഷം രംഗത്തുവന്ന മറ്റു പല ഗായകര്‍ക്കും ഇല്ലാതെപോയ ഒരു കഴിവായിരുന്നു ഇത്. എന്നിട്ടും ഭാവാര്‍ദ്രമായ ആ ശബ്ദം നാം വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയില്ല.
നിണമണിഞ്ഞ കാല്‍പ്പാടുകളിലെ ‘അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം’, രമണനിലെ ‘വെള്ളിനക്ഷത്രമേ നിന്നെനോക്കി’ ലൈലാമജ്‌നുവിലെ ‘ചുടുകണ്ണീരാലെന്‍ ജീവിതകഥഞാന്‍’ തുടങ്ങിയ ഗാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് വിഷാദത്തിന്റെ കണ്ണീര്‍ സ്പര്‍ശമാണ്. അത് ശ്രോതാവിന്റെ ഹൃദയത്തില്‍ അനുഭവിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഉദയഭാനുവിന്റെ ആലാപനത്തിന്റെ പ്രത്യേകത. ചലച്ചിത്ര സംഗീത സംവിധാന രംഗത്തും അദ്ദേഹം മുദ്ര പതിപ്പിച്ചു. സമസ്യ എന്ന ചിത്രത്തില്‍ ‘കിളിചിലച്ചു’ എന്ന ഗാനം എക്കാലത്തും മലയാളി നെഞ്ചിലേറ്റുന്നതാണ്. പിന്നീട് ദേശഭക്തി ഗാനരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവന നിസ്തുലമാണ്.
ഉദയഭാനു കടന്നുപോകുമ്പോള്‍ മലയാളിയുടെ മനസില്‍ ആ ഗായകന്‍ നിറഞ്ഞുനില്‍ക്കുന്നത് ഭാവസാന്ദ്രമായ ഒരുപിടി ഗാനങ്ങളിലൂടെയാണ്. ആ ഗാനങ്ങള്‍ക്ക് മരണമില്ല. അതുകൊണ്ടുതന്നെ ഉദയഭാനുവും അമര്‍ത്യനാണ്. ആ മഹാഗായകന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍.
Discussion about this post