തിരുവനന്തപുരം: കാരുണ്യമര്‍ഹിക്കുന്നവരെ സഹായിക്കുകയെന്നത് പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സാമൂഹ്യസുരക്ഷാ മിഷന്റ വീ-കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹരായവര്‍ക്ക് ആവശ്യമായ സഹായം യഥാസമയം ലഭ്യമാക്കുന്നതിന് തടസമാകുന്ന ചട്ടങ്ങളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തൊട്ടാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൈത്താങ്ങ് ആവശ്യമുളള നിരവധിപ്പേരുടെ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഇത്തരക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ സഹായകരമായത് സാമൂഹ്യ സുരക്ഷാമിഷന്റെ പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
രോഗങ്ങള്‍ കുടുംബങ്ങളെ ദാരിദ്ര്യത്തിലാഴ്ത്തുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. സമൂഹത്തിന്റെ ഈ വര്‍ത്തമാനകാലദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം പര്യാപ്തമാവില്ല. ലോകത്തിന്റെ ഏതുഭാഗത്തുമുളള സ്ഥാപനങ്ങള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും കേരളത്തിന്റെ സാമൂഹ്യസുരക്ഷയ്ക്ക് പിന്തുണനല്‍കാന്‍ കഴിയുന്ന തരത്തിലാണ് വീ- കെയര്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലോലം, കാന്‍സര്‍ സുരക്ഷ, ശ്രുതിതരംഗം സ്‌നേഹപൂര്‍വ്വം എന്നീ പദ്ധതികളിലെ കുട്ടികള്‍ ഭദ്രദീപം തെളിയിച്ചാണ് വീ- കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ വീ- കെയര്‍ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാമൂഹ്യനീതി വകുപ്പ് ലോഗോ മന്ത്രി ഡോ.എം.കെ.മുനീറും പ്രകാശനം ചെയ്തു. സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് ലോഗോയും സാമൂഹ്യസുരക്ഷാ ഗൈഡും ചടങ്ങില്‍ പ്രകാശിപ്പിച്ചു. മേയര്‍ അഡ്വ.കെ.ചന്ദ്രിക, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം, പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വീരമണികണ്ഠന്‍, ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ഇ.ഫൈസല്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ടി.പി.അഷ്‌റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post