നിലവിലുള്ള എല്ലാ നിയമങ്ങളെയും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പരിപാവനതയെയും ദേശവാസികളുടെ എതിര്‍പ്പിനെയും ദേശത്തിന്റെ നിലനില്‍പ്പിനെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു ആറന്മുള വിമാനത്താവള ലോബിയുടെ കറുത്ത മുഖം വെളിപ്പെടുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്. ഹൈക്കോടതിയാണ് അഭിഭാഷക കമ്മിഷനെ നിയോഗിച്ചിരുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളം ആറന്മുള ക്ഷേത്രത്തിനും പരിസ്ഥിതിക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഒന്നാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ളതാണ് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രം. ആറന്മുള ക്ഷേത്രം മധ്യതിരുവിതാംകൂറിന്റെ സംസ്‌ക്കാരവുമായി ഇഴുകിച്ചേര്‍ന്നതാണ്. വിമാനത്താവളത്തിന്റെ നിര്‍മ്മാണം ക്ഷേത്രത്തിന്റെ പരിപാവനതയ്ക്കും ശാന്തതയ്ക്കും ഭീഷണിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആചാരാനുഷ്ഠാനങ്ങളെയും വിമാനത്താവളം പ്രതികൂലമായി ബാധിക്കും. വിമാനത്താവളത്തില്‍നിന്നുള്ള ശബ്ദ മലിനീകരണവും ക്ഷേത്രത്തിലെ പുരാതനമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘാതമാകും.
വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് രാജ്യത്താകമാനം പുലര്‍ത്തിവരുന്ന ചില ചട്ടങ്ങളുണ്ട്. ഇതനുസരിച്ച് നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ആകാശദൂരത്തില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്നാണ് ചട്ടം. നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിലേക്ക് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍നിന്ന് 98 കി.മീറ്റര്‍ മാത്രമേ ആകാശദൂരമുള്ള. അതുകൊണ്ടുതന്നെ ആറന്മുളയില്‍ ഒരു വിമാനത്താവളത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധ്യമല്ല. ദൂരത്തിന്റെ ചട്ടം മറികടക്കുക മാത്രമല്ല, ഭൂമി ഏറ്റെടുക്കുന്നതിലും പാരിസ്ഥിതിക അനുമതി നേടിയെടുക്കുന്നതിലുമൊക്കെ രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് വിമാനത്താവള നിര്‍മ്മാണത്തിനു മുന്നോട്ടുപോയത്. തെറ്റായ വിവരങ്ങളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ ഹൈന്ദവസമൂഹത്തിനു ഭൂരിപക്ഷമുള്ള ഒരു മേഖലയില്‍ നടത്തുന്ന കടന്നുകയറ്റമാണ് ആറന്മുളയിലുണ്ടായത്. മധ്യതിരുവിതാംകൂറിന്റെ സംസ്‌കാരമാകെ നശിപ്പിച്ചുകൊണ്ട് ക്രൈസ്തവ ലോബിക്ക് പിടിമുറുക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടോ എന്ന സംശയം തുടക്കം മുതല്‍ ബലപ്പെട്ടിരുന്നു.
ഒരു ക്ഷേത്രത്തിന്റെ പ്രധാന ഘടകമാണ് കൊടിമരമെന്നത്. ആറന്മുളയില്‍ വിമാനത്താവളം വരികയാണെങ്കില്‍ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കേണ്ടിവരും എന്ന ആശങ്കയുണ്ട്. കൊടിമരത്തിന്റെ ഉയരം ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രവുമാിയ അഭേദ്യമായി ബന്ധപ്പെട്ടതാണ്. കൊടിമരത്തിനു മുകളില്‍ വിളക്കു സ്ഥാപിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. താന്ത്രിക വിധി പ്രകാരം അത് എതിരാണ്. വിമാനത്താവളത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു. ഇതു കാരണം പഴക്കംചെന്ന ഗോപുരം ഉള്‍പ്പെടെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഭീഷണിയുണ്ടാകുമെന്നുറപ്പാണ്. പടിഞ്ഞാറെ ഗോപുരം നേരത്തെതന്നെ തകര്‍ന്നു വീണിരുന്നു. ഇതില്‍നിന്നുതന്നെ ക്ഷേത്രത്തിലെ കെട്ടിടങ്ങളും മറ്റും എത്ര പഴക്കം ചെന്നതാണെന്ന് അനുമാനിക്കാവുന്നതാണ്.
ഇതിനു പുറമെയാണ് പാരിസ്ഥിതികമായുണ്ടാകുന്ന വന്‍ ദുരന്തം. ഈ പ്രദേശങ്ങളില്‍ വയല്‍ നികത്തിയതുമൂലം ഒട്ടേറെ മത്സ്യങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വംശനാശ ഭീഷണിയുണ്ടായിട്ടുണ്. വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഈ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാകും. ഇതുപോലെതന്നെയാണ് ക്ഷേത്രത്തിന്റെ കാവല്‍ ദൈവങ്ങള്‍ കുടിയിരിക്കുന്നുവെന്നു കരുതപ്പെടുന്ന നാല് കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടിവരുന്നത്. ഹൈന്ദവവിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടിയാണിത്.
വിമാനത്താവള നിര്‍മ്മാണത്തിന് നൂറ് ശതമാനവും എതിരായ കാരണങ്ങളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ അതുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. നീതിപീഠത്തെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ ഹൈക്കോടതി അനുവദിക്കില്ലെന്നാണ് അനുമാനിക്കേണ്ടത്.
Discussion about this post