ശബരിമല: മണ്ഡല-മകരവിളക്കു തീര്‍ഥാടന കാലത്തിനു പരിസമാപ്തികുറിച്ചുകൊണ്ടു ശബരിമല ക്ഷേത്രനട തിങ്കളാഴ്ച രാവിലെ 6.30-ന് അടച്ചു. പുലര്‍ച്ചെ അഞ്ചിനു ക്ഷേത്രനട തുറന്നതിനു ശേഷം ക്ഷേത്രശ്രീകോവിലിലെ കിഴക്കേമണ്ഡപത്തില്‍ ക്ഷേത്രതന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. ഗണപതിഹോമത്തിനു ശേഷം മകരവിളക്കു ദിവസം അയ്യപ്പസ്വാമിക്കു ചാര്‍ത്തിയ തിരുവാഭരണം പേകടത്തിലാക്കി പതിനെട്ടാംപടി ഇറങ്ങി. തുടര്‍ന്നു പന്തളം രാജപ്രതിനിധി ക്ഷേത്രദര്‍ശനം നടത്തി ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി, ശ്രീകോവിലിലെ വിളക്കുകള്‍ ഓരോന്നായി അണച്ച് ഹരിവരാസനം ചൊല്ലി നട അടച്ചു. തുടര്‍ന്നു ക്ഷേത്ര ശ്രീകോവിലിന്റെ താക്കോല്‍ പന്തളം രാജപ്രതിനിധിയെ ഏല്‍പ്പിച്ചു. താക്കോല്‍ക്കൂട്ടവുമായി പതിനെട്ടാംപടി ഇറങ്ങിയ രാജപ്രതിനിധി അടുത്ത ഒരുവര്‍ഷം ക്ഷേത്രപൂജകള്‍ കൃത്യമായി നടത്തണമെന്നുപറഞ്ഞ് താക്കോല്‍കൂട്ടം മേല്‍ശാന്തിക്കു തിരികെ കൈമാറി.തുടര്‍ന്നു മേല്‍ശാന്തിയും സംഘവും മലയിറങ്ങി. രാവിലെ ഏഴോടെ എല്ലാ ക്രമങ്ങളും പൂര്‍ത്തീകരിച്ച് ദേവസ്വം അധികൃതരും മറ്റ് ഉദ്യോഗസ്ഥരും മലയിറങ്ങി.
മുന്‍വര്‍ഷത്തില്‍നിന്നു വ്യത്യസ്തമായി അന്യസംസ്ഥാന തീര്‍ഥാടകര്‍ പ്രത്യേകിച്ചും ആന്ധ്രയില്‍നിന്നുള്ള തീര്‍ഥാടകരാണ് ഏറെയും സന്നിധാനത്ത് എത്തിയിരുന്നത്. തീര്‍ഥാടനം ആരംഭിച്ച കഴിഞ്ഞ നവംബര്‍ 17 മുതല്‍ നട അടച്ച ഇന്നുവരെ എല്ലാ ദിവസങ്ങളിലും അദ്ഭൂതപൂര്‍വമായ ഭക്തജനത്തിരക്കായിരുന്നു. ഈ വര്‍ഷത്തെ വരുമാനം തന്നെ സര്‍വകാല റിക്കാര്‍ഡാണ്. ഏകദേശം 200 ഓളം കോടി രൂപയാണു വരുമാനമായി ലഭിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട നവീകരണ ജോലികള്‍ ആരംഭിക്കുമെന്നു ദേവസ്വം ബോര്‍ഡ് മെംബര്‍ സുബാഷ് വാസു അറിയിച്ചു. മാളികപ്പുറം, നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളുടെ നവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതോടൊപ്പം 22 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ശബരിമല സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന്റെ നിര്‍മാണവും അടുത്ത സീസണിനു മുമ്പായി പൂര്‍ത്തീകരിക്കും.
Discussion about this post