കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു ആര്‍ .എം.പി നേതാവായ ടി.പി.ചന്ദ്രശേഖരന്റേത്. രാഷ്ട്രീയ പ്രതിയോഗിയെ പ്രത്യയശാസ്ത്രപരമായോ ആശയപരമായോ നേരിടാന്‍ കഴിയാതെവന്നപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന് അഭിമാനിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടുനടന്ന ഉന്മൂല സിദ്ധാന്തത്തിന്റെ പ്രയോഗമായിരുന്നു അത്. കൊലപാതകം നടന്നതുമുതല്‍ തങ്ങള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു. വിധവന്നശേഷവും അവര്‍ ഇത് തന്നെ പറയുന്നു.
സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ , കുന്നുമ്മക്കര ലോക്കല്‍ക്കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്‍ , കടുങ്ങോന്‍ പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ് എന്നിവര്‍ കുറ്റക്കാരായവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കെ.സി.രാമചന്ദ്രന്‍ മാത്രമാണ് സംഭവം നടന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പ്രതി. മറ്റുള്ളവരെല്ലാം കണ്ണൂര്‍ ജില്ലക്കാരാണ്. രണ്ടു ജില്ലകളിലെ പാര്‍ട്ടിനേതാക്കള്‍ പ്രതികളായ ഈ കേസില്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. സി.പി.എമ്മിന്റെ സംഘടനാ ഘടനയനുസരിച്ച് രണ്ടു ഘടകങ്ങള്‍ തമ്മില്‍ ബന്ധപ്പെടണമെങ്കില്‍ അതിനു മുകളിലുള്ള ഘടകത്തിന്റെ അറിവോ അനുമതിയോ ഉണ്ടായിരിക്കണം. അതുകൊണ്ടാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെട്ട പാര്‍ട്ടി നേതാക്കള്‍ പ്രതികളായ കേസില്‍ ഗൂഢാലോചനയുടെ കരങ്ങള്‍ സംസ്ഥാന നേതൃത്വത്തിലേക്ക് നീളുന്നത്. ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിരുന്ന കോഴിക്കോട് ജില്ലാസെക്രട്ടേറിയേറ്റ് അംഗവും കെ.കെ.ലതിക എം.എല്‍.എയുടെ ഭര്‍ത്താവായ പി.മോഹനനെ തെളിവിന്റെ അഭാവത്തിലാണ് വെറുതെവിട്ടത്.
ടി.പി.വധക്കേസ് രാഷ്ട്രീയ കേരളത്തില്‍ പ്രസക്തമായി തീരുന്നതിന് പല കാരണങ്ങളുണ്ട്. ഇതുവരെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന ആളുകളെയാണ് പോലീസ് പ്രതികളാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ കാരണംകൊണ്ടുതന്നെ ഭൂരിഭാഗം കേസുകളും തെളിവിന്റെ അഭാവത്തില്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു. ശിക്ഷിക്കപ്പെടുന്നവര്‍ പലരും നിരപരാധികളുമാണ്. ഇതില്‍നിന്ന് വ്യത്യസ്ഥമായി യഥാര്‍ത്ഥപ്രതികളെതന്നെ ടി.പി.വധക്കേസില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് ശ്ലാഘനീയമാണ്. എന്നാല്‍ ഇതിനുപിന്നിലെ ഉന്നത ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ പോരായ്മയാണ്. അതിന് ശ്രിമിക്കാതെ സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായി എന്നു സംശയിക്കാന്‍ പല കാരണങ്ങളുണ്ട്.
കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവായ പി.മോഹനന്റെ അറസ്‌റ്റോടെയാണ് കേസന്വേഷണത്തിന്റെ ഗതി മാറിയത്. ജില്ലാ സെക്രട്ടേറിയേറ്റ് തലത്തിലുള്ള ഒരു നേതാവിനെ അറസ്റ്റുചെയ്യുമെന്ന് സി.പി.എം നേതൃത്വം ഒരിക്കലും കരുതിയില്ല. മോഹനന്റെ അറസ്റ്റ് സി.പി.എം സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുവെന്നതാണ് വാസ്തവം. പിന്നീട് അന്വേഷണം മുന്നോട്ടുപോയാല്‍ അത് ചെന്നെത്തുക കണ്ണൂര്‍ ജില്ലയിലെ സംസ്ഥാന നേതാക്കളിലായിരിക്കും. പിണറായിയെപ്പോലെ ശക്തനായ ഒരു സംസ്ഥാന സെക്രട്ടറി അറിയാതെ ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സംഭവങ്ങളൊന്നും നടക്കില്ല എന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.
കൊലപാതകത്തിനു ശേഷം കോഴിക്കോട് ജില്ലയിലെ ഒരു നേതാവ് സംസ്ഥാന നേതാവുമായി ഏതാണ്ട് ഒരു മണിക്കൂറോളം ടെലഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. ആ ഉന്നത നേതാവിനെ ചോദ്യം ചെയ്യാന്‍ ഈ തെളിവ് ധാരാളം മതിയാകുമായിരുന്നു. എന്നാല്‍ മോഹനന്റെ അറസ്‌റ്റോടെ വിറളിപൂണ്ട സംസ്ഥാന നേതാക്കള്‍ കേരളം കത്തുമെന്ന തരത്തില്‍ പ്രതികരിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്ന് പറഞ്ഞവാക്കുകളും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. ചെറിയമീനുകള്‍ മാത്രമാണ് കുടിങ്ങയതെന്നും വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും വലയ്ക്കു പുറത്തുമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആ വാക്കുകള്‍ക്ക് ഏറെ അര്‍ത്ഥ തലങ്ങളുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിലെ ഉന്നതരും സി.പി.എം സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പി.മോഹന്റെ അറസ്‌റ്റോടെ അവസാനിച്ചതെന്നത് പരസ്യമായ രഹസ്യമാണ്. സി.പി.എമ്മിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം പോലും പിന്‍വലിപ്പിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിലപേശിയത് ടി.പി.വധവുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തെ ഉപയോഗിച്ചുകൊണ്ടായിരുന്നു എന്നതു അങ്ങാടിപ്പാട്ടാണ്.
നിക്ഷ്പക്ഷതയ്ക്ക് പേരുകേട്ട ജഡ്ജിയായ ആര്‍ നാരായണ പിഷാരടിയാണ് വിധിപറഞ്ഞത്. വിധിന്യായം തുടങ്ങുന്നതുതന്നെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. അസഹിഷ്ണുതതന്നെ അക്രമരീതിയാണെന്നും അത് യഥാര്‍ത്ഥ ജനാധിപത്യമൂല്യങ്ങളുടെ വളര്‍ച്ചയ്ക്കു പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്നുമാണ് ജഡ്ജി പറഞ്ഞത്. സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസഹിഷ്ണുതയെ പേരെടുത്തുപറയാതെ സൂചിപ്പിക്കുകയാണ് ജഡ്ജി. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നും സി.പി.എമ്മിന് ഇതില്‍ പങ്കുണ്ടെന്നുമാണ് കോടതിവിധിയില്‍ വായിക്കാന്‍ കഴിയുക.
ടി.പി.വധക്കേസിലെ ഗൂഢാലോചകൂടി പുറത്തുവരികയെന്നതാണ് ജനാധിപത്യക്രമത്തില്‍ വിശ്വസിക്കുന്ന കേരളത്തിലെ ജനങ്ങളാകെ ആഗ്രഹിക്കുന്നത്. അത്തരം ഒരു അന്വേഷണം വേണമെന്ന ആവശ്യവുമായി ടി.പിയുടെ ഭാര്യ കെ.കെ രമ നിരാഹാരത്തിന് ഒരുങ്ങുകയാണ്. അകാലത്തില്‍ വിധവയാകേണ്ടിവന്ന കെ.കെ. രമ സെക്രട്ടേറിയേറ്റിനുമുന്നില്‍ നിരാഹാര സമരത്തിനു എത്തുന്നതിനുമുമ്പുതന്നെ സി.ബി.ഐയെ ടി.പി.വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിടണം.
രാഷ്ട്രീയ കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തുന്ന നേതാക്കള്‍ കല്‍ത്തുറുങ്കിലായാല്‍ അത് കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന്റെ പുതിയൊരു യുഗത്തിനാവും തുടക്കം കുറിക്കുക. കൊല്ലുന്നവര്‍ മാത്രമല്ല കൊല്ലിച്ചവര്‍ക്കും അഴിയെണ്ണേണ്ടിവരുമെന്നുറപ്പായാല്‍ അസഹിഷ്ണുക്കളായ ഒരു നേതാവും പിന്നീട് ഉന്മൂലന സിദ്ധാത്തിന്റെ പുറകേ പോകില്ല. ജനാധിപത്യത്തില്‍ ആശയങ്ങളും സിദ്ധാന്തങ്ങളും കൊണ്ടാണ് പരസ്പരം പോരടിക്കേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ടി.പി.ക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവരണം.
Discussion about this post