ഗര്‍ഗ്ഗഭാഗവതസുധ
ചെങ്കല്‍ സുധാകരന്‍
മഹര്‍ഷി ഇപ്രകാരം സ്തുതിച്ച് പ്രദിക്ഷിണപൂര്‍വ്വം ശ്രീകൃഷ്ണ പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കാരം ചെയ്തു. ഉടന്‍ മുക്തി അടയുകയും ചെയ്തു. ആ ശരീരത്തില്‍ നിന്നും ഒരു ജ്യോതിസ്സുയര്‍ന്ന് ശ്രീകൃഷ്ണനില്‍ ലയിച്ചു. മഹാമുനിയുടെ ഭക്തിയില്‍ ഭഗവാന്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. എന്നിട്ടദ്ദേഹം ‘ഋഭോ’ എന്നു വിളിച്ചു. അത്ഭുതം! കന്ദര്‍പ്പ സമാന തേജസ്സോടെ മാമുനി എഴുന്നേറ്റു. കൃഷ്ണ സാരൂപ്യമാര്‍ന്ന് പരിശോഭിച്ചു. ഭഗവാനാകട്ടെ, ആരൂപത്തെ ആശ്ലേഷിച്ച് പരിലാളിച്ചു. ദിവ്യരൂപം പൂണ്ട മഹര്‍ഷിവര്യന്‍ രാധാകൃഷ്ണന്മാരെ പ്രദക്ഷിണം ചെയ്ത് അവിടെ അപ്പോള്‍ വന്നിറങ്ങിയ തേരിലേറി ഗോലോ കത്തേയ്ക്കു പോയി. ഈ ദൃശ്യം രാധയെ അത്ഭുതാധീനയാക്കി. അവള്‍ വിസ്മയത്തോടെ കൃഷ്ണനോടു ചോദിച്ചു: ‘അങ്ങയുടെ രൂപം ലഭിച്ച ഈ മഹഷി എത്രധന്യന്‍! ജ്യോതിര്‍മ്മയമാണീ മഹര്‍ഷിയുടെ ദേഹം. അതിന്റെ പാരലൗകിക ക്രിയകള്‍ ചെയ്യപ്പെടാവുന്നതാണ്. രാധാകൃഷ്ണന്മാര്‍ ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കവേ, മുനിയുടെ ശരീരം ജലമയമായി. അത് രോഹിതപര്‍വ്വതത്തിലെ ഒരു പുണ്യനദിയായൊഴുകി. ഇങ്ങനെ സംഭവിക്കാന്‍ കാരണമന്വേഷിച്ച രാധയോട്, ഋഭൂവിന് തന്നോടുള്ള ഭക്തിയാലാണാവിധം സംഭവിച്ചതെന്ന് ഭഗവാന്‍ പറഞ്ഞു.
ഭാഗവതീഭക്തി നിറഞ്ഞു തുളുമ്പുന്ന ഒരു കഥയാണ് മേല്‍ വിവരിച്ചത്. ശ്രീകൃഷ്ണന്റെ വൃന്ദാവനാഗമനം – പുനരാഗമനം – മുതല്‍ ഋഭു മുക്തി വരെ പറയുന്ന കഥ ക്രമാനുഗതമായ ഭക്തിവികാസമാണ്! ഭിന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ആവിഷ്‌കൃതമായിട്ടുണ്ടെന്നു മാത്രം! ഉദ്ധവന്‍ അറിയിച്ചതനുസരിച്ച്, വിരഹാര്‍ത്തിമൂലം തീവ്രദുഃഖത്തിലാഴ്ന്ന ഗോപീഗോപന്മാരെ സന്തോഷിപ്പിക്കാനാണ് ഭഗവാന്റെ പ്രത്യാഗമനം! ഭഗവത് സംഗമം കൊതിക്കുന്ന ഭക്തരുടെ അഭിലാഷ പൂര്‍ത്തിയാണിത്. ഈശ്വര ദര്‍ശനം മാത്രം ആശ്രയിച്ചു കഴിയുന്ന ഭക്തന്മാരുടെ പ്രതീകങ്ങളാണ് വ്രജവാസികള്‍! നന്ദനും യശോദയും രാധയും വൃഷഭാനുവുമുള്‍പ്പടെയുള്ളവര്‍! വൃന്ദാവനം പ്രപഞ്ചത്തേയും വൃന്ദാവനവാസികള്‍ സമസ്തലോകരേയും പ്രതിനിധാനം ചെയ്യുന്നു ജീവാത്മാക്കള്‍ പരമാത്മാവിനെ പ്രാപിക്കാന്‍ കൊതിച്ചുകൊണ്ടേയിരിക്കും. അവരുടെ മാനസം ഭൂതരൂപം പൂണ്ട് ഭഗവത്പാദങ്ങളില്‍, സമര്‍പ്പിതരാകും! പിന്നെ കണ്ണന് (ഭഗവാന്‍) പോരാതിരിക്കുവാന്‍ കഴിയുകയുമില്ല.
ഭക്തനും ഭഗവാനും സമ്മേളിക്കുന്നിടം രാസമണ്ഡലമാണ്. ഭക്തിയെന്ന ഏകരസത്തിന് പ്രാമുഖ്യം വരുന്ന സ്ഥലം! ലോകമോ ലൗകിക ഭാവങ്ങളോ ്അവിടെ പ്രസക്തമാകുന്നില്ല! ഭൗതിക വികാരങ്ങളവിടെ എത്തിനോക്കുകപോലുമില്ല. ഭക്തൈ്യകസാന്ദ്രമാണ് അത്തരം സംഗമസ്ഥാനങ്ങള്‍! ചുറ്റും കുളിര്‍ക്കാറ്റും ശീതവാപീകൂപങ്ങളും മാത്രം! പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ഭൂരുഹങ്ങളും രാസമണ്ഡലത്തിന്റെ കാന്തി വര്‍ദ്ധിപ്പിച്ചു. സര്‍വ്വേന്ദ്രിയങ്ങളുടേയും പ്രതീകങ്ങളാണിവ. തളിര്‍ത്തുനില്‍ക്കുന്ന സസ്യലതാദികളും വൃക്ഷങ്ങളും ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളാണ്. അവയെല്ലാം സ്വകീയങ്ങളായ ലൗകികാസക്തി വെടിഞ്ഞ് ജന്മസാഫല്യമായ പൂക്കളും ഫലങ്ങളുമണിയുന്നു. എല്ലാം മുകുന്ദപദാര്‍ച്ചിതങ്ങളായി ആനന്ദമടയുന്നു എന്നു സാരം! വാപീ കൂപതടാകങ്ങള്‍ മനസ്സിനെ പ്രകടമാക്കുന്നു. സുഗന്ധിതാംബുജങ്ങള്‍ വിടര്‍ന്ന്, ശീതള ജലനിര്‍ഭരങ്ങളായി അവ പരിണമിച്ചു. ഈശ്വര ദര്‍ശനത്താല്‍ പ്രശാന്തമായ മാനസങ്ങളാണവ! അതിനാലുണ്ടായ ആനന്ദാതിരേകം തന്നെയാണ് അവയിലെ താമരപൂക്കള്‍! ഭഗവദ്ദര്‍ശനമുണ്ടാക്കിയ ഹര്‍ഷാതിരേകമാണ് പൂക്കളില്‍ നിന്നു പ്രസരിക്കുന്ന സുഗന്ധം!
‘കന്ദര്‍പ്പകോടി സുന്ദരനായ’ ശ്രീഹരിയെകണ്ട് രാധ ദുഃഖമെല്ലാം മറന്ന് സന്തുഷ്ടയായത്രേ! അതാകട്ടെ, ബ്രഹ്മജ്ഞാനം നേടുമ്പോള്‍ ഗുണത്രയങ്ങള്‍ ഒഴിയുന്നതുപോലെയുമായിരുന്നു. ഗര്‍ഗ്ഗാചാര്യര്‍ കഥോദ്ദേശ്യം ഇവിടെ സൂചിപ്പിക്കുന്നു. ബ്രഹ്മജ്ഞാനത്താലൊഴിയുന്ന ഗുണത്രയങ്ങളെപ്പറ്റി പറയുന്നതിലൂടെ. രാധാദുഃഖം മാത്രമല്ല, സര്‍വ്വ ജീവാത്മാക്കളുടേയും ദുഃഖം ഈശ്വര ദര്‍ശനത്താലില്ലാതാകുന്നു. കാരണം, ഭക്തന്റെ ആജന്മാഗ്രഹമാണതിലൂടെ സഫലമാകുന്നത്. പിന്നെ ശോകമോഹങ്ങള്‍ക്ക് കാരണമില്ലല്ലോ.
‘പ്രജഹാതി യഥാ കാമാന്‍
സര്‍വ്വാന്‍ പാര്‍ത്ഥ! മനോഗതാന്‍
ആത്മന്യേവാത്മനാ തുഷ്ട:
സ്ഥിത പ്രജ്ഞസ്തതോച്യതേ’ –
എന്ന് ഗീത പറയുന്ന പ്രകാരം സ്ഥിത പ്രജ്ഞനായ ഭക്തന്‍, കാമനാശത്താല്‍ തെളിഞ്ഞ ബുദ്ധിയുമായി, ഭക്തി നിര്‍ഭരനായി ആനന്ദമനുഭവിക്കുന്നു. ‘ആത്മന്യേവാത്മനാ തുഷ്ടഃ’ എന്ന വിശേഷണം നിര്‍വ്യാജഭക്തിക്ക് മാറ്റുകൂട്ടുന്നു. ഗോകുല വാസികള്‍ കൃഷ്ണദര്‍ശനത്താലെത്തിച്ചേര്‍ന്നത് ആ ഉദാത്ത പദവിയിലാണ്. പരമാത്മ ദര്‍ശനത്താല്‍ ആനന്ദമനുഭവിക്കുന്ന യോഗീസമം അവരെല്ലാം, അകളങ്കാനന്ദമനുഭവിച്ചു!
തന്റെ കഠിനമായ വിരഹാര്‍ത്തി അറിയിച്ച രാധയോട് ശ്രീകൃഷ്ണന്‍ ചെയ്ത സംഭാഷണം, ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കുന്നത് നന്നാണ്. തത്ത്വാത്മകമായ ആ വാക്കുകള്‍ അദ്വൈത ദര്‍ശനത്തിന്റെ മകുടോദാഹരണങ്ങളായി കാണാം. ‘ആവയോര്‍ഭേദരഹിതം തേജശൈ്വകം ദ്വിധാ ജനൈഃ’ എന്ന അഭിപ്രായം അതിന്റെ കാതലായ ഭാഗമാണ്. ‘ഏകം സത് വിപ്രാഃ ബഹുധാ വദന്തി’ എന്ന ഋക്കിന്റെ പൊരുളാണീ വാക്കുകള്‍! പാലും വെണ്മയുമെന്നപോലെ’ അഭിന്നരാണ് രാധാകൃഷ്ണന്മാരെന്ന ഭഗവാന്റെ പ്രഖ്യാപനം ‘അഖിലം ഞാനിതെന്നപടി തോന്നി’യതിന്റെ സവിശേഷതയാണ്.
ഭക്തന്മാര്‍ ഈശ്വര സാക്ഷാത്ക്കാരത്തിനായി പ്രവര്‍ത്തിച്ച് മുന്നോട്ടുനീങ്ങു. കൃഷ്ണനെകൂടാതെ കഴിയാനാകാത്തവിധം ഭക്തി, അവരില്‍ പടര്‍ന്നു. പലരും (രാധയും ഗോപികമാരും) മന്ദചേഷ്ടരായി. ചിന്താഖിന്നരായി. ഭഗവദ്ദര്‍ശനത്തിനായുള്ള തപസ്സാണ്, വാഗ്വൃത്തികളേകത്വം പ്രാപിച്ച വൃന്ദാവനവാസികളുടെ പ്രവൃത്തികളില്‍ കാണുന്നത് തപസ്സിന്നവസാനം ഭഗവദ്ദര്‍ശനം. ഒപ്പം ‘ഗുഡാകേശന്റെ സര്‍വ്വഭൂതാന്തരസ്ഥിത’ തത്ത്വവും മനസ്സിലാക്കുന്നു. ‘തത്ത്വമസീ’ വാക്യത്തിന്റെ സാധനാപാഠമാണ് കൃഷ്ണാഗമനവും മഹാരാസവും!
ഭക്തമാനസമെന്നും ‘മഹാരാസരതിയി’ല്‍ മുഴുകാറുണ്ട്. ഭക്തിയുടെ ഉദാത്തതയില്‍ ബാഹ്യസ്മരണമങ്ങി, ജീവാത്മ-പരമാത്മലയം പ്രാപിക്കുന്ന ദൃശ്യമാണ് മഹാരസത്തില്‍ നമുക്കു കാണാനാകുന്നത്. പരിസരവസ്തുക്കളിലെല്ലാം ഭഗവാനേയും ഭഗവന്മാഹാത്മ്യത്തേയും കണ്ട് നിര്‍വൃതിനേടുന്ന ഭക്തമാനസം ‘കൃഷ്ണാത്പരം’ യാതൊന്നും കാണുന്നില്ല. കാണാനാവുകയുമില്ല. അതാണ് ഭക്തിരഹസ്യം!
മറ്റു ഗോപികമാരെ ഒഴിവാക്കി ശ്രീകൃഷ്ണഭഗവാന്‍, രാധാസഹിതം വനമദ്ധ്യത്തിലൂടെ രോഹിതപര്‍വ്വതത്തിലെത്തി. ആ ഗിരിവര്യന്‍ ജ്ഞാനത്തിന്റെ പ്രതീകമാണ്. പരമാര്‍ത്ഥജ്ഞാനം നേടിയ ആള്‍ മറ്റുള്ളവയില്‍ താല്പര്യം കൊള്ളുകയില്ല. സാക്ഷാല്‍ പരബ്രഹ്മത്തില്‍ ലയം പൂണ്ട് ആനന്ദരസം നുകര്‍ന്ന് മതിമയങ്ങിയ ഭക്തരെയാണ് ഗര്‍ഗ്ഗാചാര്യര്‍ ഇവിടെ വ്യക്തമാക്കുന്നത്. ആ ഭാവത്തിന് അല്പം ഭംഗം വന്നാല്‍മതി ഭഗവദ്ദര്‍ശനം സാദ്ധ്യമല്ലാതാകും. കൃഷ്ണസാന്നിദ്ധ്യമനുഭവിച്ച ഗോപികമാരില്‍ മമത്വമുണ്ടായി. അതോടെ കൃഷ്ണന്‍ അപ്രത്യക്ഷനായി. അതും രാധയോടൊപ്പം! രാധയെന്ന ധാരാഭക്തിയും തജ്ജന്യമായ ഭഗവദ്ദര്‍ശനവുമാണ് ഇക്കൂട്ടര്‍ക്കു നഷ്ടമായത്. ഈശ്വര കാര്യത്തിലായാലും സ്വാര്‍ത്ഥമുണ്ടായാല്‍ അധഃപതനത്തിന് കാരണമാകുമെന്ന തത്ത്വമാണീ കഥ വിശദമാക്കുന്നത്.
ഋഭുകഥയിലും ദിവ്യഭക്തിയാണ് നിറഞ്ഞുനില്‍ക്കുന്നത്. ബുദ്ധിശക്തിയുള്ളവന്‍, ഐശ്വര്യവാന്‍, സാമര്‍ത്ഥ്യമുള്ളവന്‍ എന്നൊക്കെയാണ് ‘ഋഭു’ എന്ന പദത്തിനര്‍ത്ഥം! സത്യത്തോടുകൂടി പിറന്നവന്‍ എന്ന വിശേഷാര്‍ത്ഥവുമിതിനുണ്ട്. ‘ഋ’ എന്ന വര്‍ണ്ണം ‘ഋത’ത്തെയും (സത്യത്തെയും) ‘ഭു’ ഭവിച്ച (ജനിച്ച) എന്ന അര്‍ത്ഥത്തേയും കുറിക്കുന്നു. ചുരുക്കത്തില്‍ ‘ഋഭു’ എന്നാല്‍, സത്യത്തോടു ചേര്‍ന്നവന്‍ എന്നര്‍ത്ഥം. അങ്ങനെയുള്ള ആള്‍ ‘വിദേഹഭാവമാര്‍ന്ന് ഈശ്വരനില്‍ ലയിച്ച മനസ്സുമായി കഴിയുന്നു. ഭഗവദ്ദര്‍ശനത്താല്‍ ‘സദ്യോമുക്തി’ നേടിയ ഭക്തനെത്തന്നെയാണ് ഇവിടെയും വെളിവാക്കിയിരിക്കുന്നത്. ‘ഋഭോ’ എന്ന് ഭഗവാന്‍ സംബോധന ചെയ്തപ്പോള്‍തന്നെ മഹര്‍ഷി ഉണര്‍ന്ന് പ്രദക്ഷിണം ചെയ്ത് കൃഷ്ണനെ വണങ്ങി. തന്റെ പുണ്യം ഫലിച്ചതിലെ തൃപ്തിയോടെ ആനന്ദബാഷ്പം പൊഴിച്ചു. ആ ജന്മസാഫല്യത്തില്‍ ചരിതാര്‍ത്ഥനായ മുനി ഉടന്‍തന്നെ മുക്തിപ്രാപിക്കുകയും ചെയ്തു. അനന്യചിത്തനായി കൃഷ്ണാര്‍പ്പണം ചെയ്യുന്നവന്റെ യോഗക്ഷേമം വഹിക്കുന്നതാണല്ലോ ഭഗവദ്ധര്‍മ്മം!
ഋഭുവിന്റെ ശരീരത്തില്‍ നിന്നുയര്‍ന്ന ഒരു തേജസ്സ് ഭഗവാനില്‍ ലയിച്ചു. ഭക്തന്‍ ഭഗവാനില്‍ ലയിക്കുന്ന അസാധാരണമായ സന്ദര്‍ഭം! മാത്രമല്ല, ഭഗവാന്‍ ‘ഋഭോ’ എന്നു വീണ്ടും വിളിച്ചപ്പോള്‍ മഹര്‍ഷിശരീരം ആര്‍ദ്രമായി ഒഴുകി. ഈശ്വരഭക്തി വര്‍ദ്ധിച്ചപ്പോള്‍ ദേഹബോധം പൂര്‍ണ്ണമായും അകന്നു എന്ന കാര്യമാണിവിടെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിയില്‍ ഭക്തി അങ്കുരിക്കുന്നതും അതു വളര്‍ന്ന് വിദേഹമുക്തിയടയുന്നതുമായ സൂക്ഷ്മതത്ത്വമാണ്, സ്ഥൂലമായ കഥകളിലൂടെ ശ്രീഗര്‍ഗ്ഗന്‍ പറഞ്ഞിരിക്കുന്നത്. ഭക്തിയുടെ അമൃതസാരം നിറച്ചിട്ടുള്ള ഇത്തരം കഥകള്‍ സൂക്ഷ്മതത്ത്വാന്വേഷികള്‍ക്ക് കൂടുതല്‍ കൗതുകമുളവാക്കുന്നു!
Discussion about this post