തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സ്പീക്കര്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തിലാക്കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. തൂത്തുക്കുടി തുറമുഖത്തിന് വേണ്ടി കേന്ദ്രമന്ത്രി പി.ചിദംബരവും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയും ഗൂഢാലോചന നടത്തി അട്ടിമറി നടത്തുകയായിരുന്നുവെന്നും ഇതിന് മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും മറുപടി പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ജമീല പ്രകാശമാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വി.എസിന്റെയും ജമീല പ്രകാശത്തിന്റെയും ആരോപണങ്ങള്‍ തുടര്‍ന്ന് സംസാരിച്ച മന്ത്രി ബാബു തള്ളി. ജമീല വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കുന്നവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇങ്ങനെയുള്ള എംഎല്‍എമാരെ കയറൂരി വിടാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പിന്നീട് കയറൂരി വിടാതെ എന്ന പരാമര്‍ശം മന്ത്രി പിന്‍വലിക്കുകയായിരുന്നു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Discussion about this post