തിരുവനന്തപുരം: ക്ഷേത്ര കുളങ്ങളുടെയും കാവുകളുടെയും സംരക്ഷണത്തിന് പുതിയ ഉത്തരവ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി. ക്ഷേത്രത്തോടനുബന്ധിച്ച് ക്ഷേത്ര കുളങ്ങളും കാവുകളും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുളങ്ങളും കാവുകളും സംരക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാംസ്‌കാരിക സംരക്ഷണവും കൂടിയാണിത്. അതിനായി പ്രത്യേകം സ്‌കീം തയ്യാറാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ മുന്നോട്ട് പോകാനായിട്ടില്ല. ഇതിന് മാറ്റമുണ്ടാകേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിലെ ചില പ്രശ്‌നങ്ങളാണ് തടസമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമത്തില്‍ പൂര്‍ണ്ണമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുളങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് ചിലവ് മുപ്പത് ലക്ഷത്തില്‍ കൂടാന്‍ പാടില്ല എന്ന വ്യവസ്ഥ യോഗത്തില്‍ തീരുമാനിച്ചു. മുമ്പ് ചിലവ് പരിധി ഇരുപത് ലക്ഷമായിരുന്നു. കാവുകളുടെ സംരക്ഷണത്തിന് അഞ്ച് ലക്ഷവും ആല്‍ത്തറകളുടെ സംരക്ഷണത്തിന് പരമാവധി രണ്ട് ലക്ഷവും മാത്രമേ ചിലവാക്കാന്‍ പാടുള്ളൂ. നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡ് എഞ്ചിനീയര്‍മാരും സ്വകാര്യ ക്ഷേത്രങ്ങള്‍ക്ക് അതത് ക്ഷേത്രകമ്മിറ്റികളെ ഗുണഭോക്തൃ കമ്മിറ്റികളായി കണക്കാക്കി അവിടങ്ങളിലെ എസ്റ്റിമേറ്റ് തയ്യാറാക്കലും നവീകരണ പ്രവര്‍ത്തനങ്ങളും അതത് തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരും വഴി നടപ്പാക്കണം. സ്വകാര്യ ക്ഷേത്രങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുക അനുവദിക്കും. ക്ഷേത്രക്കുളങ്ങള്‍ക്കരികിലുള്ള വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും വെട്ടിമാറ്റാന്‍ പാടില്ലായെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും. യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പങ്കെടുത്തു.
Discussion about this post