ന്യൂഡല്‍ഹി: വി എം സുധീരനെ പുതിയ കെപിസിസി പ്രസിഡന്റായി തെരെഞ്ഞെടുത്തു. എഐസിസി നേതൃത്വമാണ് സുധീരനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. വി ഡി സതീശനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു . ദീര്‍ഘനാളുകളായി പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നുവരികയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഭ്യന്തരമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയിരുന്നു. എ,ഐ ഗ്രൂപ്പുകളുടെ താത്പര്യവും എതിര്‍പ്പും മറികടന്നാണ് സുധീരനെ പ്രസിഡന്റാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.
മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്നാണ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടതായി വന്നത്. ദേശീയ നേതൃത്വം തന്നില്‍ ഏല്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായും കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റായതിനു ശേഷം സുധീരന്‍ പ്രതികരിച്ചു.
തൃശൂര്‍ ജില്ലയില്‍ അന്തിക്കാട് പഞ്ചായത്തില്‍ പടിയത്ത് വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26നാണ് ജനനം. കെഎസ്‌യുവിലൂടെയാണ് സുധീരന്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. 1971 മുതല്‍ 1973 വരെ കെ.എസ്.യുവിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ നിന്നും നാലുതവണ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 1996 വരെ കേരള നിയമസഭാഗമായിരുന്നു. 1985 മുതല്‍ 1987 വരെ നിയമസഭാ സ്പീക്കാറായി പ്രവര്‍ത്തിച്ചു.
Discussion about this post