തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ ഭരണ സ്ഥിരത ഉറപ്പാക്കാനായതാണ് ആയിരം ദിനങ്ങള്‍ പിന്നിടുന്ന സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അനാവശ്യ സമരങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് സര്‍ക്കാരിന് മുന്നോട്ട് പോകാനാവുന്നത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹവും വിശ്വാസവും കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിസഭയിലും പാര്‍ട്ടിയിലുമുളള കൂട്ടായ്മ നിലനിറുത്തി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനവും കരുതലും എന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 190 മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ച തീരുമാനങ്ങള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്താനായെന്നത് ആഹ്ലാദം പകരുന്നു. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയിലൂടെ 1000 ല്‍പ്പരം ആശയങ്ങളാണ് സ്റ്റാര്‍ട്ട്അപ് വില്ലേജില്‍ എത്തിയത്. ഐ.ടി.സേവനങ്ങളുപയോഗിക്കുന്നതിലെ സാര്‍വ്വത്രികത എന്ന ലക്ഷ്യം നേടിയതിലൂടെ രാജ്യത്തെ മോസ്റ്റ് ഇ-റെഡി സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിന് ലഭിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭാഗ്യക്കുറിക്കുണ്ടായിരുന്ന ദുഷ്‌പേര് കാരുണ്യാ ഭാഗ്യക്കുറിയിലൂടെ തിരുത്താനും സര്‍ക്കാരിന് കഴിഞ്ഞു. ലക്ഷ്യബോധത്തോടെയും കൂട്ടായ്മയോടെയും പ്രവര്‍ത്തിച്ചാല്‍ നേടാനാവാത്തതൊന്നുമില്ല എന്നാണ് 1000 ദിന അനുഭവങ്ങള്‍ തെളിയിക്കന്നത്. ചെയ്തു പൂര്‍ത്തിയാക്കിയവയിലേക്ക് തിരിഞ്ഞുനോക്കാനും തെറ്റുണ്ടെങ്കില്‍ തിരുത്താനുമാണ് ആയിരം ദിനാഘോഷവേളയില്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ (എന്‍.യു.എച്ച്.എം) സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ ആയിരം ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പി.ആര്‍.ഡി തയ്യാറാക്കിയ ഡോക്യുമെന്ററി പൊന്നായിരം ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സാംസ്‌കാരിക പി.ആര്‍.ഡി. വകുപ്പ് മന്ത്രി കെ.സി. ജോസഫിന് നല്‍കി പ്രകാശിപ്പിച്ചു. പി.ആര്‍ഡി. നിര്‍മ്മിച്ച പരസ്യചിത്രങ്ങളുടെ പ്രകാശനം മന്ത്രി ആര്യാടന്‍ മുഹമ്മദ് പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ്ജിന് നല്‍കി നിര്‍വ്വഹിച്ചു. 1000 ദിന വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ സംബന്ധിച്ച കൂടെയൊരാള്‍ എന്ന പുസ്തകം മന്ത്രി മഞ്ഞളാംകുഴി അലി പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണിക്ക് നല്‍കി പ്രകാശിപ്പിച്ചു. മാറ്റുതെളിയിച്ച 1000 ദിനങ്ങള്‍ കൈപ്പുസ്തകം മന്ത്രി പി.കെ.ജയലക്ഷ്മിയും ഫോള്‍ഡര്‍ മന്ത്രി പി.ജെ.ജോസഫും പ്രകാശിപ്പിച്ചു.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.പി.മോഹനന്‍, ഷിബുബേബി ജോണ്‍, അനൂപ് ജേക്കബ്, തുടങ്ങിയവര്‍ സംസാരിച്ചു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, ഡോ.എം.കെ.മുനീര്‍, വി.എസ്.ശിവകുമാര്‍, പി.കെ.ജയലക്ഷ്മി, സി.എന്‍.ബാലകൃഷ്ണന്‍, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി കെ.സി.ജോസഫ് സ്വാഗതവും ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.
Discussion about this post