ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗേ ലോക്‌സഭയില്‍ അവതരിപ്പിച്ചു. യാത്രാ നിരക്കില്‍ വര്ദ്ധനയില്ല. 38 എക്‌സ്പ്രസ് ട്രെയിനുകള്‍ ,10 പാസഞ്ചറുകള്‍, 4 മെമു, 3 ഡെമു, 17 പ്രീമിയം ട്രെയിനുകള്‍ എന്നിവ പുതിയ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് മൂന്നു ട്രയിനുകള്‍ കൂടി അനുവദിച്ചു. 10418 കോടിയുടെ ആഭ്യന്തര വരുമാനം പ്രതീക്ഷിക്കുന്നതായും 2027 പുതിയ പാതകള്‍ പൂര്‍ത്തിയാക്കി ലക്ഷ്യം നേടിയതായും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
തിരുവനന്തപുരം-ബാംഗ്ലൂര്‍ പ്രീമിയം ട്രെയിന്‍ (ആഴ്ചയില്‍ രണ്ട് ദിവസം), കന്യാകുമാരി -പുനലൂര്‍ പ്രതിദിന പാസഞ്ചര്‍, തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസ് എന്നിവയാണ് കേരളത്തിന് പുതുതായി അനുവദിച്ചത്. തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ് നടത്തുക. ഒരു ദിവസം കോട്ടയം വഴിയും മറ്റൊരു ദിവസം ആലപ്പുഴ വഴിയുമായിരിക്കും സര്‍വീസ്. തിരുവനന്തപുരം നഗ്‌രി -പുതുച്ചേരി പാതയ്ക്ക് സര്‍വേ നടത്തുമെന്നും ബജറ്റില്‍ പരാമര്‍ശമുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.
പുതുതായി തുടങ്ങുന്ന പ്രീമിയം ട്രെയിനുകളില്‍ തിരക്കിനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും. 2227 കിലോമീറ്റര്‍ പാത ഇരട്ടിപ്പിച്ചതായും 4556 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചതായുംമന്ത്രി വ്യക്തമാക്കി. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജമ്മു-കശ്മീരിലെ ഖത്രയിലേക്ക് ഉടന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും. കൂട്ടിയിടി ഒഴിവാക്കുന്ന സാങ്കേതിക വിദ്യ ഉള്ള ഭാരം കുറഞ്ഞ കോച്ചുകള്‍ നിര്‍മിക്കുമെന്നും ബജറ്റില്‍ പറയുന്നു.
തെലുങ്കാന പ്രശ്നത്തില്‍ ആന്ധ്രയില്‍ നിന്നുള്ള എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് ബജറ്റ് അവതരണം പൂര്‍ത്തീകരിക്കാനാവാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു.
Discussion about this post