ന്യൂഡല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ പാസാക്കാനുള്ള മുഖ്യമന്ത്രി കേജ്രിവാളിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി. ബില്‍ തന്റെ അനുവാദമില്ലാതെ പാസാക്കാനാകില്ലെന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് അറിയിച്ചു. ബില്‍ പാസാക്കാന്‍ അനുവദിക്കരുതെന്നു കാണിച്ച് അദ്ദേഹം ഡല്‍ഹി സ്പീക്കര്‍ എം.എസ് ധിറിന് കത്തയച്ചു. ജനലോക്പാല്‍ ബില്‍ ഇന്ന് ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് കേജ്രിവാള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ലഫ്. ഗവര്‍ണറുടെ ഈ നിര്‍ദേശം. എന്നാല്‍ ലോക്പാലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്നാണ് കേജ്രിവാളിന്റെ നിലപാട്. അതേസമയം, ജന്‍ലോക്പാല്‍ ബില്ലിന്റെ പേരില്‍ എഎപിയില്‍ വിള്ളലുണ്ടായതായാണ് റിപ്പോര്‍ട്ട്.
നിയമത്തിന്റെ ചടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ബില്‍ അവതരിപ്പിക്കണമെന്ന് എഎപി നേതാവ് അശോക് അഗര്‍വാള്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി എംഎല്‍എമാരുടെ എതിര്‍പ്പു മൂലം വ്യാഴാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡല്‍ഹി പോലീസിനെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന കേജ്രിവാളിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളി. ബില്‍ പാസാക്കാന്‍ ജനതാദളിന്റെ കൂടി പിന്തുണ വേണമെന്ന സാഹചര്യത്തില്‍, ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന ജെഡി-യു എംഎല്‍എ ഷോയിബ് ഇക്ബാലിന്റെ പരാമര്‍ശവും സര്‍ക്കാരിനു തിരിച്ചടിയായി. ലോക്പാല്‍ ബില്ലിനു വേണ്ടി ഏതറ്റം വരെയും പോകുമെന്ന് ഭീഷണി മുഴക്കിയിരുന്ന കേജ്രിവാള്‍, ബില്‍ നടപ്പായില്ലെങ്കില്‍ രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു. വ്യാഴാഴ്ച ബില്‍ അവതരിപ്പിക്കുന്നില്ലെന്ന് അറിയിച്ച് ബില്ലിന്റെ പകര്‍പ്പുകള്‍ ലോക്സഭാംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. ഇന്ന് ബില്‍ അവതരിപ്പിക്കുമെന്നാണ് പിന്നീട് കേജ്രിവാള്‍ പ്രഖ്യാപിച്ചത്. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടണമെന്നു നിയമമന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം ജന്‍ ലോക്പാലിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്ന് എഎപി നേതാവ് മനീഷ് സിസോദിയ ട്വിറ്ററില്‍ അറിയിച്ചു.
Discussion about this post