തിരുവനന്തപുരം:അനന്തപുരിയെ ഭക്തിയുടെ പരമകോടിയിലെത്തിക്കുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. മണ്‍കലങ്ങളില്‍ തിളച്ചുതൂകുന്ന നൈവേദ്യപൊങ്കലില്‍ ഭക്തിസാന്ദ്രമായ ഹൃദയങ്ങളുടെ സമര്‍പ്പണമാണു പൊങ്കാലയിലൂടെ പ്രതീകമാകുന്നത്. രാവിലെ 10.30ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിപകരും. ഇതോടെ നഗരം മുഴുവന്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പണത്താല്‍ നിറയും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിക്കുന്നത്. ഈ സമയം ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. ഇതോടെ പൊങ്കാല കലങ്ങളുമായി ഭക്തര്‍ മടക്കയാത്ര തുടങ്ങും. രാത്രി എഴരയ്ക്ക് ആറ്റുകാല്‍ ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളത്ത് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ആരംഭിക്കും. എഴുന്നള്ളത്തിന് വ്രതമെടുത്തു കഴിയുന്ന 960 കുത്തിയോട്ട ബാലന്മാര്‍ അകമ്പടി സേവിക്കും. നിറപറയും നിലവിളക്കും താലപ്പൊലിയുമൊരുക്കി വീഥികളില്‍ ഭക്തര്‍ എഴുന്നള്ളത്തിനെ വരവേല്‍ക്കും. അലങ്കരിച്ചവാഹനങ്ങളും സായുധ പോലീസും എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. നാളെ രാത്രി 9.30ന് കാപ്പഴിക്കും. രാത്രി 12.30ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് പ്രാതല്‍ മുതല്‍ ഉച്ചഭക്ഷണംവരെ സൌജന്യമായി നഗരത്തിലെമ്പാടും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ മധുരം കലര്‍ത്തിയവെള്ളവും മോരും വെള്ളവും ചൂടുവെള്ളവും വിവിധ സംഘടനകള്‍ നല്കും. ഓരോ വര്‍ഷവും പൊങ്കാലയ്ക്കെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം കൂടി വരികയാണ്. ലക്ഷകണക്കിന് ഭക്തര്‍ നഗര വീഥികളില്‍ പൊങ്കാല സമര്‍പ്പിക്കുമ്പോള്‍ അമ്മയ്ക്ക് മുന്നില്‍ മക്കളുടെ ആത്മസമര്‍പ്പണവും കൂടിയാവുകയാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പണ്ടാര അടുപ്പില്‍ തീ പകരുന്ന പുണ്യനിമിഷത്തിനായി കാത്തിരിക്കുകയാണ് ലക്ഷോപലക്ഷം ഭക്തര്‍. പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി.
Discussion about this post