തിരുവനന്തപുരം: സര്‍വ്വമംഗള ദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചത് 35 ലക്ഷത്തോളം സ്ത്രീകള്‍. അനുഗ്രഹവര്‍ഷത്തിന്‍റെ അനുഭവവുമായി സ്ത്രീകള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലഅര്‍പ്പിച്ചപ്പോള്‍ അനന്തപുരി യാഗഭൂമിയായി മാറുകയായിരുന്നു.
കുംഭമാസത്തിലെ പൂരവും പൗര്‍ണമിയും സമ്മേളിച്ച പുണ്യദിനമായ ഇന്നലെ രാവിലെ പാട്ടുപുരയില്‍ മധു ആശാനും സംഘവും പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടി തീര്‍ന്നതോടെ പൊങ്കാലയ്ക്ക് അടുപ്പുവെട്ടി. പത്തരയ്ക്ക് തോറ്റംപന്തലിന് മുന്നില്‍ ഒരുക്കിയ ഭണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. സഹ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി പാട്ടുപുരയിലും ക്ഷേത്ര പരിസരത്തും പുണ്യാഹം തളിച്ചു.തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈവിളക്കില്‍ ദീപം തെളിച്ച് മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും കത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തി കേശവന്‍ നമ്പൂതിരിക്ക് കൈമാറി . അദ്ദേഹമാണ് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നത്. അടുപ്പുകളില്‍ നിന്നും അടുപ്പുകളിലേയ്ക്ക് അഗ്നി പകര്‍ന്നതോടെ അനന്തപുരി യാഗഭൂമിയായി മാറി.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എം.പി., കെ മുരളീധരന്‍എം.എല്‍.എ, വി. ശിവന്‍കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ ക്ഷേത്രനടയില്‍ പൊങ്കാലയ്ക്ക് അഗ്നിപകരുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു പൊങ്കാല നിവേദിക്കുന്ന ചടങ്ങ്. തിടപ്പള്ളികളിലെ അടുപ്പിലും തുടര്‍ന്ന് പണ്ടാര അടുപ്പില്‍ പൊങ്കാല നിവേദിച്ചതോടെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിയുടെ ഹെലിക്കോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടന്നു. തുടര്‍ന്ന് 250 ശാന്തിക്കാരുടെ നേതൃത്വത്തില്‍ പൊങ്കാല കലങ്ങളില്‍ തീര്‍ത്ഥം തളിച്ചതോടെ മടക്കയാത്ര ആരംഭിച്ചു. സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കുടിവെള്ളവും ഭക്ഷണവിതരണവും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും പൊങ്കാല മഹോത്സവത്തിനു എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ വാഹനങ്ങളും പൊങ്കാലക്കാരെ വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതിനായി കൂടുതല്‍ സര്‍വീസുകള്‍ നടത്തി.
Discussion about this post