ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ചീഫ് ജസ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇളവ് ചെയ്തതു. വധശിക്ഷയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി വിധി. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയ നടപടി പരിഗണിച്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത്. തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടിയിരുന്നതിനാലാണ് ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. എന്നാല്‍ എത്രകാലം പ്രതികളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കും എന്നും കോടതി ചോദിച്ചു. രണ്ടായിരത്തിലാണ് കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്. തുടര്‍ന്ന് രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി തള്ളിയത് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു.
ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം ഉണ്ടാകുന്നതും ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതും വധശിക്ഷ ഇളവ് ചെയ്യുന്നതിന് മതിയായ കാരണമാണെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ നേരത്തെ തമിഴ്നാട് സര്‍ക്കാരിന്റെയും സോണിയ ഗാന്ധിയുടെയും അഭ്യര്‍ഥന പരിഗണിച്ച് ഗവര്‍ണര്‍ ഇളവ് ചെയ്തിരുന്നു. എന്നാല്‍ നളിനിക്ക് ഇതിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വധശിക്ഷ റദ്ദാക്കിയാലും മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവര്‍ പുറത്തിറങ്ങുന്നതിന് ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. മകന്റെ വധശിക്ഷ ഇളവ് ചെയ്തതതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ പ്രതികരിച്ചു.
Discussion about this post