ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയുടെ ജനോപകാര പ്രദമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് അറിയിച്ചു. കെജ്രിവാള്‍ മന്ത്രിസഭ ആവിഷ്‌ക്കരിച്ച അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ സംവിധാനം ഉള്‍പ്പെടെ തുടരാന്‍ ലഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതികളായ ഓരോ കുടുംബത്തിനും പ്രതിദിനം 700 ലിറ്റര്‍ സൗജന്യ കുടിവെള്ളം, വൈദ്യുതി സബ്‌സിഡി, കൈക്കൂലി തടയുന്നതിന് രൂപീകരിച്ച ഹെല്‍പ് ലൈന്‍ സംവിധാനം എന്നിവ തുടരും. പൊതുജന പരാതി പരിഹാര സെല്ലില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. വൈദ്യുതി ബില്‍ അടയ്ക്കാത്ത 24000ത്തോളം പേര്‍ക്ക് അവരുടെ വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം സബ്‌സിഡി അനുവദിച്ച മുന്‍ സര്‍ക്കാര്‍ നടപടിയും തുടരും. ഇതിനായി ആറ് കോടി രൂപ ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടും.
ലഫ്. ഗവര്‍ണറുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി, വകുപ്പുതല മേധാവികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത അവലോകനയോഗത്തില്‍ ആം ആദ്മി സര്‍ക്കാരിന്റെ പദ്ധതികള്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ നമ്പറായ 1031 എന്ന നമ്പര്‍ തുടരുമെങ്കിലും ഇതില്‍ അരവിന്ദ് കെജ്രിവാള്‍ അഭിസംബോധന ചെയ്യുന്ന ശബ്ദം നീക്കം ചെയ്യും. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകും ഹെല്‍പ് ലൈന്‍ കൈകാര്യം ചെയ്യുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഓഫീസുകളില്‍ സ്ഥാപിച്ച സിസി ടിവികള്‍ നിലനിര്‍ത്താനും തീരുമാനമായിട്ടുണ്ട്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ കെജ്രിവാള്‍ സര്‍ക്കാര്‍ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജിവച്ചിരുന്നു. തുടര്‍ന്ന് ആരും സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാകാത്തതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണമായിരിക്കും. രാഷ്ട്രപതി ഭരണമായതിനാല്‍ ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക.
Discussion about this post