ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചുനിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസയച്ചു. ഡല്‍ഹി നിയമസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നോട്ടീസയച്ചത്. ഹര്‍ജിയിലെ ആവശ്യം ഭരണഘടനാപരമായ വിഷയമാണെന്നും നോട്ടീസില്‍ അറിയിച്ചു.
ലോക്പാല്‍ ബില്‍ പാസാകാത്തതിന്റെ പേരില്‍ രാജിവച്ച മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയമസഭ പിരിച്ചുവിടണമെന്ന് നിര്‍ദേശം നല്കിയിരുന്നു. നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നിര്‍ത്തുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ദോഷം ചെയ്യുമെന്ന് നിയമോപദേഷ്ടാവ് കാമിനി ജയ്‌സ്വാള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയാറായത്. ഡല്‍ഹി നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‌കേണ്ടതില്ലെന്ന ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് നേരത്തെ അറിയിച്ചിരുന്നു. ഈ തിരുമാനം ചോദ്യംചെയ്തുകൊണ്ടാണ് എഎപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയത്.
ബിജെപിയോ കോണ്‍ഗ്രസോ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിയമസഭ മരവിപ്പിച്ചുനിര്‍ത്തേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post