Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

നാരദോപാഖ്യാനം – (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

by Punnyabhumi Desk
Mar 2, 2014, 12:26 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍
നാരദോപാഖ്യാനം (തുടര്‍ച്ച)- ഭാഗം-2
വൈണികനായ നാരദന്‍ തുംബുരു എന്ന ശിഷ്യനോടൊത്ത്, ശ്രീകൃഷ്ണകഥകള്‍ പറഞ്ഞും ഗാനങ്ങളാല്‍ സ്തുതിച്ചും കൊണ്ട് വീണ്ടും സഞ്ചാരം തുടങ്ങി. ഇന്ദ്രലോകത്തെത്തി ക്രമഭംഗം കൂടാതെ ഉത്കൃഷ്ട രാഗങ്ങള്‍ ആലപിച്ചു. പക്ഷേ, ഇന്ദ്രപുരി അത്ര പ്രതിപത്തികാട്ടിയില്ല. സൂര്യലോകത്തെത്തിയ നാരദനെ ദ്രുതഗമനേച്ഛുവായ സൂര്യനും സല്‍ക്കരിച്ചില്ല. തുടര്‍ന്ന് മഹാമുനി കൈലാസത്തിലെത്തി. അവിടെ ശിവന്‍ ധ്യാനനിരതനായിരിക്കുന്നതുകണ്ടു. പിന്നീടദ്ദേഹം വൈകുണ്ഠത്തിലെത്തി. മഹാവിഷ്ണു ഭക്തസംരക്ഷണത്തിന് പോയിരുന്നതിനാല്‍ കൂടിക്കാഴ്ച ഉണ്ടായില്ല. ത്രിഭുവനങ്ങളിലും സഞ്ചരിച്ച നാരദന്‍, അവസാനം, ഗോലോകത്തെത്തി. സര്‍വ്വത്തുരമണീയമായ നികുഞ്ജങ്ങളും ഗോവര്‍ദ്ധനഗിരിയും കടന്ന്, അവസാനം, ഗോലോകത്തിലെ നിജനികുഞ്ജത്തിലെത്തി അനുജ്ഞവാങ്ങി, നാരദന്‍, ശ്രീകൃഷ്ണനെ നമസ്‌കരിച്ച് പ്രദിക്ഷിണം ചെയ്ത് സ്തുതിക്കാന്‍ തുടങ്ങി. ദേവദത്തമായ വീണമീട്ടിക്കൊണ്ട് നാരദനും തുംബുരുവും ശ്രുതിമധുരിമായി പാടി. ആ പാട്ടു കേട്ട് ഭഗവാന്‍ സന്തുഷ്ടനായി അലിഞ്ഞുപോയി പ്രേമപരവശനായി ജലത്വം പ്രാപിച്ചു. ആ ദ്രവമാണ് ഭഗവാന്റെ ശരീരത്തില്‍ നിന്നുത്ഭവിച്ച ബ്രഹ്മജലം എന്നറിയപ്പെടുന്നത്. കോടിക്കണക്കിന് അണ്ഡങ്ങള്‍ അതിലുണ്ട്. ഈ മന്വന്തരത്തില്‍ ആ ബ്രഹ്മജലം പാപഹാരിണിയായ ഗംഗ എന്നറിയപ്പെടുന്നു. ഗംഗാദര്‍ശനം ചെയ്യുന്നവന് നൂറു ജന്മത്തിലേയും അതിലെ തീര്‍ത്ഥജലം സേവിക്കുന്നവന് ഇരുനൂറ് ജന്മങ്ങളിലേയും ഗംഗാജലത്തില്‍ സ്‌നാനം ചെയ്യുന്നവന് ആയിരം ജന്മങ്ങളിലേയും പാപം നശിക്കുന്നു. താന്‍ ജലരൂപം ധരിച്ചപോലെ, ഋഭുവും പ്രേമഭക്തിയാല്‍ ആര്‍ദ്രീഭൂതശരീരനായി എന്നു പറഞ്ഞ് ഭഗവാന്‍, രാധയോടൊപ്പം, യമുനാപുളിനത്തിലേയ്ക്കുപോയി.

നാരദമഹര്‍ഷിയില്ലാത്ത പുരാണങ്ങളോ ഇതിഹാസങ്ങളോ കാണില്ല. മിക്ക കഥകളുടേയും സൂത്രധാരനായി ദേവര്‍ഷി പ്രത്യക്ഷപ്പെടാറുണ്ട്. ശ്രീമദ്ഭാഗവതം, ബ്രഹ്മപുരാണം, രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളില്‍ നാരദകഥ സവിസ്തരം പ്രതിപാദിച്ചുകാണുന്നു. ഓരോന്നിലും വ്യത്യസ്ത ഭാഗങ്ങളാണ് നാരദനുള്ളത് വ്യാസഭാഗവതത്തില്‍ ശ്രീനാരദന്‍ പുഴുവായിപ്പിറന്നതും ഗന്ധര്‍വ്വനും ദേവര്‍ഷിയുമായി ജന്മമെടുത്തതും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ഗര്‍ഗ്ഗാചാര്യര്‍ സ്വകപോലെ കല്പിതാംശങ്ങളും കൂടി ചേര്‍ത്ത് ആ ഭക്തശിരോമണിയുടെ കഥ ഉത്തരോത്തരം ശ്രേഷ്ഠമാക്കിയിരിക്കുന്നു.

നാരദശബ്ദം തന്നെ വിചിത്രമായ അര്‍ത്ഥതലങ്ങളുള്ളതാണ്. നാരം=ജലം ‘നാരദന്‍’, ജലം ദാനംചെയ്യുന്നവര്‍. സാധാരണ ജലമായിരിക്കില്ലല്ലോ അത്? ഭാഗവതീയ കഥകളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ ഏതാണ് ജലമെന്ന് ആസ്വാദകന് എളുപ്പം മനസ്സിലാകും. ശബ്ദാര്‍ത്ഥം കടന്ന് വ്യംഗാര്‍ത്ഥത്തിലേക്കു ചെന്നാലേ നാരദശബ്ദത്തിലെ സത്തകണ്ടെത്താനാവൂ. ഭക്തിരസമാകുന്ന ജലം ഭക്തരിലേക്കു പ്രവഹിപ്പിക്കുവാന്‍-സഹായിക്കുന്ന ഗുരുവായി നാരദനെ കാണാന്‍ പ്രയാസമില്ല. ‘നാരം വാര്‍ത്താം ദദാതി’ എന്നു വിശദീകരിച്ച് ‘നരനെ സംബന്ധിക്കുന്ന വാര്‍ത്തയുമായെത്തുന്നയാള്‍’ എന്നും അര്‍ത്ഥം കണ്ടെത്താം ‘നാരങ്ങള്‍ക്ക്’, ജീവജാലങ്ങള്‍ക്ക്, ജലം പ്രദാനം ചെയ്യുന്നവന്‍ എന്ന ലാക്ഷണികാര്‍ത്ഥവും സ്വീകാര്യമാണ്. എന്നാല്‍ ‘നരദേതി’ (പല്ലില്ലാത്തയാള്‍ – നുണ പറയുന്ന ആള്‍) എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നത് ഒരിക്കലും ശരിയല്ല. അങ്ങനെ ചെയ്യുന്നവര്‍ ആ ദേവര്‍ഷിയുടെ ചരിത്രത്തിലെ സൂക്ഷ്മത മനസ്സിലാക്കാത്തവരാണ്.

പ്രകൃത കഥ അനുസന്ധാനം ചെയ്ത് സാരാര്‍ത്ഥ വിശകലനം ചെയ്താല്‍ മേല്‍ക്കാണിച്ച വിശിഷ്ടാര്‍ത്ഥങ്ങള്‍ ഉചിതമാണെന്നു ബോദ്ധ്യമാകും. ബ്രഹ്മാവിന്റെ മടിത്തട്ടില്‍ നിന്നാണ് നാരദന്റെ ഉല്പത്തി. പിതാമഹന്റെ മനനപുത്രന്‍ എന്നാണ് പൊതുവേഉള്ള സങ്കല്പം! ഗര്‍ഗ്ഗാചാര്യര്‍ നാരദനെ, ബ്രഹ്മോത്സംഗത്തില്‍ നിന്ന് ഉദ്ഭവിച്ചവനാണെന്നു പറഞ്ഞിരിക്കുന്നു. ബ്രഹ്മപുത്രന്‍ ‘ജനകോചിത ജന്യം’ എന്നരീതിയില്‍ ‘ബ്രഹ്മം’ തന്നെയായിരിക്കുന്നു. ആസ്ഥിതിയിലുള്ള നാരദനാണ്, ഭക്ത്യുന്മത്തനായി, ഭഗവാനെ കീര്‍ത്തിച്ചുകൊണ്ട് ലോകസഞ്ചാരം തുടങ്ങിയത്. ബ്രഹ്മലയം പൂണ്ട് അതില്‍ത്തന്നെ അഭിരമിച്ചുകഴിഞ്ഞു എന്നാണിതിന്റെ സാരം!

പ്രജാസൃഷ്ടിചെയ്യാന്‍, ബ്രഹ്മാവ്, നാരദനോടാജ്ഞാപിച്ചു. മാമുനി അതു നിരസിച്ചു. ആത്മാരാമന്മാരെ ലൗകികത്തിലേക്കു പ്രേരിപ്പിച്ചാല്‍ പ്രയോജനമുണ്ടാവുകയില്ല. പ്രവൃത്തിചെയ്യുന്നതിന് കര്‍ത്തൃബോധം എന്ന ‘അഹം’ പ്രാവര്‍ത്തികമാകണം. കര്‍ത്തൃബോധം നശിച്ച അമലാത്മാവിന് നിഷ്‌ക്കര്‍മ്മഭാവമേ ഉള്ളൂ അതാണ് പിതാവിന്റെ ആജ്ഞ നിരസിച്ചു എന്നതിലടങ്ങിയ പൊരുള്‍! അതിനു കിട്ടിയ ഫലമോ? സദാഗാനാലാപനം ചെയ്യുന്ന ഗന്ധര്‍വ്വനാകട്ടെ’ എന്ന ശാപം! ഇത് ശാപമോ? വരമോ? ബ്രഹ്മാവിന് തന്റെതന്നെ സ്വരൂപമാണ് നാരദനെന്നറിയാം. പുറമേ ശാപമെന്നു തോന്നുമെങ്കിലും ‘ശാപം’ ‘വരമാ’യാണ് ഫലിച്ചത്! ഏതുനേരവും ഈശ്വരനാമം ജപിച്ച്, ഭഗവത് കീര്‍ത്തനം ചെയ്യുന്ന ധന്യനായിത്തീര്‍ന്നു എന്നു സാരം! ശാപത്താല്‍, നാരദന്‍, ഉപബര്‍ഹണന്‍ എന്ന ഗന്ധര്‍വ്വനായി മാറി. ‘ഉപബൃംഹണം’ എന്നാല്‍ ‘വര്‍ദ്ധന’ എന്നാണര്‍ത്ഥം! ഉപ ബര്‍ഹണനോ? വര്‍ദ്ധിത ഭാവമുള്ളവന്‍! ‘ഭക്ത്യുന്മത്തോ’ എന്ന ഗര്‍ഗ്ഗാചാര്യരുടെ വിശേഷിപ്പിക്കല്‍ എത്രയുമുചിതമാണ്. വര്‍ദ്ധിച്ചിരിക്കുന്നത് ഭക്തിയാണ്. ഭക്ത്യാധികൃത്തോടെ നാരായണസങ്കീര്‍ത്തനം ചെയ്ത് എങ്ങും സഞ്ചരിച്ച വ്യക്തിയായ്, വേണം ഉപബര്‍ഹണനെ കാണാന്‍!

കയറിപ്പോയ പടവുകളില്‍ നിന്ന് വഴുതിയിറങ്ങുന്ന അവസ്ഥ ചിലര്‍ക്ക് സ്വാഭാവികം! ഉപബര്‍ഹണന് വേദപുരിയിലുണ്ടായ അനുഭവമതാണ്. ഈശ്വര കീര്‍ത്തനം ചെയ്ത്, ഭക്തിയുടെ ഉപബൃംഹണ (വര്‍ദ്ധിത) ഭാവത്തില്‍ ലോകം ചുറ്റിയ നാരദന് താനറിയാതെ തന്നെ ‘അഹം’ വളര്‍ന്നിട്ടുണ്ടാകണം. അതങ്ങനെയാണ് നിര്‍ഗ്ഗുണ ഭക്തിനേടാറാകുമ്പോള്‍ വ്യക്തി സാത്വികതയുടെ അര്‍ത്യകയിലായിരിക്കും. വസ്തുവില്‍ നിഴലെന്നപോലെ സാത്വികഭാവത്തിന് ‘അഹം’ അന്തര്‍ല്ലീനമായിരിക്കും. അതിന്റെ സ്വഭാവത്താല്‍ കര്‍ത്തൃഭാവം വളരും. താന്‍, തന്റെ വൃത്തി എന്നിങ്ങനെ ചിന്തിക്കും. എല്ലാവരാലും സമ്മതിക്കപ്പെടുന്ന ഭക്തനാണ് താനെന്നും, നാരദന്, സ്വയം തോന്നിയിട്ടുണ്ടാകും. ശാപമേറ്റ് ദാസീപുത്രനായി. ഭക്തനുണ്ടായ അധഃപതനത്തെയാണ് ഈ സൂചന പ്രതീകവല്‍ക്കരിക്കുന്നത് എന്നു സത്‌സംഗം വീണ്ടും ഉദ്ഗതിയുണ്ടാക്കി. ബ്രഹ്മപുത്രനാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭക്തി കീര്‍ത്തനങ്ങളുമായി ലോകസഞ്ചാരവും തുടങ്ങി.

വേദപുരിയിലെത്തുന്നതുവരെ താനാരാണെന്നു മനസ്സിലാക്കാന്‍ നാരദന് കഴിഞ്ഞില്ല. വേദപുരി, ജ്ഞാനനികേതനമാണ്. അറിവിന്നാസ്ഥാനം! ജ്ഞാനനിഷ്ഠയുണ്ടായപ്പോള്‍ കുറവുകള്‍ ബോദ്ധ്യപ്പെട്ടു എന്നു സാരം! വിശിഷ്ട രാഗങ്ങള്‍ രാഗവും താളവും കൂടാതെ പാടുകയായിരുന്നതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. താനാരാണെന്നു മനസ്സിലാക്കുകയാണ് അദ്ധ്യാത്മചിന്തയുടെ അടിസ്ഥാനം! കുറവുകള്‍ തിരിച്ചറിയുന്ന വ്യക്തി, അതുപരിഹരിക്കാനാവും അടുത്തശ്രമം!

ശുഭ്രഗിരിയിലെ തപസ്സും സരസ്വതീദേവിയുടെ അനുഗ്രഹവും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന കഥാഭാഗമാണ് നാരദന്‍ സരസ്വതീദേവിയില്‍ നിന്ന് രാഗോപരാഗങ്ങളും താളഭേദങ്ങളും കാലവും സ്ഥായിയുമൊക്കെ കൃത്യമായറിഞ്ഞു. ദേവി, നാരത് ‘ദേവദത്തം’ എന്ന വീണയും സമ്മാനിച്ചു. മഹാമുനിയുടെ ഉദാത്തതയിലേയ്ക്കുള്ള ഉയര്‍ച്ചയാണിവിടെ വെളിവാക്കുന്നത്. ജ്ഞാനനിഷ്ഠനായി, ആത്മപരിശോധനയിലൂടെ, കുറവുകള്‍ മനസ്സിലാക്കിയ നാരദന്‍, അതു പരിഹരിക്കാന്‍ ശ്രമിച്ചു. അതാണ് നൂറുവര്‍ഷത്തെ തപസ്സ്! ജ്ഞാനാര്‍ജ്ജനം അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലല്ലോ? ആ വിശിഷ്ടമായ തപസ്സു നടന്നതാകട്ടെ, ‘ശുഭ്രഗിരി’യില്‍! ശുദ്ധമായ മനസ്സുതന്നെയാണ് ‘ശുഭ്രഗിരി’. ശുദ്ധമനസ്സിലേ തപസ്സ് ഫലപ്രാപ്തമാകൂ. ആ തപസ്സ് സരസ്വതീ ദേവിയെ പ്രത്യക്ഷയാക്കി. നാരദനിലന്തര്‍ല്ലീനമായിരുന്ന ‘അഹം’ നീങ്ങി, വിശാലമായ സത്യമുള്‍ക്കൊണ്ട്, അദ്ദേഹം സത്യദര്‍ശിയുമായി. രാഗോപരാഗങ്ങളുടെ രാഗവും താളവും കാലവും ക്ണുപ്തമായറിഞ്ഞു. പ്രപഞ്ചതാളവും ക്രമവും തിരിച്ചറിഞ്ഞ് വിവേകിയായിമാറിയെന്നു സാരം. പ്രപഞ്ചസത്യമറിഞ്ഞ് ‘പരമാത്മാ പരം സത്യം’ എന്നു ഭാവിച്ച്, ഭാവചിന്തകളകന്ന്, വ്യക്തി, സംതൃപ്നാകുന്നു.

സത്യമറിയാത്ത വ്യക്തിയുടെ അന്വേഷണം പലപ്പോഴും അസത്യത്തിലോ അര്‍ദ്ധസത്യത്തിലോ എത്തിച്ചേരുന്നു. അപൂര്‍ണ്ണമായ ജീവിത ദര്‍ശനമാണ് അംഗഭംഗ രാഗങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നത്. സത്യ ദര്‍ശനത്തിന് തടസ്സമാകുന്നത് വ്യക്തിഗതമായ ‘അഹം’ ആണ്. അതു മാറുകയും സത്യമാകുന്ന ദേവിയെ സാക്ഷാത്കരിക്കുകയും ചെയ്യുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാകുന്നു.

തന്റെ ദിവ്യദര്‍ശനഫലം സമൂഹാര്‍ച്ചനയായി സമര്‍പ്പിക്കുന്ന മഹാഭക്തനാണ് ഈശ്വരകീര്‍ത്തനം പാടിനടക്കുന്ന നാരദന്‍, പരമമായ സത്യമറിഞ്ഞ് ‘പരയുടെ പാലു നുകര്‍ന്ന്’, സത്യദര്‍ശി, പൂര്‍ണ്ണകാമനാകുന്നു. ദേവീദര്‍ശനവും വരലബദ്ധിയും ഈ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാം.

തുംബുരു നാരദന്മാരുടെ ഗാനം സര്‍വ്വേശ്വരനായ ശ്രീകൃഷ്ണന് പരമാനന്ദമായി. ഇന്ദ്രലോകം, കൈലാസം, സൂര്യലോകം എന്നിവിടങ്ങളില്‍ നാരദമുനിയുടെ ഗാനം സ്വീകരിക്കപ്പെട്ടില്ല. സാക്ഷാല്‍ ഗോലോകധാമത്തിലാണ് നാരദഗീതം അംഗീകൃതമായത്. മാത്രമല്ല, ആ ഗാനമാധുരിയില്‍ ശ്രീകൃഷ്ണഭഗവാന്റെ ശരീരം അലിഞ്ഞൊഴുകിപ്പോവുകയും ചെയ്തു. ഭക്തനെ സാധാരണക്കാര്‍ തിരിച്ചറിയുകയില്ല. അതാണ് പലേടങ്ങളിലും അവഗണിക്കപ്പെട്ടു എന്നതിലെ സാരം. ഗോലോകത്തിലെ ദൃശ്യം മറ്റൊന്നായിരുന്നു. ഭക്തന്റെ സ്തുതിയാല്‍ ഭഗവാന്‍ അലിഞ്ഞുപോയി. ഭഗവാനും ഭക്തനുമെന്ന ദ്വന്ദ്വഭാവം നഷ്ടമായി. രണ്ടും ഒന്നായി അലിഞ്ഞുചേര്‍ന്നു. ‘വിദേഹഭക്തി’യുടെ മറ്റൊരുദാഹരണമായി ഈ കഥയെ കണക്കാക്കണം. ഭക്തനിലേയ്ക്കുള്ള ഭഗവത്കൃപയാണ് ആര്‍ദ്രമായൊഴുകിയ ബ്രഹ്മദ്രവം! അഹം കുറഞ്ഞ് അഘമകന്ന് ഹൃദ്യമായ ആനന്ദം പ്രവഹിക്കുന്നതാണ് ഈ കഥയുടെ അന്തഃസാരമായി അറിയേണ്ടത്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies