കേരളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ 1206 ക്ഷേത്രങ്ങളുണ്ട്. ഇതില്‍ 224 എണ്ണം മാത്രമാണ് മേജര്‍ക്ഷേത്രങ്ങളായുള്ളത്. മറ്റു ഭൂരിപക്ഷം ക്ഷേത്രങ്ങളും നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. ഇക്കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് 180 കോടിയിലേറെ രൂപ ശബരിമലയില്‍ നിന്നു വരുമാനമായി ലഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു സര്‍ക്കാരില്‍ നിന്നു ഗ്രാന്റായി ലഭിക്കുന്നത് 76 കോടി രൂപയാണ്. ദശലക്ഷക്കണക്കിന് രൂപ ലഭിക്കുമായിരുന്ന ക്ഷേത്രഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനു പകരമായാണ് ഗ്രാന്റ് നല്‍കുന്നത്. സര്‍ക്കാര്‍ ഗ്രാന്റുകൊണ്ടുമാത്രം എല്ലാക്ഷേത്രങ്ങളിലും തിരി അണയാതെ കാത്തു സൂക്ഷിക്കാന്‍ കഴിയില്ല. അയ്യപ്പന്റെ കൃപകൊണ്ട് ശബരിമലയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ നിലനിര്‍ത്തുന്നതും ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വിരമിച്ച ജീവനക്കാരുടെ പെന്‍ഷനുമൊക്കെ നല്‍കാന്‍ കഴിയുന്നത്.
ക്ഷേത്രസംരക്ഷണ സമിതി പോലുള്ള പ്രസ്ഥാനങ്ങള്‍ ക്ഷേത്രകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും ക്ഷേത്ര ഉപദേശകസമിതികള്‍ സജീവമായി ഇടപെടുകയും ചെയ്തതോടെ ഇപ്പോള്‍ ക്ഷേത്രങ്ങള്‍ക്കെല്ലാം മുന്നേറ്റമുണ്ടായിട്ടുണ്ട്. പൂജാകാര്യങ്ങളിലും മറ്റും ദേവസ്വംബോര്‍ഡിനു വിട്ടുവീഴ്ച ചെയ്യാനാകാത്ത നില വന്നു. എല്ലാക്ഷേത്രങ്ങളിലെയും ഉത്സവം ഗംഭീരമായി നടത്തുന്നത് ഭക്തരുടെ അകമഴിഞ്ഞുള്ള ധന-മന സമര്‍പ്പണത്തിലൂടെയാണ്. ഉത്സവം നടത്തുന്നതിന് ചെറിയൊരു തുകമാത്രമാണ് ദേവസ്വംബോര്‍ഡ് നല്‍കുന്നത്.
1950 ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദു സ്ഥാപന നിയമം 15 പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഇതിലെ വ്യവസ്ഥ പ്രകാരം ബോര്‍ഡ് സര്‍ക്കാരിന് ഇടപെടാനാവാത്ത ഒരു സ്വതന്ത്ര സ്ഥാപനമാണ്. ഇതിന്റെ ഫണ്ട് ഒരിക്കലും വകമാറ്റി ഉപയോഗിക്കാന്‍ പാടില്ല എന്നുമാത്രമല്ല ഈ സ്ഥാപനം നല്ലരീതിയില്‍ നടത്തിക്കൊണ്ടു പോകുന്നതിനും ഹിന്ദു ധര്‍മ്മത്തിന്റെ പ്രചാരണത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ക്കു മേല്‍ പലനിലയില്‍ സര്‍ക്കാര്‍ പിടിമുറുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് നാളുകളായി. അതേസമയം മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് സര്‍വവിധ സ്വാതന്ത്ര്യവും നല്‍കുകയാണ് മതേതരത്വം വിളമ്പുന്ന സര്‍ക്കാരുകള്‍.
ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പക്കലുള്ള 170 ഓളം കോടിരൂപ ബാങ്കുകളില്‍ നിന്നെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. ഇതിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ശമ്പളം കൊടുക്കുവാനോ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തുവാനോ ഗതികാണാതെ നട്ടം തിരിഞ്ഞിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്. അതൊക്കെ മറികടക്കാനായത് ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ഭഗവാന്‍ അയ്യപ്പസ്വാമിയുടെ കാണിക്കയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. ഓരോ വര്‍ഷവും അവിടെ നിന്നുള്ള വരുമാനം കൂടിവരുന്നു. ക്ഷേത്രങ്ങളില്‍ എണ്ണവാങ്ങാന്‍ ഇന്നു ബുദ്ധിമുട്ടില്ല. ഭക്തജനങ്ങളുടെയും ദേവസ്വംബോര്‍ഡിന്റെയും സഹകരണത്തോടെ ക്ഷേത്ര പുനരുദ്ധാരണങ്ങളും നടന്നു വരുന്നു. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കിട്ടുമെന്ന് ഉറപ്പുമുണ്ട്. ഈ അവസ്ഥയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമായി മാത്രമേ ദേവസ്വം ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കുന്നതിനുള്ള കുതന്ത്രങ്ങളെ കാണാനാകൂ. ട്രഷറിയില്‍ ഏതുസമയത്തും പണമില്ലാത്ത അവസ്ഥയുണ്ടാകാം. അതിനര്‍ത്ഥം ട്രഷറിയുമായി ബന്ധപ്പെട്ടാണ് പണമിടപാട് നടക്കുന്നതെങ്കില്‍ ക്ഷേത്രകാര്യങ്ങള്‍ മുടങ്ങാമെന്നാണ്. ഇത് കേരളത്തിലെ ഹിന്ദുസമൂഹം ഒരിക്കലും അനുവദിക്കില്ല.
ഭഗവാനര്‍പ്പിച്ച കാണിക്കയെ എല്ലാനിയമങ്ങളും മറികടന്നുകൊണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിക്കുവാന്‍ ആരു തുനിഞ്ഞാലും അതിന്റെ തിരിച്ചടി അതിശക്തമായിരിക്കും. ഇത് മനസിലാക്കാനുള്ള വിവേകം ഭരണകര്‍ത്താക്കള്‍ പ്രകടിപ്പിച്ചാല്‍ അവര്‍ക്കു നല്ലത്.
Discussion about this post