തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി രണ്ട് വിദേശ കമ്പനികള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ താല്പര്യപത്രം സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് താല്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചത്. രണ്ടു ദിവസത്തിനകം താല്പര്യപത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കും. ഗാമണ്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട്സ് ലിമിറ്റഡ്, ഹ്യുണ്ടായിയും കോണ്‍കാസ്റ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന കണ്‍സോര്‍ഷ്യം, എസാര്‍ പോര്‍ട്സ,് ശ്രേയി ഇന്‍ഫ്രാസ്ട്രക്ചറും ഒഎച്ച്എല്ലും ചേര്‍ന്ന കണ്‍സോര്‍ഷ്യം, അഡാനി ഗ്രൂപ്പ് എന്നിവയാണ് താല്പര്യ പത്രം സമര്‍പ്പിച്ച സ്ഥാപനങ്ങള്‍. താല്പര്യപത്രം സമര്‍പ്പിച്ചവയില്‍ ഹ്യുണ്ടായി കൊറിയന്‍ സ്ഥപനവും ഒഎച്ച്എല്‍ സ്പാനിഷ് സ്ഥാപനവുമാണ്. മറ്റുള്ളവയെല്ലാം ഇന്ത്യന്‍ കമ്പനികളാണ്.
താല്പര്യപത്രം സമര്‍പ്പിച്ച കമ്പനികളുടെ യോഗ്യതാ പരിശോധന രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കും. തുടര്‍ന്നു സാങ്കേതിക യോഗ്യതകളുടെ പരിശോധന ആരംഭിക്കും. കഴിഞ്ഞ തവണ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികളില്‍ അഡാനി ഗ്രൂപ്പുമാത്രമാണുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി അഡാനി ഗ്രൂപ്പ് ഉള്‍പ്പെട്ട വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണു വീണ്ടും ടെന്‍ഡറിലേക്കു കടക്കേണ്ടിവന്നത്.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ മികച്ച കമ്പനികള്‍ താല്പര്യപത്രം സമര്‍പ്പിച്ചത് സര്‍ക്കാരിനു കൂടുതല്‍ സൗകര്യമായി. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആവശ്യത്തിനു കമ്പനികള്‍ എത്താതെ വന്നത് ഉള്‍പ്പെടെ കാരണങ്ങളാല്‍ നാലു തവണ താല്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കി. ഇതോടെ വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മൂന്നുഘട്ടങ്ങളില്‍ നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിട്ടുണ്ട്. തുറമുഖം നിര്‍മിക്കാനും നടത്തിപ്പിനുമായി രണ്ടു ടെന്‍ഡറുകളാണു സര്‍ക്കാര്‍ ആദ്യം വിളിച്ചിരുന്നത്. എന്നാല്‍, അതു വിവാദമായതിനെത്തുടര്‍ന്ന് രണ്ടു ടെന്‍ഡറും ഒന്നാക്കുകയായിരുന്നു. ഇപ്പോഴത്തെ രീതിയില്‍ തുറമുഖം നിര്‍മിക്കുന്ന കമ്പനി തന്നെയാകും തുറമുഖ നടത്തിപ്പും നടത്തുന്നത്.
വിഴിഞ്ഞം തുറമുഖത്തിനു കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കാന്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. കബോട്ടാഷ് നിയമത്തില്‍ ഇളവു ലഭിച്ചാല്‍ കൂടുതല്‍ വിദേശ കപ്പലുകള്‍ വിഴിഞ്ഞത്തേക്കു കടന്നു വരുമെന്നതിനാല്‍ തുറമുഖ നടത്തിപ്പ് ലാഭകരമാക്കാനാകും എന്നാണു പ്രതീക്ഷ. അന്താരാഷ്ട്ര തുറമുഖ പാതയ്ക്കടുത്തു സ്ഥിതി ചെയ്യുന്ന വിഴിഞ്ഞത്തു തുറമുഖം വരുന്നതോടെ ലോകത്ത് ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ എത്താന്‍ കഴിയും. വിദേശങ്ങളില്‍നിന്നു വിഴിഞ്ഞത്ത് എത്തുന്ന മദര്‍ഷിപ്പുകളില്‍നിന്ന് കണ്ടയ്നറുകള്‍ ഇറക്കി മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന രീതിവരും. നിലവില്‍ കൊളംബോ സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് മദര്‍ഷിപ്പുകള്‍ എത്തിച്ചേരുന്നത്.
തുറമുഖത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം, റോഡ് സൌകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് ഒരുക്കുന്നത്. ബാലരാമപുരത്തുനിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍ അലൈന്‍മെന്റും നിലവില്‍ വന്നു.
Discussion about this post