തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ചുവരെഴുതുന്നതും പരസ്യം പതിക്കുന്നതും കൊടികള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് വിധേയമായി വേണം. സ്വകാര്യ വ്യക്തികളുടെ മതില്‍, സ്ഥലങ്ങള്‍ എന്നിവ പ്രചരണത്തിനായി ഉപയോഗിക്കും മുമ്പ് ഉടമയുടെ സമ്മതം എഴുതിവാങ്ങിയിരിക്കണം.
സമ്മതം നല്‍കുന്നതിന് ഉടമയെ സമ്മര്‍ദ്ദങ്ങള്‍ക്കോ ഭീഷണിക്കോ വിധേയനാക്കരുത്. ചുവരെഴുത്ത്, പരസ്യങ്ങള്‍ നടത്തി മൂന്ന് ദിവസത്തിനുള്ളില്‍ ഉടമ സമ്മതം എഴുതി നല്‍കിയതിന്റെ ഫോട്ടോകോപ്പി സഹിതം ഇതിനായി നിഷ്‌കര്‍ഷിച്ചിട്ടുള്ള അനക്‌സര്‍-2 ഫോറം പൂരിപ്പിച്ച് വരണാധികാരിക്കോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ നല്‍കണം. ചുവരെഴുത്ത്, ബാനര്‍, പോസ്റ്റര്‍ എന്നിവയില്‍ ഏതാണ് ഉപയോഗിച്ചിട്ടുള്ളത്, സ്ഥാനാര്‍ത്ഥിയുടെ പേര്, മണ്ഡലം എന്നിവയോടൊപ്പം ഉടമയുടെ പേര്, വിലാസം, പ്രചാരണത്തിന്റെ വിശദവിവരം എന്നിവയും ചിലവാകുന്ന അഥവാ ചിലവാകുമെന്ന് പ്രതീക്ഷിക്കുന്ന തുക എന്നിവയും ഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം. സ്ഥാപിക്കുന്ന ബാനറുകള്‍, കൊടികള്‍ മുതലായവ മറ്റുള്ളവര്‍ക്ക് തടസ്സമോ ശല്യമോ ആവരുത്, ഒപ്പം ഉള്ളടക്കം സാമുദായിക സൗഹൃദം തകര്‍ക്കുന്ന രീതിയിലുമാവരുത്. ഇത്തരം പരസ്യങ്ങളുടെ ചിലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടും. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രതിപാദിക്കാതെയുള്ള പൊതുവായുള്ള പരസ്യങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ചിലവില്‍ ഉള്‍പ്പെടില്ല. വില്ലേജ്, കവല എന്നിവ സഹിതം പരസ്യം നടത്തിയതിന്റെ വിവരം നല്‍കുമ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താം. സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍, ഓഫീസുകള്‍, ചുവരുകള്‍ എന്നിവയില്‍ പരസ്യങ്ങളോ എഴുത്തോ പാടില്ല. പരസ്യം നടത്താന്‍ അനുവദനീയമായ സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത ഇടങ്ങള്‍ സംബന്ധിച്ച് വ്യക്തികളുടെയോ പാര്‍ട്ടികളുടെയോ കുത്തകയാവാതെ എല്ലാവര്‍ക്കും തുല്യമായ അവസരം ലഭിക്കും വിധം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് നടപടിയെടുക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഹാളുകള്‍, ആഡിറ്റോറിയങ്ങള്‍ യോഗസ്ഥലങ്ങള്‍ എന്നിവ പക്ഷപാതരഹിതമായി വേണം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് അനുവദിക്കേണ്ടത്. ഇത്തരം സ്ഥലങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളും പാര്‍ട്ടികളും ഉപയോഗശേഷം കൊടികളും ബാനറുകളും മറ്റും നീക്കം ചെയ്യേണ്ടതാണ്. സ്ഥിരമായി കൊടികളോ മറ്റോ സ്ഥാപിക്കരുത്. ചട്ടവിരുദ്ധമായി ബാനറുകളും ബോര്‍ഡുകളും മറ്റും സ്ഥാപിച്ചാല്‍ അവ നീക്കാന്‍ വരണാധികാരി/ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും പ്രതികരണമില്ലാതെ വന്നാല്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അവ നീക്കം ചെയ്തശേഷം ചിലവ് സ്ഥാനാര്‍ത്ഥിയുടെ/പാര്‍ട്ടിയുടെ പക്കല്‍ നിന്നും ഈടാക്കും. ഒപ്പം ചിലവുകള്‍ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തും. പ്രചാരണ വസ്തുക്കള്‍ സ്ഥാപിച്ചതിന് ഉത്തരവാദികളായവര്‍ നിയമ നടപടിക്കും വിധേയരാവും.
Discussion about this post