കൊച്ചി: രാജ്യത്ത് സന്ന്യാസി സമൂഹത്തിനും ആശ്രമങ്ങള്‍ക്കുമെതിരായി ആരോപണങ്ങള്‍ ഉയരുന്നത് ഹിന്ദുസമാജം ശക്തമല്ലാത്തതിനാലാണെന്ന് വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍ അഭിപ്രായപ്പെട്ടു. അമൃതാനന്ദമയിക്കും മഠത്തിനുമെതിരായ ആരോപണങ്ങള്‍ക്കെതിരായി സംഘടിപ്പിച്ച ധര്‍മരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ ഹൈന്ദവ സംസ്‌കാരത്തിനും സന്ന്യാസിമാര്‍ക്കും ആശ്രമങ്ങള്‍ക്കുമെതിരായി ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ഇത് തടയുന്നതിന് ഹൈന്ദവ സമൂഹങ്ങളെല്ലാം ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈന്ദവ സംസ്‌കാരത്തെയും സന്ന്യാസി സമൂഹങ്ങളെയും അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ള കുപ്രചാരണങ്ങളെ മുഴുവന്‍ ഹൈന്ദവ സമാജങ്ങളും ഒന്നായി നിന്ന് നേരിടണമെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിേശ്വശ്വര തീര്‍ത്ഥ പറഞ്ഞു. അമൃതാനന്ദമയി ഹൈന്ദവ സംസ്‌കാരത്തിന്റെയും ഭക്തിപ്രസ്ഥാനങ്ങളുടെയും നിലനില്‍പ്പിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സന്ന്യാസി വര്യര്‍ക്ക് എതിരായ പ്രചാരണങ്ങളെ നേരിടാന്‍ എല്ലാ കാലത്തും ഹൈന്ദവസമൂഹം സംഘടിച്ചിട്ടുണ്ട്. അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങള്‍ ഇല്ലാതാക്കുന്നതിനും ഒറ്റ ഹൃദയമായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
അമൃതാനന്ദമയി മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഹൈന്ദവ സമൂഹം അസംഘടിതരായതാണ് ഇത്തരം കുപ്രചാരണങ്ങള്‍ക്ക് പിന്തുണ ലഭിക്കാന്‍ കാരണം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അമൃതാനന്ദമയിയെ അനുകൂലിച്ച് സംസാരിച്ചത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവ സമുദായങ്ങളുടെ ഐക്യത്തിനായി എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post