Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീരാമന്‍ചിറ – സേതുബന്ധന സ്മരണക്കായി ചിറകെട്ടുന്ന ഒരേഒരിടം

by Punnyabhumi Desk
Mar 31, 2014, 02:00 pm IST
in സനാതനം

Sree Ram chira-1സീതാദേവിയെ വീണ്ടെടുക്കാനുള്ള യാത്രയ്ക്കിടയില്‍ രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ശ്രീരാമചന്ദ്ര ഭഗവാനും, വാനരസേനയും കൂടിച്ചേര്‍ന്ന് സമുദ്രത്തിനു കുറുകേ സേതുബന്ധനം നടത്തിയതിന്റെ ഓര്‍മ്മക്കായി എല്ലാവര്‍ഷവും സേതുബന്ധനച്ചടങ്ങുകള്‍ നടത്തപ്പെടുന്ന ഭൂമിയിലെ ഒരേ ഒരു സ്ഥലമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ചിറ. തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും 3 കി.മീ. ദൂരത്തില്‍, വടക്കുകിഴക്കുഭാഗത്താണ് ചെമ്മാപ്പിള്ളി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ഉള്ള ദൂരം തുല്യമാണ്. തീവ്രാനദി, നന്തിയാര്‍, ശ്രീപ്രിയയാര്‍ എന്നെല്ലാം അറിയപ്പെടുന്ന, തൃപ്രയാറപ്പന്റെ പാദാരവിന്ദങ്ങളെത്തഴുകി ഒഴുകുന്ന തൃപ്പാദയാറിനും (കനോലികനാല്‍) ശ്രീരാമന്‍ചിറയ്ക്കും ഇടയ്ക്കുള്ള പ്രദേശമാണ് ചെമ്മാപ്പിള്ളി.

താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജലസംഭരണിയാണ് ശ്രീരാമന്‍ ചിറയെന്നറിയപ്പെടുന്ന 900 പറ പാടശേഖരം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം നടത്തുന്നതും, ശ്രീരാമചന്ദ്രഭഗവാന്‍ നേരിട്ടു നടത്തിയ സേതുബന്ധന ച്ചടങ്ങിനെ അനുസ്മരിക്കുന്നതിനാലുമാണ് ഈ പാടശേഖരത്തിന് ശ്രീരാമന്‍ ചിറയെന്നു പേര്‍ ലഭിച്ചത്. ആചാരപ്പെരുമയോടെ, ആഘോഷത്തോടെ ചിറകെട്ടി വെള്ളം ശേഖരിച്ചിരുന്ന സമയത്ത് ഈ പ്രദേശത്ത് ശുദ്ധജലക്ഷാമം ഉണ്ടായിരുന്നില്ല. കടുത്ത വേനലില്‍പ്പോലും ഇവിടുത്തെ കുളങ്ങളും കിണറുകളും ജലസമൃദ്ധമായിരുന്നു. ശ്രീരാമന്‍ചിറ, പെരിങ്ങോട്ടുകരപ്പാടം, കണ്ണന്‍ ചിറ എന്നിങ്ങനെയുള്ള മൂന്ന് തൊള്ളായിരം പറ വീതമുള്ള പാടശേഖരം തൃപ്രയാര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ശ്രീരാമന്‍ ചിറയില്‍ ഒരുപ്പൂ കൃഷിയും മറ്റു രണ്ടു പാടശേഖരങ്ങളില്‍ ഇരുപ്പൂ കൃഷിയും ആണ് നടന്നിരുന്നത്. വേനലില്‍ നടക്കുന്ന കൃഷിയ്ക്ക് ജലസംഭരണിയായി ശ്രീരാമന്‍ ചിറയെ ഉപയോഗിച്ചിരുന്നു. ഒരു പ്രാവശ്യം മാത്രമേ കൃഷിയുള്ളൂവെങ്കിലും ഒരു വര്‍ഷത്തേയ്ക്കുള്ള നെല്ല് ഇവിടെ നിന്നും ലഭിച്ചിരുന്നു.

കന്നിമാസത്തിലെ തിരുവോണദിനത്തില്‍ ശ്രീരാമന്‍ചിറ പാടശേഖരത്തിന് കുറുകേ ചിറകെട്ടുന്ന ചടങ്ങ്, ഇവിടെ വളരെ ഉത്സാഹത്തോടെ ചിറകെട്ടോണമായി ആഘോഷിച്ചു വരുന്നു. ഈ പ്രദേശങ്ങളില്‍ (തൃപ്രയാര്‍) തേവരുടെ ഓണം എന്നുകൂടി ഈ ആഘോഷം അറിയപ്പെട്ടിരുന്നു. അന്നേദിവസം പുലര്‍ച്ചെ 3 മണിയ്ക്ക് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിയമവെടി കേള്‍ക്കുമ്പോള്‍, ശ്രീരാമന്‍ചിറയില്‍ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചു വയ്ക്കുന്നതോടെയാണ് ചിറകെട്ടോണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. അതിനുശേഷം തൃക്കാക്കരയപ്പനു മുന്നിലിരുന്ന്, ചിറകെട്ട് ചടങ്ങ് നടത്തുന്നതു വരെ (വൈകുന്നേരം വരെ) ചെണ്ടകൊട്ട് തുടരുന്നു. പുലര്‍ച്ചെയുള്ള ഈ ചെണ്ടകൊട്ട് കേള്‍ക്കുമ്പോഴാണ് ചെമ്മാപ്പിള്ളി – പെരിങ്ങോട്ടുകര പ്രദേശങ്ങളിലുള്ളവര്‍ വീടുകളിലും തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചു വയ്ക്കുന്നത്. വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതിനു ശേഷം പൂവടയ്ക്ക് പുറമേ അരി, പയര്‍ എന്നിവ വറുത്തതും പ്രത്യേകമായി നിവേദിച്ചിരുന്നു.

ശ്രീരാമന്‍ചിറ പാടശേഖരത്തിന്റെ തെക്കേ അറ്റത്താണ് ബണ്ട് നിര്‍മ്മിച്ചിരുന്നത്. ചിറ നിര്‍മ്മിക്കുന്നതിനുള്ള മണ്ണ്, മുള, ഓല, മറ്റ് അനുബന്ധ വസ്തുക്കള്‍ തുടങ്ങിയവയെല്ലാം തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നാണ് നല്‍കി വന്നിരുന്നത്. അവയെല്ലാം. എത്തിക്കുന്നതിനും മറ്റുമായി നിരവധി തൊഴിലാളികള്‍ ഇവിടെ പണിയെടുത്തിരുന്നു.

ആവണേങ്ങാട്ട് കളരിയിലെ (പെരിങ്ങോട്ടുകരയിലുള്ള പുരാതന ചാത്തന്‍ ക്ഷേത്രമാണിത്) കാരണവന്മാര്‍ കൊണ്ടുവന്നിരുന്ന പറയ സമുദായത്തില്‍പ്പെട്ടവരായിരുന്നു ആദ്യകാലത്ത് ചിറകെട്ടിയിരുന്നത്. ചിറകെട്ടുന്നതിനും മാസങ്ങള്‍ക്കുമുമ്പേ അവര്‍ ആയതിനുള്ള സാധനസാമഗ്രികള്‍ എത്തിച്ച് ഇതിനു സമീപം എല്ലാവരും കൂടി താമസിക്കുകയായിരുന്നു അവരുടെ പതിവ്. കെട്ടിയ ചിറ ഉറയ്ക്കുന്നതിനായി ഇവിടെ നരബലി നടന്നിരുന്നതായി പറയപ്പെടുന്നു. അവസാനമായി ബലിനല്‍കിയത് ചേന്നന്‍ എന്ന പറയ(സാംബവ) സമുദായാംഗത്തെ ആയിരുന്നുവെന്നും, ചേന്നനെ ബലിനല്‍കിയ ഈ സ്ഥലത്തെ ചേന്നന്‍കോള്‍ എന്നു വിളിച്ചു വന്നു എന്നുമാണ് പറയപ്പെടുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ മുമ്പു വരെ ചേന്നന്‍ കോള്‍എന്നറിയപ്പെട്ട സ്ഥലമാണ് ഇപ്പോള്‍ ചെമ്മാപ്പിള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നീട് അവര്‍ അവകാശം ഉപേക്ഷിച്ചു പോയപ്പോള്‍ ചിറകെട്ട് മുടങ്ങാതിരിക്കുന്നതിനായി തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ഊരായ്മ ഇല്ലങ്ങളിലൊന്നായ ചെമ്മാപ്പിള്ളി പുന്നപ്പിള്ളിമനയിലെ കാരണവന്മാര്‍ കൊണ്ടുവന്ന് ഇല്ലപ്പറമ്പില്‍ താമസിപ്പിച്ച വേട്ടുവസമുദായക്കാരുടെ പിന്മുറക്കാര്‍ക്കാണ് ഇപ്പോള്‍ ചിറകെട്ടുന്നതിനുള്ള അവകാശമുള്ളത്.

ചിറകെട്ടിയതിന്റെ പിറ്റേന്നുമുതല്‍ ഇടവപ്പാതിവരെ എല്ലാദിവസവും സന്ധ്യയ്ക്ക് സേതുബന്ധനത്തിന്മേല്‍ വിളക്കു വച്ചിരുന്നു. ഒന്നര നൂറ്റാണ്ടു മുന്‍പ് നടന്നിരുന്ന വിളക്ക് വയ്പ്, വീണ്ടും തുടങ്ങിയത് 1189 വൃശ്ചികത്തിലെ തൃക്കാര്‍ത്തിക മുതലാണ്. ഇപ്പോള്‍ എല്ലാ മലയാളമാസം ഒന്നാം തീയ്യതിയും തൃപ്രയാര്‍ ക്ഷേത്രത്തിലെ വിശേഷദിവസങ്ങളിലുമാണ് ഇത് നടന്നു വരുന്നത്.

ശ്രീരാമന്‍ ചിറയില്‍ ചിറകെട്ടുന്നതിനായി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദീപാരാധനയും അത്താഴപൂജയും നേരത്തേത്തന്നെ കഴിഞ്ഞ്, ക്ഷേത്രനട നേരത്തേ അടക്കുന്നു. അതിനുശേഷം ദേവസ്വം ശ്രീകാര്യം (ഇപ്പോള്‍ ദേവസ്വം മാനേജര്‍), ഒരു ശാന്തിക്കാരന്‍ എന്നിവര്‍ മറ്റ് ക്ഷേത്ര ജീവനക്കാര്‍ക്കൊപ്പം ചിറകെട്ട് നടക്കുന്ന സ്ഥലത്ത് ചെന്ന് അനുമതി നല്‍കിയതിനു ശേഷമാണ് ചിറകെട്ട് ആരംഭിക്കുന്നത്.
ക്ഷേത്രനട അടച്ചതിനു ശേഷം തൃപ്രയാര്‍ തേവര്‍ മുതലപ്പുറത്ത് കയറി ചിറകെട്ടുന്നതിനു വേണ്ടി ശ്രീരാമന്‍ ചിറയില്‍ എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് വിഷ്ണുമായ മുതലായ അംഗരക്ഷകരാണത്രേ ക്ഷേത്രത്തിനു കാവല്‍ നില്‍ക്കുന്നത്. ആയതിനാല്‍ അന്നേദിവസം നടയടച്ചു കഴിഞ്ഞതിനു ശേഷം മനുഷ്യരാരും തൃപ്രയാര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് നിഷ്ഠയുണ്ട്. പിറ്റേന്ന് നട തുറക്കുന്ന സമയമാകുമ്പോഴാണ് തേവര്‍ തിരിച്ചെത്തുന്നത്. അന്ന് നടയടച്ചതിനു ശേഷം കിഴക്കേനടയിലെ മീനൂട്ട് കടവില്‍ നിലവിളക്ക് കത്തിച്ചു വയ്ക്കുണമെന്നും ഒരു ആചാരം ഉണ്ട്.

ചിറകെട്ടു ദിവസം തൃപ്രയാര്‍ ക്ഷേത്രനട അടക്കുന്ന സമയത്ത്, ക്ഷേത്രത്തിന്റെ മീനൂട്ട് കടവില്‍ (കനോലിപ്പുഴയില്‍) അസാധാരണമായ തിരയിളക്കം കാണാന്‍ സാധിക്കാറുണ്ടെന്ന്, തൃപ്രയാര്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി നകര്‍ണ്ണ് മനക്കല്‍  പരമേശ്വരന്‍ നമ്പൂതിരിപ്പാടടക്കമുള്ള പൂര്‍വ്വികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (അദ്ദേഹം 2004 ലെ പൂരം പുറപ്പാട് സമയത്ത് സ്വര്‍ഗ്ഗസ്ഥനായി). ചിറകെട്ടുന്ന അന്ന് പെയ്യുന്ന മഴയില്‍ ശ്രീരാമന്‍ചിറ നിറയുമെന്നാണ് വിശ്വാസം. ആ വിശ്വാസം തെറ്റാതെ കാലം കാത്തു സൂക്ഷിച്ചിട്ടുമുണ്ട്.

ചിറകെട്ടിയതിനു ശേഷം പ്രസ്തുതസ്ഥാനത്ത് വെള്ളയും കരിമ്പടവും വിരിച്ച് താമ്പൂലമടക്കം ഉള്ള വസ്തുക്കള്‍ വയ്ചു വന്നിരുന്നുവെന്നത്, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം ഊരാളനും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ മുരിയംകുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ ശ്രീ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയോട് അന്നത്തെ ഊരാളനും,  പ്രസിദ്ധ ബാലചികിത്സകനുമായിരുന്ന, യശഃശ്ശരീരനായ പിതാവ് ബ്രഹ്മശ്രീ പുന്നപ്പിള്ളിമന രാമന്‍ നമ്പൂതിരി പകര്‍ന്നു നല്‍കിയ അറിവാണ്. ആദ്യകാലത്ത് കന്നിയിലെ തിരുവോണത്തിന്റെ തലേന്നുരാത്രി ചിറക്കെട്ടിനുള്ള ഒരുക്കങ്ങളുമായി വാദ്യഘോഷത്തോടെ രാമമന്ത്രമുരുവിട്ട് അവകാശികള്‍ അവരുടെ ഇല്ലപ്പറമ്പില്‍ നിന്നുമായിരൂന്നു പുറപ്പെട്ടിരുന്നത്.

2013-ല്‍ ചിറകെട്ടിയതിനുശേഷം ആദ്യംപെയ്ത മഴയില്‍ ചിറ നിറഞ്ഞപ്പോള്‍.
2013-ല്‍ ചിറകെട്ടിയതിനുശേഷം ആദ്യംപെയ്ത മഴയില്‍ ചിറ നിറഞ്ഞപ്പോള്‍.

ചിറകെട്ടുദിവസത്തിനു പുറമേ, ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനു മാത്രമാണ് തൃപ്രയാര്‍ ക്ഷേത്രനട നേരത്തേ അടയ്ക്കുന്നത്.  ഇതില്‍ നിന്നും ചിറകെട്ടുന്ന ചടങ്ങിന്റെ പവിത്രതയും പ്രാധാന്യവും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ആയിരത്തഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള തൃപ്രയാര്‍ ക്ഷേത്രത്തിന്റെ അത്രയും തന്നെ പഴക്കം ശ്രീരാമന്‍ചിറ കെട്ടുന്നതിനും, ചിറകെട്ടോണത്തിനും ഉണ്ടെന്നുള്ളത് തര്‍ക്കത്തിനിടയില്ലാതെ ഉറപ്പിച്ചു പറയാവുന്ന കാര്യമാണ്.

ഹിന്ദു സമൂഹത്തിലെ എട്ട് സമുദായങ്ങളില്‍ നിന്നുള്ളവരൂടെ സഹകരണം ഈ ചടങ്ങിനാവശ്യമായിട്ടുണ്ട്. ചിറകെട്ടുന്നതിനുള്ള അവകാശം വേട്ടുവ സമുദായത്തിനും, ചിറകെട്ടിയതിനു ശേഷം പടിഞ്ഞാറു ഭാഗത്തുള്ള കൊട്ടാരവളപ്പില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് നമ്പൂതിരിയും, നാഴി അല്ലെങ്കില്‍ ഇടങ്ങഴി വയ്ക്കുന്നതിന് ആശാരിയും, ഇരുമ്പുകത്തി സമര്‍പ്പിക്കുന്നതിനായി കരുവാനും, മോതിരം സമര്‍പ്പിക്കുന്നതിനായി തട്ടാനും, മാറ്റും വെള്ളയും കരിമ്പടവും കൊണ്ടു വരുന്നതിനായി വെളുത്തേടത്ത് നായരും, നെല്ലും കാഴ്ചക്കുലയും സമര്‍പ്പിക്കുന്നതിനായി നായരും, കൊട്ടാരപ്പറമ്പിലെ പൂജാദ്രവ്യങ്ങളൊരുക്കുന്നതിനും തോരണമിട്ട് അലങ്കരിക്കുന്നതിനൂമായി ഈഴവരും എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും കല്‍പ്പിച്ചു നല്‍കിയിട്ടുള്ള ചുമതലകള്‍. ഇതിനു പുറമേ, കൊട്ടാരവളപ്പില്‍ സമര്‍പ്പിക്കൂന്ന നെല്ല് കുത്തി അരിയാക്കി, അതുപയോഗിച്ചുള്ള നിവേദ്യം പിറ്റേന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഭഗവാന് സമര്‍പ്പിക്കുകയും വേണം. അതുപോലെ മറ്റ് സമര്‍പ്പിത വസ്തുക്കളും ക്ഷേത്രത്തില്‍ കൊണ്ടുപോയി ശ്രീകോവിലില്‍ ഭഗവാന്റെ സമീപത്ത് വയ്ക്കണമെന്നും ഉണ്ടത്രേ.

സേതുബന്ധന സമയത്ത് വെള്ളത്തില്‍ മുങ്ങി, കടല്‍ത്തീരത്തെ മണ്ണില്‍ക്കിടന്നുരൂണ്ട് ആ മണ്ണ് തന്റെ ദേഹത്തു നിന്നും കുടഞ്ഞ് താഴെയിട്ട് ചിറകെട്ടുന്നതിന് സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍ക്കാനെന്നവണ്ണം, ഒരു പിടി മണ്ണ് വാരിയിട്ട് ചിറകെട്ടുന്നതിന് സഹായിക്കുന്ന എല്ലാവര്‍ക്കും നെല്ല് അളന്നുനല്‍കി പ്രാതിനിധ്യം ഇല്ലാത്തവരുടെ കൂടി സഹകരണം ക്ഷേത്രഭരണകര്‍ത്താക്കള്‍ ഉറപ്പാക്കിയിരുന്നു. ചിറകെട്ട് സമയത്ത് ആയതില്‍ പങ്കെടുക്കുവാന്‍ സാധിക്കാതിരുന്നവര്‍, പിന്നീട് ചിറകെട്ടിലെത്തി ഒരുപിടി മണ്ണ് വാരിയിടാറുണ്ട്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം ഇവിടെയെത്തി, സ്വന്തം ഗൃഹത്തില്‍ നിന്നോ ചിറയുടെ സമീപത്തു നിന്നോ എടുത്ത ഒരുപിടി മണ്ണാണ് ഇത്തരത്തില്‍ സേതുബന്ധനത്തില്‍ സമര്‍പ്പിക്കാറുള്ളത്. അന്യം നിന്നുപോയ ഈ ചടങ്ങ് സേതുബന്ധന വന്ദനം എന്ന പേരില്‍, തൃപ്രയാര്‍ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി, വടിതല്ല്, കാളകളി തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ ചിറക്കെട്ടുത്സവത്തില്‍ അവതരിപ്പിച്ചവര്‍ക്കുള്ള ദേവസ്വം അവകാശവും നല്‍കിയിരുന്നു. വിവിധ വസ്തുക്കള്‍ സമര്‍പ്പണം നടത്തിയവര്‍ക്കും, ചിറകെട്ടില്‍ പങ്കെടുത്തവര്‍ക്കും, കളിക്കാര്‍ക്കും ഉള്ള അവകാശം വിതരണം ചെയ്യുന്നത് കൊട്ടാരവളപ്പില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ വച്ചാണ്. ഇന്നത്തെപ്പോലെത്തന്നെ ദേവസ്വം ശ്രീകാര്യം നേരിട്ട് വന്നിട്ടായിരുന്നു എല്ലാവര്‍ക്കുമുള്ള അവകാശങ്ങള്‍ വിതരണം ചെയ്തിരുന്നത്.

ഈഴവാദി പിന്നോക്ക സമുദായങ്ങളടക്കം ഇത്രയധികം സമുദായങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതായ ആചാരപ്പെരുമയോടു കൂടിയുള്ള ചടങ്ങുകള്‍ വേറെ മഹാക്ഷേത്രങ്ങളിലൊന്നും തന്നെ കാണാന്‍ സാധിക്കില്ലെന്നുള്ളത് എടുത്തു പറയേണ്ടകാര്യമാണ്. കൂടാതെ ആറാട്ടുപുഴ ദേവമേള ദിവസം, തൃപ്രയാര്‍ തേവര്‍ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശേഷം, പൂരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു തൊട്ടു മുമ്പായി ചിറകെട്ട്ചടങ്ങില്‍ പങ്കെടുക്കുന്ന ആശാരി, കരുവാന്‍, തട്ടാന്‍ സമുദായംഗങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഒരു ചടങ്ങുണ്ട്. പ്രസ്തുത അവകാശം ക്ഷേത്രത്തിനകത്തു വച്ചു തന്നെയാണ് നല്‍കി വരുന്നത്. തൃപ്രയാര്‍ തേവര്‍ കല്‍പ്പിച്ചു നല്‍കിയ ഈ അവകാശം സ്വീകരിക്കുന്നത് പുണ്യമായി അവകാശികള്‍ കരുതി വരുന്നു. തൃപ്രയാര്‍ ക്ഷേത്രം പണിയുന്നതിനായി എത്തിയവരാണ് ഈ സമുദായാംഗങ്ങളുടെ മുന്‍ തലമുറ. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും കല്‍പ്പിച്ചു നല്‍കിയ തറവാട്ടുപേരുകളാണ് ഇവര്‍ ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.

ആചാരങ്ങള്‍ മുറതെറ്റാതെ ഈ ചടങ്ങുകളെല്ലാം നടത്തി വന്നിരുന്നതാകട്ടെ ചിറകെട്ടി തുലാവര്‍ഷ ജലം ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മഴക്കാലം തീരുന്നതോടെ (നവംബര്‍ മാസത്തില്‍) തൃപ്പാദയാറെന്നറിയപ്പെടുന്ന കനോലിപ്പുഴയില്‍ ഉപ്പുവെള്ളം കയറി ഉപയോഗയോഗ്യമല്ലാതാകാറാണ് പതിവ്. ആ സമയത്ത് കനോലികനാലിന്റെ തീരത്ത് താമസിക്കുന്നവരുടെ കിണറുകളും, കുളങ്ങളുമെല്ലാം ഉപ്പുരസമുള്ള വെള്ളത്താല്‍ നിറയുന്നതിനാല്‍ അവര്‍ക്ക് മറ്റു ജലസ്രോതസ്സുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ശ്രീരാമന്‍ ചിറയില്‍ വെള്ളം നിറഞ്ഞിരുന്ന സമയത്ത് ഈ പ്രശ്‌നമേ ഇല്ലായിരുന്നു. അന്ന് കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും വലിയ ആശ്രയമായിരുന്നു ശ്രീരാമന്‍ ചിറ.

ജലസമൃദ്ധമായിരുന്ന പോയകാലത്തിന്റെ സ്മരണയായി ഒരു ഓര്‍മ്മത്തെറ്റു പോലെ രണ്ട് കുളിക്കടവുകളും ഇന്നും ശ്രീരാമന്‍ ചിറയുടെ ബണ്ടിന്മേല്‍ ഉണ്ട്. മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്നവരും ശ്രീരാമന്‍ ചിറയെ ആശ്രയിച്ചിരുന്നു. നാടന്‍ ശുദ്ധജല മത്സ്യങ്ങളാല്‍ സമൃദ്ധമായിരുന്നു ശ്രീരാമന്‍ ചിറ. ചിറകെട്ടി വെള്ളം സംഭരിക്കുന്നത് നിലച്ചതോടെ പലതരം മത്സ്യങ്ങളും അന്യം നിന്നു പോയിട്ടുണ്ട്. (1968 വരെ ചിറകെട്ടി വെള്ളം സംഭരിച്ചിരുന്നു. പിന്നീട് ചിറകെട്ട് പ്രതീകാത്മകമായി മാറി. ബണ്ട് നിര്‍മ്മാണം താന്ന്യം പഞ്ചായത്ത് ആണ് നടത്തുന്നത്. ഇപ്പോള്‍ മൂന്നര അടി വെള്ളം മാത്രമാണ് ശ്രീരാമന്‍ ചിറ തോട്ടില്‍ സംഭരിക്കപ്പെടുന്നത്)

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര ശ്രീരാമന്‍ചിറയിലെത്തി മണ്ണ് അര്‍പ്പിച്ച് പൂജ നടത്തിയപ്പോള്‍.
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര ശ്രീരാമന്‍ചിറയിലെത്തി. രഥയാത്ര ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ ശ്രീരാമന്‍ചിറയില്‍ മണ്ണ് അര്‍പ്പിച്ച് പൂജ നടത്തുന്നു.

റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ്ങും, മഴക്കുഴികളുമെല്ലാം നമ്മുടെ ഭരണകര്‍ത്താക്കള്‍ ചിന്തിച്ചു തുടങ്ങുന്ന ഇക്കാലത്ത് , ബണ്ടു നിര്‍മ്മിച്ച് ജലം സംഭരിക്കാതെ കിടക്കുന്ന ഈ പാടശേഖരം നമുക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമാവുകയാണ്. ആ ജലം ഉപയോഗിച്ച് തൃപ്രയാര്‍ ക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന കണ്ണന്‍ ചിറ, പെരിങ്ങോട്ടുകരപ്പാടം എന്നീ പാടശേഖരങ്ങളില്‍ കൃഷി നടന്നിരുന്നു എന്നതും മറക്കാനാവുന്നതല്ല. സ്വയം പര്യാപ്തമായിരുന്ന, ജല സമൃദ്ധമായിരുന്ന ഒരുപ്രദേശത്തിന്റെ തനിമയെ നിലനിര്‍ത്താന്‍, ഒരു ജനതെയെ സംരക്ഷിക്കാന്‍ ഒരു ക്ഷേത്രം എത്രമാത്രം ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി ശ്രീരാമന്‍ ചിറ നില്‍ക്കുന്നു. ഭഗവാന്‍ ചിറകെട്ടിയതിന്റെ ഓര്‍മ്മക്കായി എല്ലാക്കൊല്ലവും ചിറകെട്ട് നടക്കുന്ന  ഒരേഒരിടം എന്ന ബഹുമാനവുമായി, പുരുഷന്‍ (മനുഷ്യന്‍) പ്രകൃതിയെ (കാര്‍ഷികസംസ്‌കൃതിയെ) വീണ്ടെടുക്കാന്‍ നടത്തുന്ന പ്രയത്‌നമാണിതെന്ന ഓര്‍മ്മപ്പെടുത്തലുമായി. നമ്മുടെ പൂര്‍വ്വികര്‍, പ്രത്യേകിച്ചും ഒരു ക്ഷേത്രം, ഒരു സാധാരണക്കാരന്റെ അടിസ്ഥാനാവശ്യമായ ജലത്തിനു വേണ്ടി എങ്ങിനെ പ്രകൃതിയോട് ഇടപഴകി? ജനങ്ങളുടെ ആവശ്യത്തിന്എത്രമാത്രം ശ്രദ്ധ ചെലുത്തി? എല്ലാം പുതിയ തലമുറയോട് വിളിച്ചറിയേക്കേണ്ട ചുമതല നമുക്കില്ലേ?

ഇ. പി. ഗിരീഷ് (ഏറാത്ത്, ചെമ്മാപ്പിള്ളി)
ഇ. പി. ഗിരീഷ്
(ഏറാത്ത്, ചെമ്മാപ്പിള്ളി)
Mobile: 9961339949
Facebook: Gireesh Earattu Chemmappilly


ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies